ശാരദ - ശരന്നവരാത്രിയിലെ വാഗ്ദേവത

Back

സച്ചിൻ എസ്

Author

മറ്റെന്തിനേക്കാളുമേറെ അറിവിനു പ്രാധാന്യം കൊടുത്ത നാടാണു ഭാരതം. അറിവാകട്ടെ, നമുക്ക് അക്ഷരമാണ്. ക്ഷരമില്ലാത്ത അക്ഷരങ്ങൾ നല്കുന്ന അറിവ് ഈ നാടിനേയും അക്ഷരമാക്കി (നാശമില്ലാത്തതാക്കി) നിലനിർത്തുന്നു. അങ്ങനെയാകുമ്പോൾ നാശമില്ലാത്ത ഒന്നുകൊണ്ടു തന്നെ വേണമല്ലോ ഈ നാടിന് അതിരു കെട്ടാൻ. അതിനും നമ്മൾ അക്ഷരങ്ങളെ തന്നെ സ്വീകരിച്ചു. 51 അക്ഷരങ്ങളെ ചേർത്തുവച്ച് 51 ശക്തിപീഠങ്ങളുണ്ടാക്കി നമ്മൾ ഈ രാഷ്ട്രശരീരത്തെ ഉരുവാർത്തു. അക്ഷരങ്ങളാകുന്ന ശക്തികൾ ഇരിക്കുന്ന ആ ഇടങ്ങൾ ശക്തിയെ ആരാധിക്കാനും ശക്തരാകാനും നമ്മെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.

സമ്പ്രദായവൈവിധ്യങ്ങൾകൊണ്ടു സമ്പന്നമായ ഈ മണ്ണിൽ അത്രമേൽ വേരാഴ്ന്ന ശക്ത്യാരാധന എന്ന പദ്ധതിക്കു നിശ്ചയിക്കാനാകാത്തവിധം കാലപ്പഴക്കമുണ്ട്. മനുഷ്യന്റെ ബൗദ്ധികപരിണാമത്തോടൊപ്പം തന്നെ വളർന്നു പരിഷ്കരിക്കപ്പെട്ട ഇത്തരം ആരാധനാരീതികൾ പ്രകൃതിയുടെ താളത്തെ നമ്മുടെ നിത്യജീവിതത്തിന്റെ താളവുമായി കോർത്തിണക്കുന്ന ഒരു ചരടായി നിലകൊള്ളുന്നു. മനുഷ്യചിന്ത മണ്ണിൽ നിന്നു തുടങ്ങി മാനമറ്റു വളരുന്നതിനൊപ്പം ദിനരാത്രങ്ങളും, തിഥികളും, രാശിചക്രവും, ഋതുക്കളും എന്നുവേണ്ട സകലവും നമുക്കു സാധനയുടെ പുതിയ വാതായനങ്ങൾ തുറന്നു തന്നു. 

എങ്ങനെയാണ് ഇത്തരം പദ്ധതികൾ ഇത്രമേൽ ജനകീയമായിട്ടുണ്ടാവുക? പ്രാദേശികമായ വിശ്വാസങ്ങളായും മുത്തശ്ശിക്കഥകളായും പ്രചരിക്കാൻ തക്കവണ്ണം അവയ്ക്കൊരു ലാളിത്യമുണ്ടായിരുന്നു. കൃഷിയും മറ്റു ദൈനംദിന ജോലികളുമായി ചേർന്നു നില്ക്കുന്ന ആചാരപദ്ധതികൾ അവയിലുണ്ടായിരുന്നു. സംഗീതത്തിലും നൃത്തത്തിലും ചിത്രകലയിലും സ്വാധീനം ചെലുത്തുന്നതിനൊപ്പം, ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവരെ അത്ഭുതപ്പെടുത്തും വിധം വിശാലമായ ഒരു ഭൂമികയും അവയിലുണ്ടായിരുന്നു. ഇങ്ങനെ മനുഷ്യമനസ്സിന്റെ എല്ലാ വൈവിധ്യങ്ങൾക്കും സാധകമാക്കാവുന്ന വ്യത്യസ്ത ഭാവതലങ്ങൾ അവയ്ക്കു കൈമുതലായിരുന്നു. നന്മതിന്മകളുടെ അതിർവരമ്പു നിശ്ചയിക്കാൻ സാധാരണമനുഷ്യരെ പ്രാപ്തരാക്കുംവിധം ഒരു മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അവ നല്കിയിരുന്നു. 

 

നവരാത്രികളും പ്രാദേശിക വൈവിധ്യങ്ങളും

നവരാത്രി എന്ന നമ്മുടെ ആഘോഷം ഒരു സാർവഭാരതീയ ഉത്സവമാണ്. എല്ലാ മാസങ്ങളിലും ശുക്ലപക്ഷ പ്രഥമ മുതൽ ദശമി വരെ നവരാത്രി തന്നെയാണ്. പക്ഷേ അവയിൽ ഏഴാണു പ്രധാനം. മാഘമാസത്തിലെ കാളീനവരാത്രി, ഫാൽഗുനത്തിലെ വസന്ത നവരാത്രി അഥവാ ത്രിപുരസുന്ദരീ നവരാത്രി, ചൈത്രത്തിലെ മാതംഗീ നവരാത്രി, ജ്യേഷ്ഠത്തിലെ ധൂമാവതീ നവരാത്രി, ആഷാഢത്തിലെ വാരാഹീ നവരാത്രി, ശാരദാ നവരാത്രി എന്നറിയപ്പെടുന്ന അശ്വിനത്തിലെ ചണ്ഡികാ നവരാത്രി, മാർഗശീർഷത്തിലെ ഗംഗാ അവതരണ നവരാത്രി. ഇതിൽ അശ്വിനമാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ ദശമി വരെ ആഘോഷിക്കുന്ന നവരാത്രിയാണ് ഏറ്റവും പ്രധാനം. 

വടക്കേ ഇന്ത്യയിൽ ദസ്സേറ എന്ന പേരിൽ രാമൻ രാവണനെ വധിച്ച ദിവസമായാണു നവരാത്രി ആഘോഷം. രാവണന്റേയും കുംഭകർണന്റേയും രൂപമുണ്ടാക്കി തെരുവുകളിലൂടെ പാട്ടും നൃത്തവുമായി നടന്ന് അവസാനം അതു കത്തിക്കുന്ന രീതിയിലുള്ള ആഘോഷപരിപാടികൾ വടക്കേ ഇന്ത്യയിൽ കാണാം. 

പടിഞ്ഞാറൻ ഭാരതത്തിൽ പ്രത്യേകിച്ചു ഗുജറാത്തിൽ, ദാണ്ഡിയാ എന്നും ഗർഭ എന്നും പേരായ നൃത്തം വളരെ പ്രശസ്തമാണ്. ഗർഭപാത്രത്തിലെ ജീവനെ സൂചിപ്പിക്കും വിധം ഒരു മൺകലത്തിൽ കത്തിച്ചുവച്ച ദീപത്തിനു ചുറ്റും നൃത്തം ചെയ്യുന്നതാണു ഗർഭ നൃത്തം. കോൽക്കളിക്കു സമാനമായി ഗുങ്കുരു എന്ന മണികൾ കെട്ടിയ ദണ്ഡിൽ അടിച്ചുകൊണ്ടു നൃത്തം ചെയ്യുന്ന രീതിയാണു ദാണ്ഡിയ നൃത്തത്തിൽ കാണുന്നത്. 

കിഴക്കൻ മേഖലയിൽ, പ്രത്യേകിച്ചു കാളീതന്ത്രത്തിന്റെ ശ്യാമഭൂമിയായ ബംഗാളിൽ ഇതു ദുർഗ്ഗാപൂജയാണ്. സിംഹാരൂഢയായി മഹിഷാസുരമർദ്ദനം ചെയ്യുന്ന ദുർഗ്ഗയുടെ വലിയ പ്രതിമകൾ വിശേഷ അലങ്കാരങ്ങൾ ചാർത്തി തെരുവുകളിലൂടെ എഴുന്നള്ളിക്കുന്നതു വലിയ ആഘോഷമായിട്ടാണ്. 

തെക്കേ ഇന്ത്യയിൽ നവരാത്രി ബൊമ്മ കൊലുവിന്റെ കാലമാണ്. നിറം ചാർത്തി അലങ്കരിച്ച ചെറിയ ബൊമ്മകൾ അടുക്കിവച്ചും മധുരപലഹാരങ്ങളുണ്ടാക്കിയും ആഘോഷിക്കുന്ന നവരാത്രി അതിന്റെ അന്ത്യത്തിലേയ്ക്ക് അടുക്കുമ്പോൾ ആയുധപൂജയും വിദ്യാരംഭവുമൊക്കെയായി മാറുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മറ്റു പണിയായുധങ്ങൾ, പുസ്തകം തുടങ്ങിയവ ആ ദിവസങ്ങളിൽ ഉപയോഗിക്കാതെ പൂജയ്ക്കായി വയ്ക്കുന്നു. വിജയദശമി ദിവസം വിദ്യാരംഭമായും ആചരിക്കുന്നു. 

 

നവരാത്രിയുടെ ദേവതാ സങ്കല്പം

കേരളത്തിൽ നവരാത്രിയുടെ ആദ്യ ഖണ്ഡം കാളിക്കും പിന്നീടു ലക്ഷ്മിക്കും ശേഷം സരസ്വതിക്കും എന്ന വിധത്തിലാണു പൊതുവേയുള്ള സങ്കല്പം. സാധകരായ ജനവിഭാഗത്തെ സംബന്ധിച്ചു വാഗ്ദേവതയായ ചണ്ഡികയാണ് ഈ നവരാത്രിയുടെ ദേവത. ചണ്ഡിക എന്ന ദേവതയുടെ മന്ത്രത്തിൽ സരസ്വതിയുടെ വാഗ്ബീജവും, ലക്ഷ്മിയുടെ മായാബീജവും കാളിയുടെ കാമബീജവും അടങ്ങിയിരിക്കുന്നു. ഭാസ്കരരായൻ എന്ന ശക്തിസാധകൻ ദേവീമാഹാത്മ്യത്തിന്റെ വ്യാഖ്യാനമായി രചിച്ച ഗുപ്തവതീ എന്ന ഗ്രന്ഥത്തിൽ ചണ്ഡിക എന്ന മഹാലക്ഷ്മിയെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ചണ്ഡിക പ്രപഞ്ചത്തിന്റെ മൂലബീജമായ പരാശക്തി തന്നെയാണ്. ആയതിന്റെ ഇച്ഛാശക്തി അഥവാ സത്വഗുണം മഹാസരസ്വതീഭാവത്തിലും, ക്രിയാശക്തി അഥവാ രജോഗുണം മഹാലക്ഷ്മീ ഭാവത്തിലും, ജ്ഞാനശക്തി അഥവാ തമോഗുണം മഹാകാളീ ഭാവത്തിലും പ്രകടമാകുന്നു. 

 

നവരാത്രിയിലെ നവദുർഗ്ഗാ ക്രമം

നവരാത്രികളിൽ ദുർഗ്ഗയുടെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്ന ഒരു രീതി നിലവിലുണ്ട്. പ്രഥമ തിഥിയിൽ ശൈലപുത്രിയാണു ഭാവം. ഹിമവാന്റെ പുത്രിയായി ജന്മമെടുത്ത ശക്തിയെ ആണു ശൈലപുത്രി എന്നു വിളിക്കുന്നത്. രണ്ടാമത്തെ രാത്രിയിൽ ദേവി ബ്രഹ്മചാരിണിയാണ്. ശിവനെ വിവാഹം കഴിക്കുന്നതിനു മുൻപുള്ള ദേവിയുടെ ഭാവമാണ് ഇവിടെ. മൂന്നാമത്തെ രാത്രി ചന്ദ്രഘണ്ഡാ എന്ന ദേവിയുടേതാണ്. ശിവനെ വരിച്ചതിനു ശേഷം ശിരസ്സിൽ ചന്ദ്രക്കല ചൂടിയ ദേവിയുടെ ഭാവമാണിത്. നാലാമത്തെ രാത്രി കൂശ്മാണ്ഡാ ദേവിയെ ആണ് ആരാധിക്കുന്നത്. എട്ടു കൈകളോടെ സിംഹിയെ വാഹനമാക്കിയ രൂപത്തിലാണു കൂശ്മാണ്ഡാ ദേവിയെ കാണുന്നത്. പഞ്ചമി തിഥിയിൽ സ്കന്ദമാതാ എന്ന ദേവയെ ആരാധിക്കുന്നു. സിംഹവാഹനയായി സ്കന്ദനെ കൈകളിലേന്തിയിരിക്കുന്ന മാതൃരൂപമാണു ദേവിക്ക്. കാത്യായന ഋഷിയുടെ മകളായി അവതരിച്ച കാത്യായനി ദേവിയെ ആണ് ആറാമത്തെ രാത്രിയിൽ ആരാധിക്കുന്നത്. ദേവിയുടെ ഘോരഭാവമായ കാളരാത്രിയെ ആണു സപ്തമി തിഥിയിൽ ആരാധിക്കുന്നത്. കറുത്ത നിറമാർന്നു കഴുതയെ വാഹനമാക്കിയ രൂപമാണു ദേവിക്ക്. എട്ടാമത്തെ രാത്രി ദേവിയുടെ ഏറ്റവും ഭംഗിയാർന്ന മഹാഗൗരി എന്ന ഭാവത്തെയാണ് ആരാധിക്കുന്നത്. കാളയെ വാഹനമാക്കി സ്വർണാഭയാർന്ന വെളുത്ത നിറത്തിലാണു ദേവിയെ കാണുന്നത്. നവമിയിൽ ദേവി സിദ്ധിദാത്രിയാണ്. പത്മാസനത്തിൽ നാലു കൈകളോടെ ഇരിക്കുന്ന ഭാവമാണു സിദ്ധിദാത്രിക്ക്. 

 

ചണ്ഡിക എന്ന മാതൃകാശക്തി

 

ചണ്ഡിക എന്ന ദേവതയെ മറ്റൊരിടത്തു നമുക്കു കാണാം. അഷ്ടമാതൃക്കൾക്കിടയിലാണത്. മാതൃകാശക്തികളുടെ ഗണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണു ചണ്ഡിക എന്നറിയാൻ നമുക്കു മാതൃകയുടെ രഹസ്യത്തെ അനാവരണം ചെയ്യാം. 

അഷ്ടമാതൃക്കൾ എന്ന തത്ത്വചിന്തയ്ക്കു ഗുപ്തകാലഘട്ടത്തോളം പഴക്കം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴകത്തെ സിദ്ധധാരയിലും സപ്തകന്നികളുടെ ശില്പങ്ങൾ ഉരുവാർന്നിട്ടുണ്ട്. കേരളത്തിൽ പതിമൂന്നു ശാക്തേയ കാവുകളിൽ മാതൃക്കളുടെ പ്രതിഷ്ഠ കാണാം. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പ്രദക്ഷിണവഴിയിൽ ഗണപതിക്കും വീരഭദ്രനും ഒപ്പം മാതൃക്കളുടെ ബലിക്കല്ലുകൾ കാണാം. പുറത്തെ വലിയ ബലിക്കല്ലിനു മുകളിൽ കാണുന്ന എട്ട് ഇതളുള്ള പത്മവും അഷ്ടമാതൃക്കളാണ്. അഷ്ടമാതൃക്കളുടെ ഈ അനിഷേധ്യ സാന്നിധ്യത്തിനു കാരണം, അതു നമ്മുടെ ജ്ഞാനത്തിന് അധിഷ്ഠാനമായിരിക്കുന്നു എന്നതാണ് (ജ്ഞാനാധിഷ്ഠാനം മാതൃകാ എന്നു ശിവസൂത്രം). നമുക്കെല്ലാവർക്കും സുപരിചിതമായ നമ്മുടെ അക്ഷരമാലയാണു മാതൃകാ. അക്ഷരമാലയിലെ എട്ടു വർഗങ്ങളായ അ, , , , , , , ശ എന്നിവയെ ആണു നാം അഷ്ടമാതൃക്കൾ എന്നു വിളിക്കുന്നത്. പ്രപഞ്ചം എന്ന നമ്മുടെ കല്പനയ്ക്ക് ആധാരം ഈ അക്ഷരങ്ങളാണ്. ഇന്ദ്രിയങ്ങളിലൂടെ നാം സ്വീകരിക്കുന്ന അറിവിനെ രേഖപ്പെടുത്തിവയ്ക്കുന്നത് ഈ അക്ഷരങ്ങളിലൂടെയാണ്. ഇവയിൽ അ വർഗം അഥവാ സ്വരാക്ഷരങ്ങളാണു ചണ്ഡിക. സ്വരാക്ഷരങ്ങളുടെ സഹായമില്ലാതെ വ്യഞ്ജനങ്ങളെ ഉച്ചരിക്കാനാവില്ല എന്നതിലൂടെ ചണ്ഡികയുടെ സാന്നിധ്യമില്ലാതെ മറ്റുള്ളവയ്ക്കു നിലനില്പില്ല എന്നു വ്യക്തമാകുന്നു. അക്ഷരശക്തികളിലെ സ്വരാക്ഷരഗണമായ ഈ ചണ്ഡികയെ ആണു നാം വാഗ്ദേവിയായി, ശാരദയായി ശരത്കാല നവരാത്രിയിൽ ആരാധിക്കുന്നത്. ക്ഷരമില്ലാത്ത (നാശമില്ലാത്ത) ജ്ഞാനം നല്കുന്നവളാണു ശാരദാ. അതുകൊണ്ടാണ് അവൾ അക്ഷരനായികയാകുന്നത്. 

അകചടതപയാദ്യെഃ സപ്തഭിർ വർണ്ണ വർഗ്ഗൈഃ

വിരചിത മുഖബാഹാപാദ മദ്ധ്യാഖ്യഹൃത്കാ

സകലജഗദധീശാ ശാശ്വതാവിശ്വയോനിർ 

വിതരതു പരിശുദ്ധിം ചേതസഃ ശാരദാ വഃ

(പ്രപഞ്ചസാരം)

ശരത് ഋതുവിന്റെ പ്രാധാന്യം

അശ്വിനമാസവും കാർത്തികമാസവും ചേർന്ന കാലമാണു ശരത്. ശരത്കാലത്തെ പ്രകൃതിയുടെ ഭംഗിയെ വാഴ്ത്തിപ്പാടാത്ത, ശാരദേന്ദുവിന്റെ കാന്തിയെ പുകഴ്ത്താത്ത കവികൾ വിരളമാണ്. 'ശരത്ചന്ദ്രനിഭാനനാ' എന്നു ദേവിയെ പ്രകീർത്തിക്കുന്നുണ്ട്. ശാരദയുടേത് എന്ന അർത്ഥത്തിലാണ് ഈ ഋതുവിനു ശരത് എന്ന പേരു വന്നത്. ദക്ഷിണായനത്തിലെ ഒരു സുപ്രധാന കാലഘട്ടമാണിത്. മഴയ്ക്കും മഞ്ഞിനും ഇടയിലായി വരുന്ന ഈ ഋതു ആരോഗ്യസംരക്ഷണത്തിനു വളരെയധികം പ്രാധാന്യമുള്ള ഒരു സമയമാണ്. 

ശാന്തമായും ക്ഷീണമറ്റും ഉറങ്ങിയതിനു ശേഷം ഉന്മേഷത്തോടെ എഴുന്നേല്ക്കുക. ശരീരം ആവശ്യപ്പെടുന്ന അളവിൽ വെള്ളവും വിശക്കുമ്പോൾ മാത്രം ശരീരപ്രകൃതത്തിന് അനുയോജ്യമായ ആഹാരവും കഴിക്കുക. കാറ്റും വെയിലുമേല്ക്കാൻ ശരീരത്തെ അനുവദിക്കുക. ചിട്ടയായ വ്യായാമം അത്യന്താപേക്ഷിതമാണ്. ശരീരത്തിനും മനസ്സിനും ശക്തിയില്ലാത്ത ഒരുവൻ ശക്ത്യാരാധന ചെയ്യുന്നത് ഒരു വിരോധാഭാസമായിരിക്കും. കൂടുതൽ കേൾക്കുക, കുറച്ചു സംസാരിക്കുക, അറിവിനു പ്രാധാന്യം കൊടുക്കുക, പുസ്തകങ്ങൾ വായിക്കുന്നതിനായി ഒരു സമയം നിശ്ചയിച്ചു മാറ്റിവയ്ക്കുക. ഒരു സാധനാസമ്പ്രദായം പിന്തുടരുന്നവർക്ക് അവരുടെ സാധനയ്ക്കായി ഈ സമയം വിനിയോഗിക്കാം. അല്ലാത്തവർക്ക് അവരവരുടെ ഭക്തിക്കനുസരിച്ചു പുരാണപാരായണമോ നാമജപമോ ചെയ്യാം.

0 Comments