യോഗ എന്നാൽ യോഗർട്ട് പോലെ എന്തോ ഒന്നാണ്
എന്നായിരുന്നു അത്രേ ബഹുഭൂരിപക്ഷം അമേരിക്കക്കാരും ഒരുകാലത്ത് ചിന്തിച്ചത് എന്ന് 1971 ഹഫിംഗ്ടൺ പോസ്റ്റ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സത് ജീവൻ സിംഗ് ഖൽസാ എന്ന ഒരു യോഗാദ്ധ്യാപകൻ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇന്ന് യോഗ എന്ന് കേൾക്കുമ്പോൾ ആരോഗ്യം എന്ന് ചിന്തിക്കുന്ന വിധത്തിൽ യോഗ വളർന്നു കഴിഞ്ഞിരിക്കുന്നു. യോഗയുടെ ജനകീയതയും പ്രചാരവും ജീവിതശൈലി രോഗങ്ങൾക്ക് എതിരെയുള്ള പ്രയോജന ക്ഷമതയും കണക്കിലെടുത്ത് 2014 ഡിസംബർ 11 തീയതി ഐക്യരാഷ്ട്രസഭ എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. ഈ ചരിത്രപരമായ പ്രഖ്യാപനത്തിനുശേഷം യോഗ കൈവരിച്ച വളർച്ച അഭൂതപൂർവ്വമാണ്. ഭാരതത്തിന്റെ ഏറ്റവും മികച്ച സാംസ്കാരിക വിനിമയോപാദിയായി യോഗ ഇന്ന് മാറിക്കഴിഞ്ഞു. 20 ദശലക്ഷത്തിലധികം അമേരിക്കക്കാർ ഇന്ന് ദിവസേന യോഗ ചെയ്യുന്നു എന്നത് ആഗോളതലത്തിൽ യോഗ കൈവരിച്ച പ്രചാരത്തിന്റെ നേർസാക്ഷ്യമാണ്. പല തരത്തിലുള്ള യോഗ സ്കൂളുകളും, യോഗ പാഠ്യ പദ്ധതികളും, യോഗ പാരമ്പര്യങ്ങളും നിലവിലുണ്ട്. എല്ലാവരും യോഗ ചെയ്യുന്നു എന്നു പറയുന്ന സമയത്ത് എല്ലാവരും ഒരു യോഗയാണോ ചെയ്യുന്നത് എന്ന ചോദ്യത്തിന് അല്ല എന്നാണ് ഉത്തരം. കാരണം യോഗ എന്ന പദ്ധതി, അനവധി നിരവധിയായ ഭൂമികകളിലൂടെ ഒഴുകി വന്നു ഇന്നത്തെ നില സ്വീകരിച്ച ഒന്നാണ്. അത് ഒഴുകിയ വഴിയിൽ നിന്ന് സ്വീകരിച്ചത് എല്ലാം അതിന്റെ പല പാരമ്പര്യങ്ങളിലും പ്രയോഗ രീതികളിലും കാണാം. അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് യോഗയുടെ വിശാല ഭൂമികകളിലൂടെ ഒരു ചെറിയ സഞ്ചാരം നമുക്ക് നടത്തി നോക്കാം. യോഗയുടെ ചരിത്രം ആരംഭിക്കുന്നത് സിന്ധുവിന്റെ ഊർവ്വര തടങ്ങളിൽ ആണ് എന്ന യോഗാ ചരിത്രകാരന്മാരുടെ വാദത്തെ പിൻപറ്റി നമുക്ക് നടക്കാം.
സിന്ധുവിന്റെ തീരവും ഉർവ്വരതയുടെ ചരിത്രവും
ഭാരതത്തിന്റെ വിശാലമായ ചരിത്രം ദേശ രാഷ്ട്രം എന്ന നിലയിൽ ചുരുക്കി കണ്ടില്ലെങ്കിൽ ആരംഭിക്കുന്നതു സൈന്ധവ നാഗരികതയുടെ സ്ഥലികളിൽ ആണ്. ഒരുപക്ഷെ നഗരവൽക്കരണത്തിനും (urbanisation) നാഗരികമായ ഒരു സാമൂഹിക ഘടനയുടെ വികാസത്തിനും മുൻപു സിന്ധുവിന്റെ തടങ്ങൾ ഏതൊരു നദീതീരത്തെയും പോലെ ഉർവ്വരതയുടെ തീരങ്ങൾ ആയിരുന്നു. എന്നാൽ അതിനോടൊപ്പം ഉർവ്വരത എന്ന സത്യത്തെ ചുറ്റിപ്പറ്റി വളർന്നു വന്ന ഒരു സംസ്കൃതിയുടെ ഈറ്റില്ലം കൂടിയായിരുന്നു.
ഇന്നും നാം ആചരിച്ചുവരുന്ന ഒരുപാട് ഉത്സവങ്ങളും (ഉത്സവം തന്നെ ഉൾസ്രവം ആണെന്ന അഭിപ്രായം ഓർക്കുന്നു) ആചരണങ്ങളും അതി പ്രാചീനകാലത്തു സിന്ധുവിന്റെ തീരത്തു മുളപൊട്ടിയ ഊർവ്വരത കേന്ദ്രബിന്ദുവാക്കിയ വിശ്വാസ പദ്ധതികളിലേയ്ക്കു നീണ്ടുപോകുന്ന കൈവഴികളോടു കൂടിയവയാണ്.
നദി കേന്ദ്രീകരിച്ച് അഥവാ നദിയുടെ തടങ്ങൾ കേന്ദ്രീകരിച്ചു വളർന്നുവന്ന സംസ്കൃതി തീർച്ചയായും കാർഷിക സംസ്കൃതിയാണ്. കൃഷി ഒരു സംസ്കാരം ആകുന്നതും അതിനെ ആംഗലേയത്തിൽ 'അഗ്രികൾച്ചർ' എന്നു വിളിക്കുന്നതും ജനത കൂട്ടമായും ധനാത്മകമായും നിർവഹിച്ചു വന്ന ഒരു ക്രിയയാണു കൃഷി എന്നതുകൊണ്ടു തന്നെയാണ്. കൃഷിയെ സംബന്ധിച്ച് ഒട്ടും ഒഴിച്ചുകൂടാനാവാത്തതു മണ്ണിന്റെ ഊർവ്വരതയാണ്. ജലനിരപ്പ് ഉയരുമ്പോൾ നദി പലയിടത്തുനിന്നും സ്വീകരിച്ച ഫലഭൂയിഷ്ഠമായ വളം തന്നെയാണു നദീതടങ്ങളിലെ ഉർവ്വരതയുടെ കാരണമായിരിക്കുന്നത്. ഇന്നും ഉറവ വറ്റാത്ത സംസ്കൃതിയുടെ ധാരാ പ്രവാഹമായി സിന്ധുവിന്റെ നദീതട സംസ്കാരത്തിൽ ഉള്ളതും ഇതേ ഫലഭൂയിഷ്ഠത തന്നെയാണ് എന്നു കാവ്യാത്മകമായി പരാമർശിച്ചാലും തെറ്റില്ല.
ആദ്യഘട്ടങ്ങളിൽ നായാടിയും, അലഞ്ഞു തിരിഞ്ഞും നടന്ന മനുഷ്യൻ ക്രമേണ നാടോടികളുടെ കൃഷി രീതിയിൽ നിന്നും മാറി വ്യവസ്ഥപിതമായ കാർഷിക രീതികളിലേയ്ക്കു മാറി. അങ്ങനെ കൃഷി ഒരു പ്രധാന ജീവനമാർഗം ആയി സ്വീകരിച്ച കാലം മുതൽ ഭൂമിയുടെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്താൻ മനുഷ്യനു പ്രകൃതിയുടെ സ്വാഭാവിക അനുഗ്രഹങ്ങളായ മഴയേയും, ജലനിരപ്പ് ഉയരുന്നതിനെയും ആശ്രയിച്ചു നിൽക്കുക എന്നത് അപ്രായോഗികമായി തീർന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്താൻ അതിനാൽ കൃതിമമായ മാർഗങ്ങൾ മനുഷ്യന് ഉപയോഗിക്കേണ്ടതായി വന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതു നിലം ഉഴുക എന്ന പ്രവൃത്തിയായിരുന്നു. നന്നായി ഉഴപ്പെട്ട നിലത്തു ഫലഭൂയിഷ്ഠത ഉറപ്പുവരുത്താൻ സാധിക്കുന്നു എന്നത് ഒരുപക്ഷെ മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. അഗ്നിയും, ചക്രവും മനുഷ്യ പുരോഗതിയെ സ്വാധീനിച്ച പോലെത്തന്നെ മാനവരാശിയുടെ സമഗ്രമായ സാംസ്‌കാരിക ചരിത്രത്തെ സ്വാധീനിച്ച ഒന്നാണ് ഊർവ്വരതയെ സംബന്ധിച്ച നിരീക്ഷണവും.
കാളയും കലപ്പയും ഉപയോഗിച്ചു നടത്തുന്ന നിലം ഉഴൽ എന്ന പ്രക്രിയ ഭൂമിയുടെ ഉർവ്വരത കൂട്ടുവാനുള്ള പരിശ്രമമാണ്. വയൽ ഉഴുന്നത് ഉർവ്വരത കൂട്ടുന്നു എന്നുവെച്ചാൽ വിതച്ച വിത്തു നന്നായി പിടിക്കുവാനും വളരുവാനും കാരണമായി ഊർവരത നിൽക്കുന്നു എന്നതു തന്നെയാണ് അർത്ഥം.
കാർഷിക സമൂഹത്തെ സംബന്ധിച്ച് ഉർവരത എന്നതു ദൈവീകമായ ഒരു അനുഗ്രഹം തന്നെയാണ്. ഫലഭൂയിഷ്ഠത ഇല്ലാത്ത മണ്ണിൽ ഒന്നുംതന്നെ കിളിർക്കുക ഇല്ല എന്നും അങ്ങനെ തുടർന്നാൽ അതു സമൂഹത്തിന്റെ നാശത്തിനു തന്നെ കാരണമാകും എന്നുമൊക്കെയുള്ള ചിന്ത പിൽക്കാലത്തു രചിതമായ വേദങ്ങളിൽ പോലും ശക്തമായി കാണുവാനുണ്ട്. അതിനാൽ മണ്ണിനു ഊർവ്വരത ഉണ്ടാകാനുള്ള പ്രാർത്ഥനകൾ വേദങ്ങളിൽ ധാരാളം കാണപ്പെടുന്നുണ്ട്. പറഞ്ഞുവരുന്നത് ഫലഭൂയിഷ്ഠതയ്ക്കു കാരണമാകുന്ന ഉർവരത ദൈവീകമായ ഒരു കാര്യമാണ് എന്ന വിശ്വാസത്തെ കുറിച്ചാണ്. ദൈവികം എന്നു പറയുമ്പോൾ പൂർണമായും മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായ ഒരുകാര്യമാണ് ഇത് എന്ന ബോധ്യത്തെ കുറിക്കാൻ ആണ്. ഉർവ്വരതയെ കൃഷിയിടത്തിലേയ്ക്കു വഹിച്ചുകൊണ്ടുവരുന്ന കാളയും, അതിന് ഉപയോഗിക്കുന്ന ഉപകരണമായ കലപ്പയും ആരാധ്യമായ സ്ഥാനങ്ങൾ സൈന്ധവ സംസ്കൃതിയിൽ അലങ്കരിച്ചു പോരുന്നതിന്റെ വിശദീകരണം ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഇപ്രകാരം നല്കാൻ സാധിക്കുന്നതാണ്. സിന്ധു സീലുകളിൽ നിന്നും ലഭിച്ച കാളയുടെ ചിഹ്നം തീർച്ചയായും ഇതിലേയ്ക്കു വിരൽ ചൂണ്ടുന്ന ഉദാഹരണം ആണ്.
വിശ്വാസപരമായ അസ്തിത്വം രൂപീകൃതമാകുന്നതിനു മുൻപു തന്നെ ഊർവ്വരത എന്ന അനുഭവവേദ്യമായ പ്രകൃതിവിശേഷവും സമാനമായ മനുഷ്യന്റെ ലൈംഗികതയും ഒരു പ്രാക്തന സമൂഹത്തിന് ഏച്ചു കെട്ടാൻ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നില്ല . ഇത്തരം സങ്കല്പങ്ങൾ ലോകമെങ്ങുമുള്ള പ്രാക്തന സംസ്കൃതികളിൽ സമൃദ്ധമായി കാണാവുന്നതാണ്. മണ്ണിന്റെ ഉർവ്വരതയും മനുഷ്യന്റെ ഊർവ്വരതയും (ഉത്പാദനപരത) ചേരുന്നിടത്ത് ഈ മണ്ണിലെ ആദ്യ തത്വചിന്തയുടെ നാമ്പുകൾ വികസിക്കുന്നതു കാണുവാൻ സാധിക്കും. യോഗയും തന്ത്രയും തുടങ്ങിയ തത്വചിന്താപരവും ക്രിയാപരവുമായ പദ്ധതികളുടെ ആരംഭം ഇപ്രകാരം സിന്ധുവിന്റെ ഉർവ്വരതാ വിശ്വാസങ്ങളിൽ നിന്നു തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു.
ഊർവ്വരതയും രണ്ടു പിരിവുകളും
ഊർവരതയുടെ ചരിത്രം വളരെ പ്രധാനമായ ഒരു തിരിവ് എടുക്കുന്നതു യോഗ ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. സൈന്ധവ നാഗരികതയുടെ ഉർവരതാ ബോധ്യങ്ങൾ, അറിവുകൾ തീർച്ചയായും പിന്നീടു വളരെയധികം വികാസം പ്രാപിച്ച ബ്രഹ്മാണ്ഡ പിണ്ഡാണ്ഡ ഐക്യം എന്ന തത്വചിന്തയുടെ ആദിപ്രരൂപങ്ങൾ ആണ്. മനുഷ്യന്റെ ലൈംഗികതയും പ്രകൃതിയുടെ ഊർവരതയും ഒരൊറ്റ ബിന്ദുവിൽ ചുറ്റിത്തിരിയുന്ന ഉണ്മകളായാണു സൈന്ധവ ജനത കണ്ടത്. അവിടെ ഉരുവം കൊണ്ട യൗഗികവും, താന്ത്രികവും ആയ സാധന പദ്ധതികളും ഈ ബിന്ദുവിനെ കേന്ദ്രീകരിച്ചാണ് ഉണ്ടായി വന്നത്. ആ ബിന്ദു വീര്യം എന്ന തത്വമാണ്. വീര്യമാണു പ്രകൃതിയിലെ ഊർവരതയായും മനുഷ്യരിലെ ഉൽപ്പാദനപരതയായും നിലനിൽക്കുന്നത്. പുരുഷനിൽ അതു ബീജ രൂപത്തിലും സ്ത്രീയിൽ അത് അണ്ഡരൂപത്തിലും നിലനിൽക്കുന്നു. തന്ത്ര ശാസ്ത്രത്തിന്റെ വികാസത്തിൽ വെളുത്ത നിറമുള്ള ശുക്ലവും ചുവന്ന നിറമുള്ള അണ്ഡവും ശിവശക്തി സ്വരൂപമായി ആരാധിക്കുന്നതിന്റെ പ്രാരംഭവും ഈ ഊർവ്വരതാ സംബന്ധിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.
വീര്യത്തെ വേണ്ട വിധം സംരക്ഷിക്കുക എന്നത് അടിസ്ഥാനപരമായ ഒരു ആവശ്യമാണ്, വീര്യ വർദ്ധകമായ കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീര്യ സംരക്ഷണവും. ആയതിനാൽ മണ്ണിലും ശരീരത്തിലും വീര്യ സംരക്ഷണം നിശ്ചയമായും നടത്തണം എന്നതു സൈന്ധവ സംസ്കൃതിയുടെ കാലം മുതൽ നാം ശ്രദ്ധിച്ചും ശീലിച്ചും പോരുന്ന കാര്യമാണ്. ഇന്നും നമ്മുടെ കൃഷി വേലകൾ ചെയ്യുന്നവരോട് അന്വേഷിച്ചാൽ വയലിന്റെ വീര്യ സംരക്ഷണത്തിനായിക്കൊണ്ടുള്ള പ്രവർത്തനങ്ങളെ അറിയാൻ സാധിക്കും. ശരീരത്തിന്റെ വീര്യ സംരക്ഷണം, രേതസ്സിനേയും രജസ്സിനേയും ഉള്ളിൽ നിലനിർത്തിക്കൊണ്ടുള്ള രീതിയാണ്. മൂലബന്ധാസനത്തിൽ ഇരിക്കുന്ന സിന്ധു തടത്തിൽ നിന്നു ലഭിച്ച പശുപതിയുടെ രൂപം, മൂലത്തെ ബന്ധിച്ചുകൊണ്ടു രേതസ്സിനെ ഉള്ളിൽ നിലനിർത്തുകയും അതിനെ മുകളിലേയ്ക്കു സഞ്ചരിപ്പിക്കുകയും ചെയ്യുന്ന ഊർധ്വരേത നിലയാണ്. കഠിനമായ ശാരീരിക ചര്യകളിലൂടെ ആസനങ്ങളിലൂടെ പുറത്തേയ്ക്കു സ്രവിക്കുന്ന രേതസ്സിനെ അകത്തു നിലനിർത്തുന്ന പദ്ധതി ഊർവ്വരതാ സങ്കൽപ്പത്തിൽ നിന്നുവന്ന നിരോധത്തിന്റേതായ ഒരു പിരിവാണ്. ലൈംഗിക നിരാസത്തിന്റെ വീര്യ സംരക്ഷണ പൂർവ്വം ഉള്ള ബ്രഹ്മചര്യം ഇവയെല്ലാം ഇന്നും അനുശാസിക്കുകപ്പെടുന്നത് നിരാസത്തിന്റെ പാതയിൽ നിന്നു കൊണ്ടാണ്. ഊർവരതാ സങ്കൽപത്തെ ഈ വിധത്തിൽ നിരാസത്തിന്റെ പാത എന്നും സ്വീകാരത്തിന്റെ പാത എന്നും രണ്ടായി കാണാൻ സാധിക്കും. യോഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിവ് നിരാസത്തിന്റെയും സ്വീകാര്യത്തിന്റെയും പിരിവുണ്ടായി വരുന്ന കാലമാണ്.
നിരാസത്തിന്റെ പാത ബിന്ദുവിനെ ഉള്ളിൽ ധരിക്കുന്ന മാർഗ്ഗമാണ് സ്വീകാരത്തിന്റെ പാത ബിന്ദുവിനെ പുറത്തേക്കു പ്ലാവനം ചെയ്യിപ്പിക്കുന്ന മാർഗമാണ്.
നിരാസത്തിന്റെ പാത
നിരാസം, സ്വീകാരം എന്നീ രണ്ടു പാതകൾ സൂചിപ്പിച്ചുവല്ലോ. ഈ രണ്ടു പാതകളിലും ശക്തമായ സാന്നിധ്യമായി കാണാൻ സാധിക്കുന്ന ഒന്നാണു യോഗ. നിരാസത്തിന്റെ പാതയിൽ യോഗവിദ്യ പുറത്തേയ്ക്കുള്ള അമൃത സ്രാവത്തെ തടയാനുള്ള ആസന നിലകളും, ബന്ധങ്ങളുമാണു ശീലിപ്പിക്കുന്നത് (ഉത്കടാസനം, മൂലബന്ധം, തുടങ്ങിയ ത്രിബന്ധങ്ങൾ). നിരാസത്തിന്റെ പാത വളരെ അധികം പ്രചാരം നേടിയ ഒരു പാതയാവുന്നത് ഒരുപക്ഷെ ആന്തരികമായി അതു സ്വാംശീകരിച്ചിട്ടുള്ള ലൗകീകജീവിത നിരാസത്തിന്റെ മൂല്യങ്ങളെ സാമാന്യം ജനത ആത്മീയം എന്നു കരുതുന്നു എന്നതിനാലാവാം. ഭൗതികവും ആത്മീയവും എന്ന തരംതിരിവു പോലും ഒരുപക്ഷെ ഇത്തരമൊരു സന്ദർഭത്തിൽ ഉണ്ടായിവരുന്ന ഒന്നാണ്. അതേസമയം സ്വീകാരത്തിന്റെയും സമന്വയത്തിന്റെയും പാതകളിൽ ഈ പറഞ്ഞ നിഷേധാത്മകമായ സമീപനം കാണുന്നില്ല. ജീവിതത്തെ ഭാവാത്മകമായി സമീപിക്കുന്ന രീതികളാണ് ഏറിയ കൂറും ഈ ധാരകളിൽ കാണാൻ സാധിക്കുന്നത്.
സിന്ധുവിന്റെ ഊർവരതീരം തന്നെയാണു നിരാസത്തിന്റെ പാതയേയും ഊട്ടിയത്. അവിടെ ഉരുവം കൊണ്ട ജൈന, ബൗദ്ധ, ആജീവിക ദർശനങ്ങളുടെ സമാഹൃത ഭാവമായ ശ്രാമണിക ദർശനങ്ങളിൽ യോഗയുടെ പാത നിരാസത്തിന്റേതായി കാണപ്പെടുന്നത് ഇതുകൊണ്ടാണ്. മൂലബന്ധാസനത്തിൽ ഇരിക്കുന്ന പശുപതിയുടെ രൂപം പിന്നീടു ജൈന കല്പ സൂത്രത്തിലും അകാരാംഗ സൂത്രത്തിലും കാണുന്നത് ഇതുകൊണ്ടാണ്. യോഗ പദ്ധതി പാതഞ്ജല യോഗത്തിൽ എത്തുന്നതിനു മുൻപ് സഞ്ചരിച്ച പാതകളാണ് ഓരോ ആസന നിലയും നമ്മെ ബോധിപ്പിക്കുന്നത്. ആയതിനാൽ ഒരു ആസന നിലയെ ഒരിക്കലും ഒരു ആസന നില മാത്രമായി കാണാതെ അവയുടെ ചരിത്രത്തെ കൂടെ ഒന്നു നാം അടയാളപ്പെടുത്തേണ്ടതായി വരുന്നു.
മൂലബന്ധാസനം
ആസനങ്ങളുടെ രാജാവ് എന്ന പ്രസിദ്ധി പല ആസനങ്ങൾക്കും ചാർത്തി കൊടുത്തിട്ടുണ്ട് എങ്കിലും മൂലബന്ധത്തിന് ആ പേര് തികച്ചും അനുയോജ്യമാണ്. കാരണം വളരെയധികം പ്രയാസകരമായ ഒരു ആസന നിലയാണ് മൂലബന്ധത്തിന്റേത് . രണ്ടു കാലുകളും ചേർത്തു വച്ച് അത് ലിംഗ- ഗുദ കേന്ദ്രങ്ങൾക്കു തിരശ്ചീനമായി നിർത്തുന്ന ഈ രീതി വളരെയധികം പ്രയാസപ്പെട്ടു മാത്രം കൈവരിക്കാവുന്ന ഒരു നിലയാണ് . നിരാസത്തിന്റെ പാതയിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ആസനനിലയാണ് മൂലബന്ധം. മൂലത്തെ ബന്ധിച്ചു കൊണ്ട്, രേതസ്സിന്റെ പുറത്തേക്കുള്ള പോക്കിനെ അഥവാ സ്ഖലനത്തെ നിരോധിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിലയാണ് മൂലബന്ധനത്തിൽ കാണുന്നത് .
സൈന്ധവ നാഗരികതയുടെ പ്രാക്തന തിരുശേഷിപ്പുകളിൽ ലഭിച്ചിരിക്കുന്ന മൂലബന്ധാസനത്തിൽ ഇരിക്കുന്ന പശുപതിയുടെ രൂപം എത്ര പഴക്കം ഈ ആസനം നിലയ്ക്ക് ഉണ്ട് എന്നതിൻറെ പ്രത്യക്ഷമായ ഉദാഹരണമാണ് . മനസ്സ്/ചിന്ത , പ്രാണൻ, ശുക്ലം എന്നിവ ആണ് ശരീരത്തിൽ ചലിക്കുന്നത് എന്നും ഇവയിൽ ഏതെങ്കിലും ഒന്നിനെ രോധിക്കാൻ ശീലിച്ചാൽ മൂന്നിന് മേലും അടക്കം സിധിക്കും എന്നതും യോഗത്തിന്റെ നിരാസ പാതയുടെ സുപ്രധാനമായ കണ്ടുപിടിത്തമാണ്. മൂലബന്ധനത്തോടൊപ്പം, ഉത്ക്കടാസനം എന്ന നിലയും സമാന ഉദ്ദേശ്യ ലക്ഷ്യങ്ങളോട് കൂടിയതാണ്.
സ്വീകാരത്തിന്റെ പാത
നിരാസത്തിന്റെ പാതയിൽനിന്ന് സ്വീകാരത്തിന്റെ പാതയിൽ എത്തുന്ന നേരത്ത് ലോകാനുഭവത്തെ പൂർണമായും സ്വീകരിക്കുക എന്ന നിലയിലേക്ക് കാര്യങ്ങൾ മാറുന്നു. എന്താണ് നിരസിക്കുന്നത് എന്ന ചോദ്യത്തിന് ലൗകിക അനുഭവങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അല്ലെങ്കിൽ എല്ലാ ലൗകീക അനുഭവങ്ങൾക്കും ആധാരമായി നിൽക്കുന്ന ലൈംഗിക അനുഭൂതിയെ തന്നെയാണ് നിരസിക്കുന്നത് അത് കേവലം സന്യാസപരമായ നിരാസം മാത്രമല്ല വീര്യത്തിന്റെ നഷ്ടത്തെ തടയുവാൻ കൂടിയുള്ള പദ്ധതിയാണ്. ലൈംഗിക അനുഭവത്തിൽനിന്നു വിട്ടുനിൽക്കുക എന്ന ചിന്ത സദാചാരപരമായ ഒരു ചിന്ത ആയിട്ടല്ല മറിച്ച് വീര്യ സംരക്ഷണത്തിനായുള്ള മാർഗമായി കൊണ്ടാണ് നിരാസത്തിന്റെ പാത സ്വീകരിച്ചത്. ഇവിടെ നാം കാണുന്നത് നട്ടെലിലൂടെയുള്ള വീര്യത്തിന്റെ പ്രയാണത്തെ സംഭവിപ്പിക്കുവാൻ വേണ്ടിയുള്ള മൂലബന്ധം, ഉത്കടാസനം, ശീർഷാസനം, വിപരീതകരണി പോലുള്ള ആസന നിലകളാണ്. ഒരുതരത്തിലും വീര്യം സ്ഖലിച്ചു പോകാതിരിക്കാൻ ഈ ആസന നിലകൾ യോഗിയെ സഹായിക്കുന്നുണ്ട്. എന്നാൽ സ്വീകാരത്തിന്റെ പാതയിൽ ലൈംഗിക നിരാസം ഇല്ല അമൃതപ്ലാവനം ആണ് ഉള്ളത്. പ്രകൃതി പുരുഷന്മാർ തമ്മിലുള്ള ജൈവികമായ ലൈംഗികബന്ധം വഴി ഉണ്ടാക്കുന്ന ശാരീരികവും മാനസികവും ആത്മീയവുമായ മാറ്റങ്ങളെ വേണ്ടവിധത്തിൽ ആത്മീയ ഉന്നതിക്കായി ഉപയോഗപ്പെടുത്തുക എന്ന താന്ത്രികരതിയുടെ പ്രയോഗതത്വങ്ങളാണ് ഇവിടെ ഉള്ളത്. അവിടെ വീര്യത്തിന്റെ സ്ഖലനം ഒരു പ്രശ്നമായി കാണുന്നേ ഇല്ല. അമൃതപ്ലാവനം ചെയ്യുക എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. താന്ത്രികരതിയുടെ അടിസ്ഥാനതത്വങ്ങൾ ഇവിടെ ആവിഷ്കൃതമായിരിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ പിന്നീട് ഒരുപക്ഷേ സ്വീകാരത്തിന്റെ പാതയുടെ അമിതമായ ദുരുപയോഗം ഉണ്ടായി എന്ന് കാണേണ്ടിവരുന്നു. ആ സമയത്താണ് നിരാസത്തിന്റെ പാതയും സ്വീകാരത്തിന്റെ പാതയും ചേർന്നു സമ്മിശ്രമായ ഒരു മിശ്രപാത രൂപപ്പെട്ടുവരുന്നത് . നാഥ് പരമ്പരയുടെ ആരംഭവുമായി ബന്ധപ്പെട്ട ഒരുപക്ഷേ ഹഠയോഗ പദ്ധതിയുടെ ആരംഭവും ആയി ചേർത്തു കിട്ടാവുന്ന വിധത്തിൽ പോകുന്ന ഒന്നാണ് മിശ്രപാതയുടെ ചരിത്രം.
മിശ്രപാതയുടെ ചരിത്രം
ഒരു കഥ പറയാം. നിരാസത്തിന്റെ പാതയും സ്വീകാരത്തിന്റെ പാതയും ഒന്നു ചേരുന്ന കഥ. മത്സ്യേന്ദ്രനാഥന്റെ ശിഷ്യനായ ഗോരക്ഷാനാഥൻ ഒരിക്കൽ യമലോകത്തു തന്റെ യോഗ ശക്തികൊണ്ട് പ്രവേശിച്ചു. അദ്ദേഹം നടുങ്ങുന്ന ഒരു വൃത്താന്തം അവിടെ നിന്നും കേൾക്കാനിടയായി. തന്റെ ഗുരുനാഥനായ മത്സ്യേന്ദ്രനാഥൻ മരണപെടാൻ പോവുന്നു. അതെങ്ങനെ സംഭവിക്കും കലിയുഗത്തിന്റെ യുഗനാഥനായ മച്ഛന്ദ വിഭു മരിക്കുകയോ? എന്താണിതിനു കാരണം എന്ന് ഗോരഖർ അന്വേഷിച്ചു, മത്സ്യേന്ദ്രനാഥൻ കദ്രി എന്നൊരു സ്ത്രീ രാജ്യത്തിൽ വിഷയാസക്തനായി കഴിഞ്ഞു കൊണ്ട് വീര്യനഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഉടൻ ഈ കാര്യത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കണം എന്ന് നിശ്ചയിച്ച ഗോരക്ഷൻ, കദ്രിയിലേക്കു ചെന്നു, ഒരു നൃത്തക്കാരിയുടെ വേഷം ധരിച്ചുകൊണ്ട് കൊട്ടാരത്തിൽ പ്രവേശിച്ച ഗോരഖർ, സാന്ധഭാഷയിൽ ഗോരഖൻ ആണ് ഞാൻ, ഇതപകടം ആണ് എന്ന് മച്ഛന്ദനെ ഉണർത്തിച്ചു, ഈ കാര്യം കേട്ട മച്ഛന്ദൻ മോഹമായയിൽ നിന്നുണരുകയും അവിടം വിടുകയും ചെയ്തു.
കഥ സൂചിപ്പിക്കുന്നത് വീര്യ സംരക്ഷണാർത്ഥം നടന്നു പോന്ന നിരാസ പാത സ്വീകാര്യത്തിന്റെ അമൃതാപ്ലാവനത്തിന്റെ പാതയിൽ സഞ്ചരിച്ചപ്പോൾ അതിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണ്. എന്നാൽ ഈ ശ്രമം ഒരു മിശ്രപാതയെ സൃഷ്ടിക്കുകയാണ് ചെയ്തത്. വീര്യ സംരക്ഷണത്തിനായി ലൈംഗീക നിരാസം ആണ് നിരാസത്തിന്റെ പാത, സ്വീകാരത്തിൽ ലൈംഗീക നിരാസമോ ബീജ രക്ഷണമോ ഇല്ല. എന്നാൽ മിശ്രപാതയിൽ ലൈംഗീക നിരാസമില്ല അതെ സമയം ബീജ രക്ഷണം ഉണ്ട് താനും. സ്ഖലിച്ച ശുക്ലത്തെ ലിംഗത്തിലൂടെ വലിച്ചു ഉള്ളിലേക്ക് എടുക്കുന്ന വജ്രൗളി തുടങ്ങിയ യോഗ പ്രയോഗങ്ങൾ ഉണ്ടായി വരുന്നത് ഇവിടെയാണ്. യോഗയുടെ ചരിത്രം മിശ്രപാതയുടെ കൂടെ ചരിത്രമാണ്. ഇന്ന് നാം കാണുന്ന ഹഠയോഗ മിശ്രപാതയുടെ സംഭാവനയാണ്.
ഇങ്ങനെ സൈന്ധവ ഊർവരതയിൽ തുടങ്ങി നിരാസത്തിന്റെ അഥവാ വീര്യ സംരക്ഷണപൂർവ്വമുള്ള ബ്രഹ്മചര്യത്തിന്റെ പാതയിലൂടെയും, സ്വീകാരത്തിന്റെ അഥവാ വീര്യത്തിന്റെ നിരോധമില്ലാത്ത പാതയിലൂടെയും ഇത് രണ്ടും ചേർന്ന മിശ്ര പാതയിലൂടെയും യോഗ ഒഴുകി പരന്നിട്ടുണ്ട്. യോഗയുടെ സമഗ്രമായ ചരിത്രം പറയാൻ ഇനിയും ഒരുപാട് ബാക്കിയുമുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ എന്നത് കേവലം രാജയോഗമോ , ആസനപ്രധാനമായ ഹഠയോഗമോ, പ്രാണായാമ പ്രാധാനമായ വാശിയോഗമോ മാത്രമല്ല നിരവധി ആശയങ്ങളുടെയും ചിന്തകളുടെയും പാരമ്പര്യങ്ങളുടെയും വിവിധതകളെ ഉൾക്കൊള്ളുന്ന ഒരു സമുദ്രമാണ് എന്ന് നാം അറിയണം. ഇന്ന് നാം കാണുന്ന യോഗയിൽ ഈ ലേഖനത്തിൽ പറഞ്ഞതും പറയാത്തതുമായ അനേകം പാരമ്പര്യങ്ങൾ ആകുന്ന കൈവഴികൾ സംയോജിക്കപ്പെട്ടിട്ടുണ്ട്. യോഗയുടെ വൈവിധ്യം ആഘോഷിക്കാൻ ആകട്ടെ ഈ യോഗാ ദിനം .
0 Comments