അഭിനവഗുപ്തൻ

Back

ഡോ ആർ. രാമാനന്ദ്

Author

ആദിയിൽ, അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിനു യാതൊരു പ്രസക്തിയും ഇല്ല കാരണം ആദ്യന്തരഹിതമായ ഉണ്മയ്ക്ക് തുടക്കവും ഒടുക്കവും ഇല്ല . എങ്കിലും മനുഷ്യർക്ക് പറഞ്ഞു തുടങ്ങുവാൻ ഒരു ആദി കൂടിയേ സാധിക്കുകയുള്ളൂ..
 
അങ്ങനെ ഒരു ആദിയിൽ പരമശിവൻ അതീവ കരുണാഭാവത്തോടു കൂടെ ലോകത്തിനായി കൊണ്ട് തന്ത്രശാസ്ത്രം എന്ന മഹാവിദ്യയെ സ്വച്ഛന്ദ ഭൈരവനാഥന്റെ സ്വരൂപം സ്വീകരിച്ചുകൊണ്ട് പ്രകാശിപ്പിച്ചു. തന്ത്രധാരയുടെ അനസ്യൂതമായ ആ ഒഴുക്ക് നവ കോടി വിസ്താരമായും, അവിടെ നിന്ന് ചുരുങ്ങി ചുരുങ്ങി ചുരുങ്ങി അതിന്റെ ഒരു മാത്ര മാത്രം മനുഷ്യർക്ക് ലഭ്യമാവുന്ന വിധത്തിൽ ലഭിച്ചു തുടങ്ങി..
യുഗ കൽപ്പനയുടെ ചാക്രികത ഇപ്പോൾ ചെന്നു മുട്ടുന്നത് കലിയുഗത്തിലാണ്. സത്യയുഗത്തിലെ സ്വച്ഛന്ദനാഥനിൽ നിന്ന് കലിയുഗം എത്തുമ്പോഴേക്കും അനവധി നിരവധി ഗുരുക്കന്മാർ തന്ത്രപാതയിൽ ഉണ്ടായി, അവയിൽ വാസുകിയും ഗരുഡനും രാവണനും വിഭീഷണനും രാമനും ലക്ഷ്മണനും കൃഷ്ണനും അങ്ങനെ പേരറിയുന്നവർ ഒരുപാട് പേരുണ്ട്.. കലിയുഗം കാളിയുടെയും കലിയുടെയും യുഗമാണ് കന്മഷത്തിന്റെ യുഗമാണ് സ്വാഭാവികമായ ഇരുട്ട് തന്ത്രശാസ്ത്രത്തെയും മറച്ചു. പക്ഷേ നിത്യപ്രഭാവിതമായ തന്ത്രധാരയെ എന്തിനെങ്കിലും മൂടി വെക്കാൻ സാധിക്കുമോ?
 
ശിവ പെരുമാൾ ശ്രീകണ്ഠനാഥന്റെ രൂപം സ്വീകരിച്ചു.. തന്ത്രവിദ്യ കലിയുഗത്തിൽ വീണ്ടും പ്രകാശിതമായി, സനത് കുമാരനും, ദുർവാസാവിനും ആ വിദ്യ തെളിഞ്ഞു കിട്ടി. ഋഷി ദുർവാസാവ് ആ വിദ്യ മാനവരിലേക്ക് പ്രവഹിപ്പിച്ചു. ശ്രീനാഥൻ അമർദ്ദകനാഥൻ , ത്രയംബകനാഥൻ, അർദ്ധത്രയംബക എന്നീ മക്കളിലൂടെ, തന്ത്ര ശാസ്ത്രത്തിന്റെ ഭേദം, ഭേദാഭേദം, അഭേദം എന്നീ ശാഖകൾ പ്രചരിച്ചു.. ത്രയംബകനാഥന്റെ പരമ്പര മക്കളായും, ശിഷ്യരായും അണ മുറിയാതെ സഞ്ചരിച്ചു, അതിൽ തിളക്കമുള്ള ഒരുപാട് മുത്തുകളെ നമുക്ക് കാണുവാൻ സാധിക്കും. ആനന്ദൻ സോമാനന്ദൻ , ഉത്പല ദേവൻ , ശിവനിൽ നിന്ന് ശക്തിപാതം നേരിട്ട് സ്വീകരിച്ച വസുഗുപ്തൻ.. ശൈവ പരമ്പര എത്ര തെളിമയും മഹിമയും ഉള്ളതാണ്.. എന്നാൽ അതിൽ ഒരു തിളക്കമേറിയ മുത്തുണ്ട് ഭൈരവ സ്വരൂപ അഭിനവഗുപ്തൻ... യോഗിനിഭൂവായി ജനിച്ച സാക്ഷാൽ ഭൈരവൻ തന്നെ മണ്ണിൽ ഉടൽ സ്വീകരിച്ച മഹായോഗി. തന്ത്രം, കല, സൗന്ദര്യശാസ്ത്രം എന്നിങ്ങനെ ആ ശിവയോഗി കൈ വെക്കാത്ത ഒന്നുമില്ല.. ഭാരതം വേണ്ട വിധത്തിൽ അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ വിദേശ സർവകലാശാലകളിൽ അഭിനയം പഠിക്കാൻ , കാവ്യം പഠിക്കാൻ , തന്ത്രം പഠിക്കാൻ ഏതാണ് അവസാന വാക്ക് എന്ന് ചോദിച്ചാൽ അവർ പറയും അഭിനവഗുപ്തൻ എന്ന്.
 
 
ആരാണ് അഭിനവഗുപ്തൻ ?
 
എളുപ്പം ഉത്തരം പറയാവുന്ന ഒരു ചോദ്യമല്ല. കാരണം തന്ത്രശാസ്ത്രം,രസശാസ്ത്രം,കാവ്യം, നാട്യശാസ്ത്രം തുടങ്ങി തന്റെ ശ്രദ്ധ പതിഞ്ഞ മേഖലകളിൽ എല്ലാം ആഴവും പരപ്പുമുള്ള കൃതികൾ പ്രദാനം ചെയ്ത ഉജ്ജ്വല പ്രതിഭയാണ് അഭിനവഗുപ്തൻ. എന്നാൽ ഏറ്റവും കുറഞ്ഞ അളവിൽ ഭാരതം അറിയാൻ ശ്രമിച്ചിട്ടുള്ളതും ഇദ്ദേഹത്തെ തന്നെയാണ് എന്ന് കുറച്ച് വിഷമത്തോടെ തന്നെ പറയേണ്ടി വരും. ശങ്കരാചാര്യരും ബുദ്ധനും എല്ലാം വീണ്ടും വീണ്ടും പഠിക്കപ്പെടുമ്പോഴും യോഗിനി പുത്രനും ഭൈരവ സ്വരൂപനുമായ ഈ ആചാര്യനെ ലോകം മറന്നു...
അതിന്റെ പ്രതിഫലനങ്ങൾ അദ്ദേഹത്തിന്റെ മുഖ്യ മേഖലയായ തന്ത്ര ശാസ്ത്രത്തിൽ തന്നെ കാണാവുന്നതാണ്. സ്ത്രീ-മദ്യം-ബലി എന്നിവയാൽ മനസ്സിനെ ബന്ധിച്ചു യാന്ത്രികമായി കർമ്മങ്ങൾ നിർവഹിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു താന്ത്രികർ. അവിടെയാണ് തന്ത്രത്തിന്റെ സ്വത്വത്തിലേക്ക് വെളിച്ചം വീശുന്ന 'തന്ത്രാലോകം' പോലുള്ള കൃതികളുടെ പഠനം ആവശ്യമായി വരുന്നത്.
അദ്ദേഹത്തിന്റെ കാവ്യഭംഗിയും ദാർശനികസൗന്ദര്യവും ഭക്തിയും നിറഞ്ഞ ഈ വരികൾ ഒന്ന് ശ്രവിച്ചാൽ അറിയാം അദ്ദേഹം അനുഭവിച്ച അനുഭൂതിയുടെ രസം.
" മഹാപ്രഭോ, രാവും പകലും നിന്നെ പൂജിക്കാനുള്ള ഇടം, ഈ പ്രപഞ്ച സൗന്ദര്യം എന്നിൽ നിറയ്ക്കുന്ന ആനന്ദമാകുന്ന മധുവിനാൽ അഭിഷേകം ചെയ്ത് ശുദ്ധമാക്കട്ടെ. നിന്നെയും നിന്റെ പ്രിയതമയെയും, ശരീരമാകുന്ന ശ്രീകോവിൽ എന്റെ മനമലരുകൾ നിന്റെ മത്തുപിടിപ്പിക്കുന്ന ആനന്ദം നിറഞ്ഞ ഹൃദയചഷകത്തിൽ മുക്കി നാം ഒന്നെന്ന ഭാവത്തിൽ പൂജിച്ചു കൊള്ളട്ടെ..."
അഭിനവഗുപ്തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ പല കൃതികളിലും അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കൃതികളിലും സൂചനയുണ്ട്.
അഭിനവഗുപ്തന്റെ ചിത്രമൊന്നും ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യനായ മധുരാജൻ കുറിച്ച് മനോഹരമായ വാഗ്മയ ചിത്രം ധ്യാനിച്ച് കൊണ്ട് നമുക്ക് നിർത്താം..
‌" ശ്രീകണ്ഠന്റെ അവതാരമായി കാശ്മീരത്തിൽ വന്ന അഭിനവഗുപ്തന്റെ രൂപത്തിലുള്ള ദക്ഷിണാമൂർത്തി നമ്മെ രക്ഷിക്കട്ടെ. അദ്ദേഹത്തിന്റെ കണ്ണുകൾ ആത്മീയാനന്ദം നിമിത്തം ഭ്രമണം ചെയുന്നു. ഭസ്മ ത്രിപുണ്ട്രകം കൊണ്ട് അങ്കിതമാണ് അദ്ദേഹത്തിന്റെ നെറ്റിത്തടം. കർണ്ണപുടങ്ങൾ രുദ്രാക്ഷാലംകൃതങ്ങൾ; കേശഭാരമോ പുഷ്പമാലാലംകൃതവും, കർപ്പൂരം, കസ്തൂരി, ചന്ദനം, എന്നിവ പുരട്ടി ഇരുണ്ട അദ്ദേഹത്തിന്റെ കഴുത്ത് മനോഹരമായിരിക്കുന്നു. യജ്ഞോപവീതം അയഞ്ഞു കിടക്കുന്നു. സ്വർണ്ണ സിംഹാസത്തിൽ മൃദുശയ്യയിൽ വീരമെന്ന യോഗാസനത്തിൽ ആണ് അദ്ദേഹത്തിന്റെ ഇരിപ്പ് ; ചന്ദ്രകിരണസമാനം ധവളമാണദേഹത്തിന്റെ പട്ടുടയാട. മുന്തിരിത്തോപ്പിന്റെ നടുവിൽ തുറന്ന ശാലയിൽ മുത്തുമാലകൾ തൂങ്ങിക്കിടക്കുന്ന വിതാനത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം; പാട്ടും വാദ്യവും ആട്ടവും കൊണ്ട് അവിടം മുഖരിതമായിരിക്കുന്നു; യോഗസിദ്ധി ആർജ്ജിച്ച വിഖ്യാതരായ യോഗിനിമാരെയും സിദ്ധപുരുഷൻമാരെയും കൊണ്ട് അവിടം നിറഞ്ഞിരുന്നു. ക്ഷേമരാജൻ തുടങ്ങി എല്ലാ ശിഷ്യരും മനസ്സ് ഏകാഗ്രമാക്കി അദേഹം പറയുന്നതെല്ലാം എഴുതിയെടുക്കുന്നു. ശിവരസം നിറച്ച ചഷകവുമായി രണ്ട് ദൂതിമാർ അദ്ദേഹത്തിന് ഇരുവശവുമായി നിലകൊള്ളുന്നു. രുദ്രാക്ഷമേന്തിയ അദ്ദേഹത്തിന്റെ വലംകൈ കാൽമുട്ടിൽ വച്ചിരിക്കുന്നു. വിരലുകൾ ജ്ഞാനമുദ്ര ധരിച്ചിരിക്കുന്നു. താമരപ്പൂ പോലെയുള്ള അദ്ദേഹത്തിന്റെ ഇടംകയ്യിലെ തിളങ്ങുന്ന നഖങ്ങൾ കൊണ്ടദ്ദേഹം വീണ വായിക്കുന്നു"
 
 
 
അവലംബം: സുധിൻ 
 
 'അഭിനവഗുപ്തൻ യോഗ സമന്വയത്തിന്റെ പാത' എന്ന വിഷയത്തിൽ ശ്രീ ജെ നന്ദകുമാർ നടത്തിയ പ്രഭാഷണം 
 
0 Comments