തന്ത്ര ശാസ്ത്രത്തിലെ അണ്ഡപിണ്ഡ ഐക്യം മാധവ്ജിയുടെ രാഷ്ട്രഭാവനയിൽ

Back

ഡോ ആർ. രാമാനന്ദ്

Author


ലോകത്തിനുമുമ്പിൽ ഭാരതം തലയുയർത്തി പിടിക്കാനുള്ള കാരണം എന്ത് എന്നു ചിന്തിച്ചാൽ അത് ഈ നാട് ലോകത്തിനു നൽകിയ അത്യപൂർവ്വമായ, അമൂല്യമായ ഒരു സംഭാവനയുടെ പേരിലാണ്. ആ അമൂല്യ നിധി ധർമ്മമാണ്. ധർമ്മത്തെക്കുറിച്ച് ലോകത്തെ ഉദ്ബോധിപ്പിച്ചതിൽ ഭാരതം വഹിച്ചതിലും വലിയ ഉത്തരവാദിത്വം മറ്റേതെങ്കിലും നാട് വഹിച്ചിട്ടുണ്ടോ എന്നതു സംശയകരമാണ്. അമൂല്യമായ ഈ സംഭാവനയെ കുറിച്ചു പറയുമ്പോൾ എന്താണ് അതിന്റെ പൊരുൾ എന്നു നാം തീർച്ചയായും ആരായേണ്ടതായിട്ടുണ്ട്. ഇവിടെ എന്താണു ധർമ്മം എന്നതാണു ചിന്തിക്കേണ്ട വിഷയം.


'ധരതി വിശ്വം ഇതി ധർമ്മ' എന്നാണു നിരുക്ത പ്രകാരം ധർമ്മ ശബ്ദത്തിന്റെ അർത്ഥം. സമസ്ത പ്രപഞ്ചവും എന്തിനാൽ സ്വാഭാവികമായി ധരിക്കപ്പെടുന്നുവോ അതാണ് ധർമ്മം. ഭൂമി സൂര്യനെ ചുറ്റുന്നത്, സൂര്യൻ ഖഗോളങ്ങളുടെ കേന്ദ്രത്തെ ചുറ്റുന്നത്, ചെടികൾ മുകളിലേയ്ക്കു വളരുന്നത്, ഹൃദയം സ്പന്ദിക്കുന്നത് ഇങ്ങനെ പ്രപഞ്ചത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിയാമകമായ വർത്തിക്കുന്ന വിശേഷമാണു ധർമ്മം. ആ ധർമ്മം സനാതനം ആണ്. പ്രാപഞ്ചിക തലത്തിൽ ഇതിനെ ഋതം എന്നു വിളിക്കുന്നു. ഋതു എന്ന വാക്ക് ഋതത്തിൽ നിന്നുണ്ടായി വരുന്നതാണ്. ആംഗലേയ ഭാഷയിൽ താളം എന്നതിനു റിഥം എന്നു പറയാറുണ്ട്. താളം ,നിയമം, എന്നൊക്കെ ഋതം എന്ന വാക്കിന് അർത്ഥമുണ്ട്. ലോകത്തെ ചരവും അചരവുമായുള്ള എല്ലാ വസ്തുക്കളും, സജൈവവും അജൈവവുമായുള്ള എല്ലാ ഭൂതങ്ങളും അനുസരിക്കുന്ന നിയമമാണു ഋതം. ഈ ഋതത്തെ കുറിച്ച് ഒരു ജീവനും ഒരു വസ്തുവിനും പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതായിട്ടില്ല. അതിന് ഒരപവാദം മനുഷ്യൻ മാത്രമാണ്. സനാതനമായ ഋതത്തെ മനുഷ്യനു മനസ്സിലാകുന്ന രൂപത്തിൽ ഋഷി ആവിഷ്കരിച്ചു നടപ്പിലാക്കിയപ്പോൾ അതിനെ സനാതന ധർമ്മം എന്നു നാം വിളിക്കുന്നു. ഈ സനാതന ധർമ്മത്തെ നാം ശ്രുതിജന്യം എന്നു വിളിക്കുന്നു. എന്താണു ശ്രുതിജന്യം? ശ്രുതിയിൽ നിന്നുണ്ടായത് എന്നാണ് അർത്ഥം. അപ്പോൾ ശ്രുതി എന്താണ്? ശ്രുതി കേട്ട അറിവാണ്. ആരെങ്കിലും ചൊല്ലി ആരെങ്കിലും കേട്ട അറിവല്ല. പ്രപഞ്ചത്തിന്റെ പൊരുൾ തിരഞ്ഞുപോയ വ്യക്തികളുടെ, മനീഷികളുടെ ഹൃദയത്തിൽ സ്പന്ദിച്ച അറിവ്. അങ്ങനെയുള്ള ശ്രുതിയെ നാം അപൗരുഷേയം എന്നു വിളിക്കുന്നു. ഒരു വ്യക്തിക്കും അവകാശം ഉന്നയിക്കാൻ സാധിക്കാത്ത വിധം പ്രപഞ്ചത്തിൽ നൈസർഗികമായി ഉള്ളതാണ് ആ അറിവ്. ശ്രുതി മറ്റൊന്നുമല്ല നാം ഈ പ്രപഞ്ചവുമായി ഋതത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന അറിവ് മാത്രമാണ്. ലോകത്തുള്ള മറ്റു ജീവനുകൾക്കെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന ഈ അറിവ് മനുഷ്യനു മാത്രം നിരന്തരമായ ബോധനത്തിലൂടെ മാത്രം ഉള്ളിൽ ഉറയ്ക്കുന്ന ഒന്നായി തീരുന്നു. അതുകൊണ്ടുതന്നെ അവ ഉള്ളിൽ ശരിയാംവണ്ണം ഉറപ്പിക്കാൻ ധർമ്മശാസ്ത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നു. ഏതു ധർമ്മശാസ്ത്രവും ആകട്ടെ അത് ആത്യന്തികമായി ഈ ഒരു തത്വത്തിലേയ്ക്കു മാത്രം വിരൽചൂണ്ടുന്നതാണ്. ബ്രഹ്മാണ്ഡമായി നാം കാണുന്നതു തന്നെയാണു പിണ്ടാണ്ഡമായി നിലനിൽക്കുന്നതും. ബ്രഹ്മാണ്ഡത്തിന്റെ നിയമങ്ങൾ തന്നെയാണു പിണ്ടാണ്ഡത്തേയും ഭരിക്കുന്നത്. ബ്രഹ്മാണ്ഡ പിണ്ടാണ്ഡ ഐക്യമാണു ധർമ്മശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്ന തത്വം. അതാണു ശ്രുതി.

 

ലോകം ഭിന്ന രുചിയോടു കൂടിയതാണ് എന്ന സത്യം മനസ്സിലാക്കിയതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് നമ്മുടെ ഋഷീശ്വരന്മാർ. ആയതുകൊണ്ട് അവർ ലോകത്തിനായി വിവിധ രുചിയിലുള്ള ഗ്രന്ഥങ്ങൾ, പദ്ധതികൾ, സമ്പ്രദായങ്ങൾ തുടങ്ങിയവ ആവിഷ്കരിച്ചു. എല്ലാ സരിത്തുകളും ഒരുനാൾ ഒരു സാഗരത്തിൽ തന്നെ ചേരുമെന്ന ബോധ്യം അവരിൽ വിളങ്ങി നിന്നിരുന്നു എന്നതിൽ സംശയം ഇല്ല. ശ്രുതിയെക്കുറിച്ചു പറയുമ്പോൾ അതു രണ്ടായി പിരിഞ്ഞു; വൈദികം എന്നും താന്ത്രികം എന്നും എന്ന് ഹാരീതൻ ഹാരീതസംഹിതയിലും കുല്ലുകഭട്ടൻ മനുസ്മൃതിയുടെ വ്യാഖ്യാനത്തിലും ഒക്കെ പറയുന്നതു കേൾക്കുമ്പോൾ എന്തിനാണു ശ്രുതി രണ്ടായി പിരിഞ്ഞത് എന്നു ചിന്തിക്കാറുണ്ട്. അതിനുത്തരം ഭിന്നരുചിയുള്ള ലോകത്തിനായി അതു പിരിഞ്ഞു എന്നു തന്നെയാണ്. 



വേദ വൃക്ഷത്തിൽ നിന്നും എത്ര ശാഖകൾ പിരിഞ്ഞിട്ടുണ്ട്? അസംഖ്യം എന്നാണുത്തരം. എല്ലാം ലോകരുടെ രുചിയെ പോഷിപ്പിക്കുന്നവയാണ്. കർമ്മപ്രിയരായ, യജ്ഞപ്രിയരായ ആളുകൾക്കു വേണ്ടി കർമ്മകാണ്ഡോക്തമായ ബ്രാഹ്മണങ്ങൾ, അറിവിൽ താല്പര്യമുള്ളവർക്കു ജ്ഞാനകാണ്ഡോക്തമായ ഉപനിഷത്തുക്കൾ. അതുപോലെ അറിവിന്റെയും അനുഭൂതിയുടെയും തലത്തിൽ വ്യാപരിക്കുന്നവർക്കു വേണ്ടിയുള്ള ശ്രുതി വൃക്ഷത്തിന്റെ ശാഖാവികാസമാണു തന്ത്രമായി തീർന്നത്.
വേദമാകട്ടെ തന്ത്രമാകട്ടെ ശ്രൗതം ആണ്. ഒരേ മൂലത്തിൽ നിന്നു പിരിഞ്ഞ രണ്ടു പ്രൗഢശാഖകൾ. ഈ രണ്ടു ശാഖകളിലും ഒരുപാടല്ടു സൗരഭ്യം ഉള്ള പൂക്കൾ ഉണ്ടായിട്ടുണ്ട്. യാജ്ഞവൽക്യനും അംഗിരസും വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനും എല്ലാം വേദ ശാഖയിലെ സുന്ദരപുഷ്പങ്ങളാണ്. ബാദരായണ വ്യാസൻ മുതൽ ഗൗഡപാദർ, ഗോവിന്ദഭഗവദ്പാദർ, ഭഗവാൻ ഭാഷ്യകാരൻ ശ്രീ ശങ്കര ഭഗവദ്പാദർ തുടങ്ങിയ കുസുമങ്ങൾ വേദാന്ത ശാഖയെ പോഷിപ്പിച്ചു നിർത്തുന്നു. വസഗുപ്തൻ, ഭട്ടകല്ലടൻ, അഭിനവഗുപ്തൻ, ക്ഷേമരാജൻ തുടങ്ങിയവർ തന്ത്രത്തിന്റെ
ശൈവാദ്വൈതശാഖയെ പരിപോഷിപ്പിക്കുന്നു. ഇപ്രകാരം മത്സ്യേന്ദ്രനാഥൻ മുതൽ ഭാസ്കരായമഖി വരെയുള്ള തന്ത്രത്തിലെ ശാക്താദ്വൈത ഗുരുക്കന്മാരുടെ ശാഖയിൽ വിരിഞ്ഞ ഒരപൂർവപുഷ്പമാണു ശ്രീ മാധവ്ജി.



തന്ത്രത്തിലെ ഗുരുപരമ്പരയിലേയ്ക്കു നാം ശ്രദ്ധിക്കുമ്പോൾ ഗുരുക്കന്മാരെ തന്ത്രം മൂന്നായി തിരിക്കാറുണ്ട്. ദിവ്യ-സിദ്ധ-മാനവൗഘം എന്നിങ്ങനെയാണ് അത്. ഔഘം എന്ന വാക്കിനു കൂട്ടം എന്നാണർത്ഥം, ദിവ്യദേഹികൾ ആയിട്ടുള്ള അസംഖ്യം ഗുരുക്കന്മാർ; അതിൽ പരമശിവൻ, പരാശിവ, ആനന്ദ ഭൈരവൻ, കാമേശ്വരൻ, കാമേശ്വരി, സ്വച്ഛന്ദഭൈരവൻ, ശ്രീകണ്ഠനാഥൻ തുടങ്ങിയ ദിവ്യശരീരികൾ ഉൾപ്പെടുന്നു. അഗസ്ത്യൻ, ദുർവാസാവ്, ലോപാമുദ്ര തുടങ്ങിയ ഋഷി പരമ്പര സിദ്ധൗഘ ഗുരുക്കന്മാരിൽ ഉൾപ്പെടുന്നു. ഭാസ്കരരായമഖി മുതൽ മാധവ്ജി വരെയുള്ള പരമ്പര മാനവൗഘ ഗുരുക്കന്മാരിൽപെടുന്നു.

ദിവ്യ-സിദ്ധ-മാനവൗഘ ഗുരുക്കന്മാർ പരമ്പരയായി മനുഷ്യരായി പിറന്നവർക്ക് ഉപദേശിക്കുന്നതു മറ്റൊന്നുമല്ല, തന്ത്രത്തിന്റെ അടിസ്ഥാനതത്വമായ ബ്രഹ്മാണ്ഡ-പിണ്ടാണ്ഡ ഐക്യം തന്നെയാണ്. തന്ത്ര ശാസ്ത്രത്തിന്റെ ഈ അടിസ്ഥാന ആശയത്തെ രാഷ്ട്രകല്പനയിൽ കാണുവാൻ തക്കവണ്ണം പ്രതിഭയുള്ള താന്ത്രികനെയാണു മാധവ്ജിയിൽ നാം കാണുന്നത്. തന്ത്രസാധനയുടെ അപാരമായ ആഴങ്ങളിലേയ്ക്ക് ഒരു സാധകനും അന്വേഷകനും വീണു പോകാനുള്ള അപ്രതിരോധ്യമായ സാധ്യതയെ തന്റെ മേധയുടെ പ്രതിഭകൊണ്ടു പരാജയപ്പെടുത്തിയ അസാമാന്യനായ മനീഷിയായിരുന്നു മാധവ്ജി.

തന്ത്ര ശാസ്ത്രത്തിന്റെ അകം പൊരുൾ അണ്ഡപിണ്ഡ ഭാവന ഉറപ്പിക്കുക എന്നതാണ് എന്നു തത്വത്തിലും ബുദ്ധിയുടെ തലത്തിലും മനസ്സിലാക്കുക എന്നതു പ്രായേണ പ്രയാസം കുറഞ്ഞ കാര്യമാണ്. കാരണം നിരന്തരമായ തന്ത്ര ശാസ്ത്ര അധ്യയനം അണ്ഡ പിണ്ഡ ഭാവനയെ ബോധ്യപ്പെടുത്തുവാൻ തക്കവണ്ണം ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് എന്നു കാണാം. ഒരുദാഹരണം എടുത്താൽ "ശ്രീചക്രം ശിവയോർ വപു," ശ്രീചക്രം ശിവയുടെ ശരീരമാണ് എന്ന കൽപ്പനയിൽ ആരംഭിക്കുന്ന ശ്രീചക്ര പൂജനം ആ ശിവ ഞാൻ തന്നെയാണ് എന്ന അറിവിലേയ്ക്കു സാധകനെ തത്വത്തിൽ ഉയർത്തുവാൻ തക്കവണ്ണം ഉള്ള പദ്ധതിയാണ്. എന്നാൽ തനി പ്രായോഗികതയുടെ പശ്ചാത്തലത്തിലേയ്ക്ക് ഈ സിദ്ധാന്തങ്ങളെ കൊണ്ടുവരാൻ എളുപ്പമല്ല. നിത്യ ജീവിതത്തിൽ അണ്ഡ ഐക്യം എവിടെയാണു കാണാൻ സാധിക്കുക? മാധവ്ജി അവിടെയാണു തന്റെ പ്രതിഭയുടെ വിലാസത്താൽ സാധക ശരീരം തന്നെയാണു രാഷ്ട്ര ശരീരം എന്ന സുചിന്തിതമെങ്കിലും വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയ ആശയത്തെ സ്ഥാപിക്കുന്നത്.


ഭാരതത്തിന്റെ രാഷ്ട്രഭാവന (National consciousness) ദേശരാഷ്ട്ര ചിന്തയിൽ നിന്നുടലെടുത്ത ഒന്നല്ല. അതു ബ്രിട്ടീഷുകാരുടെ സംഭാവനയും അല്ല. അത് ഈ മണ്ണിൽ മൊട്ടിട്ട ദർശനത്തിന്റെ ഏറ്റവും പ്രായോഗികമായ ആവിഷ്കാരമാണ്. ശൈവവും വൈഷ്ണവും ആയ തീർത്ഥസ്ഥലികൾ വിന്യസിച്ചിരിക്കുന്ന ഭാരതരാഷ്ട്രം, തന്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരു ആധ്യാത്മിക സ്വത്വമായി വിരാജിക്കുന്നു. 51 ശക്തി പീഠങ്ങളുടെ വിന്യാസങ്ങൾ കാണുന്ന സമയത്ത് നമുക്കു വ്യക്തമാകുന്നു. 51 ശക്തി പീഠങ്ങൾ 51 അക്ഷരങ്ങളാണ്, അക്ഷരം ക്ഷരമില്ലാത്തത് അഥവാ നാശമില്ലാത്തതാണ്. എന്നുവച്ചാൽ തനി ഊർജ്ജമാണ്. ഈ ഊർജ്ജസ്ഥലികളെ കൃത്യമായി സംയോജിപ്പിച്ചാൽ നമുക്കു ലഭിക്കുന്നതു ഭാരതം എന്ന രാഷ്ട്രത്തെ തന്നെയാണ്. എന്നുവച്ചാൽ നാശമില്ലാത്ത ഒരു ഊർജ്ജ സ്ഥലിയായി തന്നെ ഈ രാഷ്ട്രത്തെ തന്ത്രം വിഭാവന ചെയ്തു എന്നു തന്നെയാണു മാധവ്ജി സ്ഥാപിക്കുന്നത്. അക്ഷരങ്ങളെയാണു ശരീരത്തിൽ സാധകൻ വർണ്ണന്യാസം ചെയ്യുന്നത്. ബാഹ്യമായി ന്യസിച്ചാൽ അതു രാഷ്ട്രത്തിന്റെ രൂപം സ്വീകരിക്കും. സാധക ശരീരം തന്നെയാണ് ഇവിടെ രാഷ്ട്ര ശരീരമായി പരിണമിച്ചിരിക്കുന്നത് എന്നു തന്ത്ര ശാസ്ത്രപരമായി തന്നെ സ്ഥാപിക്കുവാൻ ഇവ്വിധം സാധിക്കും.



യോഗശാസ്ത്ര ദൃഷ്ടിയിൽ മൂലാധാര സ്ഥിതയായ കുണ്ഡലിനിയായി കന്യാകുമാരിയും, സഹസ്രാര സ്ഥിതനായ പരമേശ്വരൻ കൈലാസനാഥനായും വിരാജിക്കുന്ന ഭാരതഭൂമിയിൽ വാരണാസി ഹൃദയസ്ഥാനം അലങ്കരിക്കുന്നു. രാഷ്ട്രം എന്നു നാം പറയുന്ന സമയത്ത് അത് കല്ലും മണ്ണും നിറഞ്ഞ ഭൂമി മാത്രമാണ് എന്ന തെറ്റിദ്ധാരണയെ തകർക്കുന്നതാണു മാധവ്ജിയുടെ വീക്ഷണം. രാജനൈതികമായ (political) അതിർവരമ്പുകൾ അല്ല ഒരു രാഷ്ട്രത്തെ നിശ്ചയിക്കുന്നത്. അതിന്റെ ചിതി അവിടെയുള്ള ജന ജീവിതത്തിന്റെ തുടിപ്പിലൂടെയാണു പ്രകാശിതം ആകുന്നത് എന്ന മഹത് ചിന്തയെ അദ്ദേഹത്തിന്റെ രാഷ്ട്ര ദർശനത്തിൽ കാണാൻ സാധിക്കുന്നു. അതുകൊണ്ടു മാധവ്ജി പറയുന്നു, ഭാരതീയരായി ജനിച്ച ഏവർക്കും വാരണാസിയിലേയ്ക്കുള്ള തീർത്ഥയാത്ര അവിഭാജ്യമായ ഒന്നാണല്ലോ. എപ്രകാരമാണോ ശരീരത്തിൽ ആകമാനം വ്യാപിച്ചിരിക്കുന്ന രക്തം ഹൃദയ കേന്ദ്രത്തിൽ വന്നു തിരിച്ചു പോകുന്നത്, അതുപോലെയാണു ഭാരതീയന്റെ ഈ തീർത്ഥയാത്ര. രാഷ്ട്രത്തിന്റെ സ്വത്വത്തെ അഥവാ ചിതിയെ വഹിക്കുന്നത് അവിടെയുള്ള ജനങ്ങളാണ് എന്നു പറയുക വഴി രാഷ്ട്ര ശരീരത്തേയും സാധക ശരീരത്തേയും അതിലൂടെ പ്രവഹിക്കുന്ന പ്രാണനേയും നമ്മുടെ നേർദൃഷ്ടിയിൽ കാണാവുന്ന രാജ്യവും രാജ്യവാസികളുമായി മാധവ്ജി തുലനം ചെയ്തിരിക്കുന്നു. നിത്യ ജീവിതത്തിന്റെ പ്രായോഗികതയിൽ താന്ത്രികതയുടെ തത്വങ്ങളെ സമന്വയിപ്പിക്കുന്നതിൽ കാണിച്ചിരിക്കുന്ന ഈ വൈഭവം തന്നെയാണു മാധവ്ജി എന്ന മഹാ ഗുരുവിനെ മറ്റു താന്ത്രികരുടെ ഇടയിൽ നിന്നു വ്യത്യസ്തനാക്കുന്നത്.

രാഷ്ട്രത്തിന്റെ ചിതിയെ ആവർത്തിച്ചുറപ്പിക്കുക മാത്രമല്ല ആ ചിതിയെക്കുറിച്ചു ബോധ്യം ഇല്ലാത്തവർ ഭാരതീയർ തന്നെയാണ് എന്ന ദുഃഖകരമായ സത്യത്തെയും അദ്ദേഹം ലേഖനങ്ങളിലൂടെ ആവർത്തിക്കുന്നുണ്ട്. അതേസമയം മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ട് ഈ രാഷ്ട്രമനുഭവിച്ച എല്ലാ കെടുതികളും ഭാരതരാഷ്ട്രത്തിന്റെ ആത്മീയസത്ത തിരിച്ചറിഞ്ഞ വൈദേശിക അക്രമകാരികൾ അതു നശിപ്പിക്കാൻ ശ്രമിച്ച ശ്രമത്തിന്റെ ബാക്കി പത്രമാണ് എന്നും അത്തരം പ്രവർത്തനങ്ങൾ ഭാവിയിലും നിർബാധം തുടരാൻ സാധ്യതയുണ്ട് എന്നും അദ്ദേഹത്തിന്റെ ലേഖനങ്ങൾ നമ്മെ വിചക്ഷണതയോടെ ഓർമിപ്പിക്കുന്നു. ഒരു സാധകനായി സാധന ചെയ്ത് ആത്മീയാനുഭൂതിയുടെ ഉന്നത ഗിരിശൃംഗങ്ങളിലേയ്ക്കു നാം നടന്നു കയറണമെങ്കിൽ നമ്മുടെ സാധന, പ്രായോഗികതയുടെ തലങ്ങളെ സ്പർശിക്കുകയും നിശ്ചയമായും അതു മുളപൊട്ടി വന്ന ഒരു ദേശത്തിന്റെ സംരക്ഷണത്തിൽ ഹൃദയംകൊണ്ടു പങ്കുവഹിച്ചു കൊണ്ടാവുകയും വേണമെന്നു മാധവ്ജിയിലെ സാധകനും രാഷ്ട്രസ്നേഹിയും നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. എന്നാൽ ഒപ്പം ഓർക്കേണ്ടത് അദ്ദേഹത്തിന്റെ രാഷ്ട്ര സ്നേഹം സങ്കുചിതമായ ഒരാശയത്തിന്റെയും അടിസ്ഥാനത്തിൽ നിന്നുകൊണ്ടല്ല ഉണ്ടായി വന്നിട്ടുള്ളത് എന്നാണ്. അത് ദർശനപരമായ അടിസ്ഥാനത്തിൽ ഊന്നിയിരിക്കുന്നതാണ്. സാധകൻ-രാഷ്ട്രം-ബ്രഹ്മാണ്ഡം എന്നിങ്ങനെ വികസിച്ചു പോകുന്ന അണ്ഡ പിണ്ഡൈക്യം തന്നെയാണു മാധവ്ജിയുടെ രാഷ്ട്രഭാവന. സാർവ്വലൗകികതയും സർവ്വദേശീയതയും വിശ്വപൗരത്വവും സ്വീകരിക്കാൻ അദ്ദേഹത്തിന്റെ രാഷ്ട്ര ഭാവന നമ്മെ തടയുന്നില്ല എന്നു മാത്രമല്ല, അത്തരം മഹത്തരങ്ങളായ ആശയങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയായി അതു തീരുകയും ചെയ്തിരിക്കുന്നു എന്നു വേണം നാം മനസ്സിലാക്കുവാൻ.

0 Comments