വിവിധ ദേവീ സ്വരൂപങ്ങളിൽ മുഖ്യ ലളിതാ ദേവിയാണെന്നു പറയുന്നു ത്രിപുരാരഹസ്യത്തിലെ ജ്ഞാനകലികാ സ്തോത്രം ..തഥാ താസു മൂർത്തിഷ്വനേകാസു മുഖ്യാ ധനുർബാണ പാശാങ്കുശാഢ്യൈവ മൂർത്തിഃ. ഓഢ്യാണ പീഠത്തിൽ ഉദ്ഭവം കൊണ്ട ഈ വിദ്യാസമ്പ്രദായം അവിടെ നിന്ന് ദക്ഷിണ ഭാരതത്തിലേയ്ക്കും പിന്നീട് ഉത്തരഭാരതത്തിലേക്കും വ്യാപിച്ചു. പരശുരാമ കല്പസൂത്രം, പരമാനന്ദ തന്ത്രം, വാമകേശ്വര തന്ത്രം, ഗന്ധർവതന്ത്രം, ത്രിപുരാർണ്ണവം, ശ്രീ വിദ്യാർണ്ണവ തന്ത്രം, തന്ത്ര രാജതന്ത്രം, ശക്തി സംഗമ തന്ത്രത്തിലെ ത്രിപുരാ ഖണ്ഡം, ജ്ഞാനദീപ വിമർശിനി, ശ്രീ തത്വചിന്താമണി, ത്രിപുരാരഹസ്യം, ലളിതോപാഖ്യാനം, ദക്ഷിണാമൂർത്തി സംഹിതാ, ശ്രീ ചക്ര നിരൂപണം തുടങ്ങി ഒട്ടനേകം ഗ്രന്ഥങ്ങളും ലളിതാ സഹസ്രനാമം, ലളിതാ ത്രിശതി, ലളിതാസ്തവ രത്നം, ശക്തി മഹിമ്നാ സ്തോത്രം, ലളിതാഅഷ്ടോത്തരശതം, ദിവ്യ മംഗളാ സ്തോത്രം എന്നിങ്ങനെ അസംഖ്യം സ്തോത്രങ്ങളും കവചങ്ങളും ഈ ഉപാസനാ ശാഖയ്ക്ക് മുതൽക്കൂട്ടായുണ്ട്. ഭാവനോപനിഷദ്, ത്രിപുരോപനിഷത്, ത്രിപുര താപിന്യുപനിഷത് എന്നിവ വേറെയും.
കല്പസൂത്രത്തിന് പ്രകരണ ഗ്രന്ഥമായി എഴുതപ്പെട്ടതാണ് നിത്യോത്സവം. മറ്റു പല ഗ്രന്ഥങ്ങളിലും ഈ ശാസ്ത്രസംബന്ധിയായി പലതും സമാഹരിക്കപ്പെട്ടിട്ടുണ്ട്.
ഉപാസനാ ചര്യയിൽ പ്രസ്ഥാനത്രയം എന്നറിയപ്പെടുന്നത് മന്ത്രം, പൂജാ, സ്തോത്രം എന്നിവയാണ്. ഈ മൂന്ന് വിഭാഗത്തിലും സാധകോത്തമർക്ക് മാർഗ്ഗ ദർശകമായി ശ്രീ വിദ്യാസമ്പ്രദായത്തിന് നെടും തൂണായി തീർന്ന ആചാര്യനാണ് ഭാസുരേന്ദ്ര നാഥൻ അഥവ ഭാസ്കരരായ മഖി. മന്ത്ര ശാഖയിൽ വരിവസ്യാ രഹസ്യം അതിന് സ്വന്തം പ്രകാശിനി വ്യാഖ്യാനം, പൂജാ വിഭാഗത്തിൽ വാമകേശ്വര തന്ത്രം അഥവാ നിത്യാ ഷോഡശികാർണ്ണവം എന്ന ഗ്രന്ഥത്തിന് സേതുബന്ധം എന്ന വ്യാഖ്യാനം സ്തോത്ര ശാഖയിൽ ലളിതാ സഹസ്രനാമത്തിന് സൌഭാഗ്യ ഭാസ്കരം എന്ന വ്യാഖ്യാനം എന്നിവ രചിച്ച് സാധകരെ ശ്രീ ദേവ്യുപാസനാ മാർഗ്ഗത്തിൽ അദ്ദേഹം മുന്നോട്ട് നയിച്ചു.
കർണ്ണാടകത്തിൽ ബീജപ്പൂർ സുൽത്താൻറെ മന്ത്രിയായിരുന്ന ഗംഭീരരായ ദീക്ഷിതനായിരുന്നു പിതാവ്. ആത്മീയകാര്യങ്ങളിൽ തല്പരനായിരുന്ന സുൽത്താന് മഹാഭാരതത്തിൻറെ പേർഷ്യൻ വിവർത്തനം ചെയ്തു നല്കിയയതിനാൽ വംശത്തിന് ഭാരതി എന്ന സ്ഥാനം നല്കി സുൽത്താൻ. യാഗങ്ങളും ചെയ്തിട്ടുള്ള ഗംഭീരരായ ഭാരതി വിഷ്ണു സഹസ്രനാമത്തിന് പദ്യ പ്രസൂന പുഷ്പാഞ്ജലി എന്നൊരു ടീകയും രചിച്ചിട്ടുണ്ട്. അമ്മ കോനമാംബാ.
യാത്രയിൽ ഭാവനഗരത്തിൽ (ഹൈദരാബാദ്) ഭാസ്ക്കരൻറെ ജനനം.ബാല്യത്തിൽ തന്നെ സാരസ്വത ഉപാസനയാൽ ശാസ്ത്രങ്ങളിലും കലകളിലും പ്രാവീണ്യം നേടിയിരുന്നതായും രാജസഭയിൽ പണ്ഡിതരുടെ ചോദ്യങ്ങൾക്ക് യുക്തിപൂർവ്വം മറുപടി നല്കുന്നതിനുള്ള പ്രതിഭ പ്രകടിപിച്ചിരുന്നതായും നിത്യോത്സവ കർത്താവായ ശിഷ്യൻ ജഗന്നാഥ പണ്ഡിതൻ ഭാസ്കരവിലാസം കാവ്യത്തിൽ രേഖപ്പെടുത്തുന്നു. വാരണാസിയിൽ ഉപനയനവും ലോകപല്ലീ നിവാസിയായ നരസിംഹാദ്ധ്വരി ചരണങ്ങളിൽ അദ്ധ്യയനവും.ഗുരുപുത്രൻ ശ്രീ.സ്വാമിശാസ്ത്രിയോടൊപ്പം ചേർന്ന് പൂർവ്വമീമാംസാ വാദാകുതൂഹലം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കയ്യെഴുത്തു പ്രതി സരസ്വതീഭവന ഗ്രന്ഥശാലയിൽ ലഭ്യമാണ്.ഗംഗാധര വാജ്പേയിയിൽ നിന്നും ന്യായശാസ്ത്രം രുക്മണ്ണാ പണ്ഡിതനിൽ നിന്നും ഛന്ദോശാസ്ത്രം എന്നിവ അഭ്യസിച്ചു.മറ്റു പലരിൽ നീന്നും വിവിധ ശാസ്ത്രങ്ങളിൽ അവഗാഹം നേടി.അപ്പയ്യ ദീക്ഷിതരിൽ നിന്ന് ശൈവോപാസനാരഹസ്യങ്ങളും അഭ്യസിച്ചു. നൃസിംഹാദ്ധ്വരി ഗുരുവിനാൽ അയച്ചതനുസരിച്ച് ശിവദത്തശുക്ല ചരണങ്ങളിൽ നിന്ന് പൂർണ്ണദീക്ഷയും നേടി.
ശാസ്ത്രാർത്ഥവിചാരത്താലും രാജസമ്മാനങ്ങളാലും വിജയശ്രീലാളിതനായിരുന്നു അദ്ദേഹം എന്ന് ജഗന്നാഥ പണ്ദിതൻ സാക്ഷ്യപ്പെടുത്തുന്നു. മാധ്വ സന്ന്യാസിയായിരുന്ന വല്ലഭാചാര്യനെ തോൽപ്പിച്ചതും കാവേരിയുടെ ഗതി മാറ്റിയതും ഭാസ്കരവിലാസം വർണ്ണിക്കുന്നുണ്ട്.
കൌളോപനിഷദ്,ത്രിപുരോപനിഷദ്,ഭാവനോപനിഷദ് എന്നിവയ്ക്ക് ഭാഷ്യവും തൃചഭാസ്കരം എന്ന വൈദിക പ്രയോഗ ഗ്രന്ഥവുമടക്കം എഴുപത്താറോളാം ഗ്രന്ഥങ്ങൾ രചിച്ചു.1675—1768 ആയിരുന്നു ജീവിതകാലമെന്ന് പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു.1728 -ൽ സൌഭാഗ്യഭാസ്കരവും 1733 സേതുബന്ധവും 1741-ൽ സപ്തശതിയ്ക്ക് ഗുപ്തവതീ എന്ന ടീകയും രചിച്ചു.
ഭാരതവർഷത്തിൽ ഉടനീളം സഞ്ചരിച്ച് യാഗങ്ങൾ ചെയ്തും യോഗ്യരെ ശിഷ്യരാക്കിയും ധർമ്മവും സമ്പ്രദായവും പാലിച്ച് മദ്ധ്യാർജ്ജ്യുനക്ഷേത്രതിൽ [തിരുവിഡൈ മരുത്തൂർ-കുംഭകോണം] നിർവ്വാണം പ്രാപിച്ച ഭാസ്കരജ്യോതി ശ്രീ വിദ്യോപാസകർക്ക് സമ്പ്രദായ ഭേദമെന്യെ മാർഗ്ഗദർശിയായും സ്വപരമ്പരയുടെ അനുഗ്രഹ സ്രോതസ്സായും നിലകൊള്ളുന്നു.
ശ്രീവിദ്യാ സമ്പ്രദയങ്ങളിൽ രാമേശ്വരം പരമ്പരയിലെ കേരളത്തിലെ ആദ്യ ഗുരുവായ ശ്രീ പ്രഭാകര മന്നാടിയാരുടെ പുർണ്ണദീക്ഷിതനായ ശിഷ്യനാണ് ലേഖകൻ. 1987ൽ പൂർണ്ണ ദീക്ഷ ലഭിച്ചത് മുതൽ ഉള്ള ഏകാഗ്ര സാധന, പതിറ്റാണ്ടുകൾ തുടർച്ചയായി നിത്യ നവാവരണ പൂജ, മുടക്കം കൂടാതെ പർവ്വ പൂജ, അങ്ങിനെ സംപൂർണ്ണ ശ്രീവിദ്യാ സപര്യയുടെ ഉജ്വലമായ പാരമ്പര്യം.
0 Comments