ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ഭാരതത്തിന്റെ ആധ്യാത്മിക നഭസ്സിൽ സൂര്യ സമാനമായ പ്രഭ പരത്തി നിൽക്കുന്ന ശുഭ്ര നക്ഷത്രങ്ങളാണ്. ഇവരിൽ ആരായിരുന്നു മുമ്പൻ എന്ന തർക്കം ശുദ്ധ അസംബന്ധമാണ് എന്ന് മാത്രമല്ല. അത്തരമൊരു ചിന്തയുടെ കാതൽ തന്നെ ഇവർ രണ്ടുപേരും എന്തിന് എതിരായി ആണോ പ്രവർത്തിച്ചത് അതെ ജാതി ചിന്തയിൽ നിന്ന് ഉണ്ടായി വരുന്നതാണ് എന്ന് നിസംശയം പറയാം. തീവ്രമായ സ്നേഹബന്ധം കാത്തുസൂക്ഷിച്ച ഈ രണ്ട് യുഗപ്രഭാവന്മാരിലേക്കും ഇത്തരത്തിൽ ബാലിശമായ ഒരു വാദം കൊണ്ടുവരുന്നത് തന്നെ അസംബന്ധമാണ്. എന്നാൽ ഭാരതത്തിന്റെ ഗുരു പാരമ്പര്യം ഒരു കാരണവശാലും മൂപ്പിളമയുടെ അടിസ്ഥാനത്തിൽ അല്ല നോക്കി കാണേണ്ടത്. സനകാദികളയായ ജ്ഞാനവൃദ്ധരായ ശിഷ്യന്മാരുടെ നടുവിലിരുന്ന് മൗനത്തിൽ വിദ്യ പ്രദാനം ചെയ്യുന്ന യുവാവായ ദക്ഷിണാമൂർത്തിയാണ് ഭാരതത്തിന്റെ ഗുരു സങ്കല്പം. നാരായണഗുരു അതേക്കുറിച്ച് എഴുതുന്നതു നോക്കൂ...
സനകസനന്ദസനത്കുമാരർ മുൻപാം
മുനിജനമോടുപദേശമോതി മുന്നംകനിവൊടു
തെക്കുമുഖം തിരിഞ്ഞു കല്ലാൽ-
ത്തണലിലിരുന്നൊരു മൂർത്തി കാത്തുകൊൾക!
ഇങ്ങനെ ഗുരുവിന്റെ പ്രായം ഗുരുവിനെ അടയാളപ്പെടുത്തുന്നില്ല എങ്കിൽ ഗുരുവിന്റെ പദവി ഗുരുവിനെ അടയാളപ്പെടുത്തുന്നുണ്ടോ ? ഇല്ല എന്ന ഉത്തരം ഭാഗവതത്തിൽ നിന്ന് ഭഗവാൻ ദത്തൻ നൽകുന്നു. തന്റെ ഇരുപത്തിനാലു ഗുരുക്കന്മാർ ഇവരാണ് എന്ന് പറഞ്ഞ് ദത്താത്രേയൻ ഭൂമി, വായു, ആകാശം, ജലം, അഗ്നി, ചന്ദ്രൻ, സൂര്യൻ, കപോതം, പെരുമ്പാമ്പ്, സമുദ്രം, പാറ്റാ, വണ്ട്, ആന, തേൻഎടുക്കുന്നവൻ, മാൻ, മത്സ്യം, പിംഗള എന്ന വേശ്യ, കൂരരപക്ഷി, കുട്ടി, കന്യക, കൊല്ലൻ, സർപ്പം, എട്ടുകാലി, വേട്ടാളൻ എന്നിവരെ അവതരിപ്പിക്കുന്നു. ഇത്രയും ഉദാത്തമായ പാരമ്പര്യത്തിന്റെ വക്താക്കൾ ആയിരുന്നു ഗുരുദേവനും, ചട്ടമ്പിസ്വാമികളും. ആയതുകൊണ്ട് ആരുടെയും ശിഷ്യനാവാനോ, വിദ്യ സ്വീകരിക്കുവാനോ അവരിൽ യാതൊരുവിധ തടസവും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ അവർ പരസ്പരം ഗുരു സ്ഥാനത്തിരിക്കുകയും ശിഷ്യപ്പെടുകയും ചെയ്തിരുന്നു എന്ന് തന്നെ മനസ്സിലാക്കണം. ചട്ടമ്പിസ്വാമികൾക്ക് സംസ്കൃതം ചൊല്ലിക്കൊടുത്തത് നാണു ഗുരുവാണ് എന്നത് അവരുടെ ജീവചരിത്രങ്ങളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്, 'ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ട അവസരത്തില്‍ അദ്ദേഹത്തിന് സംസ്‌കൃതം നല്ല വശമില്ലായിരുന്നു. ആ വിഷയത്തില്‍ പല സംശയങ്ങളും അദ്ദേഹത്തിന് തീര്‍ത്തുകൊടുത്തിട്ടുണ്ട്' എന്ന് ഗുരു പറയുന്നുണ്ട് .. അതുപോലെ നാരായണ ഗുരുവിന് വിദ്യാ ഗുരുവായി ചട്ടമ്പിസ്വാമികൾ ഇരുന്നിരുന്നതായും നമുക്ക് കാണാം. ഗുരു തന്നെ എഴുതുന്നത് നോക്കൂ
“ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹൻ നവമഞ്ജരികാം ശുദ്ധീ കർത്തുമർഹന്തി കോവിദാഃ''
തന്റെ ആദ്യകാല കൃതിയിൽ ശിശുനാമകൻ ( ചട്ടമ്പിസ്വാമികളുടെ മറ്റൊരു പേരായിരുന്നു , കുഞ്ഞൻപിള്ള എന്നൊക്കെയുള്ളതിന്റെ സംസ്കൃത രൂപം ) എന്ന ഗുരുവിന്റെ ആജ്ഞ ശിരസാ വഹിച്ചുകൊണ്ട് നവമഞ്ജരി എന്ന കൃതി രചിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. ഇതേക്കുറിച്ച് ഡോക്ടർ പൽപ്പുവിന്റെ മകനും ശ്രീനാരായണഗുരുവിന്റെ ഉത്തമ ശിഷ്യനും നിത്യ ചൈതന്യയതിയുടെ ഗുരുവും ആയിരുന്ന ആയിരുന്ന നടരാജഗുരു എഴുതുന്നത് നോക്കൂ.
The Guru's sensitive spirit responded to the situation surprisingly. Kunjan Pillay Chattambi, who was one of the leaders of the renaissance group, recognized early the potentialities of the Guru Narayana and consciously encouraged him to unfold and open out and by his intelligent elderly guidance, helped the shy, young and retiring Nanu of those days. One of the early compositions of the Guru called Navamanjari (Nine Verses) expressly recognizes at the beginning how it came to be written at the instance of the Sisu Nama Guru, which is the Sanskrit designation for the name of Kunjan Pillay whom the Guru Narayan, at the start of his own career avowedly called a "Guru". This is as good as calling him his own "Guru".
The relation between them has been the subject of some inter- ested controversy, but once on being questioned about the Guruhood of the Chattambi Swami, the Guru Narayana said he saw no objec- tion in taking Chattambi Swami as Guru. He readily accepted the senior companion and paid full respect to him, conceding him all priority."
(Natarajaguru - The Word of the Guru page 258)
ശ്രീനാരായണ ഗുരുവിനെ തന്റെ ശിഷ്യനായി ചട്ടമ്പിസ്വാമികൾ ഗണിച്ചിരുന്നു.കൊല്ലവർഷം ആയിരത്തി തൊണ്ണൂറ്റിരണ്ടാമാണ്ട് ശ്രീനീലകണ്ഠ തീർത്ഥസ്വാമികൾ പ്രസിദ്ധീക രിച്ച “ദേവാർച്ചാ പദ്ധതി' എന്ന ഗ്രന്ഥത്തിന് ശ്രീചട്ടമ്പിസ്വാമികൾ ഒരു ഉപോദ്ഘാതം എഴുതിയിട്ടുണ്ട്. അതിൽ “യോഗജ്ഞാനപാരംഗമതയ്ക്ക്-യോഗജ്ഞാനപ്രമേയങ്ങളെ സംപ്രദായരീത്യാ ഗ്രഹിക്കുകയും പരിശീലിക്കുകയും ചെയ്ത് ആരൂഢപദത്തിലെത്തുന്നതിന് അനേകം സംവൽസരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യൻ നാണുഗുരു' എന്നു പ്രസ്താവിച്ചിരിക്കുന്നു. അതുപോലെ ആയിരത്തി എൺപത്തി എട്ടിൽ ശ്രീ ചട്ടമ്പിസ്വാമികൾ ശ്രീ ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യന്മാർക്ക് അയച്ച ഒരു കത്തിലും “ഞാനും, മുൻപു യോഗ ജ്ഞാന വിഷയത്തിൽ എന്റെ ശിഷ്യനായിരുന്ന നാണുഗുരുസ്വാമിയും എന്നു പ്രസ്താവിച്ചിട്ടുണ്ട്. തീർച്ചയായും ശ്രീനാരായണഗുരുദേവൻ സന്യാസം നൽകിയത് ചട്ടമ്പിസ്വാമികൾ അല്ല അത്തരുണത്തിൽ ഒരു മാനവ ഗുരുവിനെ ഗുരുദേവന് മുകളിൽ കാണാനും സാധിക്കുന്നില്ല. ആയതുകൊണ്ട് ചട്ടമ്പിസ്വാമികൾ ഗുരുദേവന്റെ ദീക്ഷാഗുരു അല്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ യോഗം ഉൾപ്പെടെയുള്ള വിദ്യകൾ അദ്ദേഹത്തിന് ഉപദേശിച്ചത് കൊണ്ട് വിദ്യാഗുരു എന്ന സ്ഥാനം തീർച്ചയായും ഉണ്ട്.
ഇവർ രണ്ടുപേരും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ തന്നെ അല്പബുദ്ധികളായ മനുഷ്യർ ഇവരിൽ മൂപ്പിളമ ആരോപിക്കുന്ന ഘട്ടത്തിൽ രണ്ടുപേരും അത്തരത്തിലുള്ള ബാലിശതയെ തള്ളിക്കൊണ്ട് ഞങ്ങൾ രണ്ടുപേരും പരസ്പരം ശിഷ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. 'അപ്പനേ, ഞാന്‍ ആരുടേയും ഗുരുവല്ല എല്ലാവരുടേയും ശിഷ്യനാണ്… നാണു, ആശാനായിരുന്നപ്പോള്‍ ഞാന്‍ ചട്ടമ്പിയാണ്' എന്നാണ് ചട്ടമ്പിസ്വാമികൾ വിനീതമായി പ്രതികരിച്ചത്.
ചട്ടമ്പിസ്വാമികളുടെ സമാധി സമയത്ത് സദ്ഗുരു മഹാസമാധിയായി എന്നു പറഞ്ഞുകൊണ്ട് . ജഗദ്ഗുരു സ്ഥാനത്ത് പരിലസിച്ചിരുന്ന ആ മഹാത്മാവിനെ ഗുരുദേവൻ വന്ദിക്കുന്നുണ്ട് . പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ എന്ന തത്വത്തിലൂന്നി ജീവിച്ച മഹാത്മക്കളിൽ നമ്മുടെ കേവല ബുദ്ധി വെച്ച് മൂപ്പിളമയും , മേൽക്കോയ്മയും ആരോപിക്കുന്നത് ആശാവഹമല്ല.
0 Comments