കേരളത്തിന്റെ ദൈവീകപാരമ്പര്യം

Back

ഡോ ആർ. രാമാനന്ദ്

Author

പ്രാചീന കേരളത്തിന്റെ ദൈവീകപാരമ്പര്യം എവിടെ നിന്ന് ആരംഭിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരമില്ല. അതിന്റെ പ്രാരംഭം ചരിത്രാതീത കാലത്തിലേക്കും ചുവരിൽ കോറിയിട്ട ശിലായുഗത്തിന്റെ ശേഷിപ്പുകളിലേക്കും ഒക്കെ നീണ്ടു പോകുന്നതാണ്. എന്നാൽ ലിഖിത പാഠങ്ങളുടെ തെളിവുകൾ തിരഞ്ഞാൽ അത് സംഘകാലത്തിന്റെ ഭാസുരമായ ഓർമ്മകളിലേക്കും സംഘസാഹിത്യ പെരുമയിലും തന്നെയാണ് ചെന്നു മുട്ടുക. അങ്ങനെ വരുമ്പോൾ കേരളത്തിന് മാത്രം സ്വന്തമായ ഒരു ദൈവീക പാരമ്പര്യമല്ല മറിച്ച് തെക്കു കുമരിയും വടക്ക് വേങ്കടവും കിഴക്കും പടിഞ്ഞാറും കടലും അതിരു കോറിയിടുന്ന വിശാല തമിഴകത്തിന് മുഴുവൻ അവകാശപ്പെടാവുന്ന ഒരു പാരമ്പര്യമാണ് കേരളത്തിനുമുള്ളത് എന്ന് കാണാം. നാം നമ്മുടെ ജൈവികമായ ആരാധനാ പദ്ധതിയായി ഇന്നും പാലിച്ചു പോരുന്ന ജീവസ്സുറ്റ ഒരു ധാരയാണത്. സംഘകാല സംസ്കൃതി മണ്ണിനെയും കൃഷിയെയും ജനജീവിതത്തെയും സമന്വയിപ്പിച്ചിരുന്നത് അതിന്റെ ആരാധനാ പാരമ്പര്യത്തിലായിരുന്നു. സംഘകാല ദേവതാ സങ്കൽപ്പത്തെ ഒന്നു പരിശോധിക്കാം.
 

സംഘകാല ദേവതകൾ

 
സംഘകാലഘട്ടത്തിൽ ഭൂമിയെ അവയുടെ സ്വഭാവം അനുസ രിച്ച് അഞ്ചു വിഭാഗങ്ങളായാണ് തിരിച്ചിരുന്നത്. ഈ തരം തിരിവിനെ തിണകൾ എന്നാണ് വിളിച്ചത്. അഞ്ചു തിണകൾ എന്ന അർത്ഥത്തിൽ ഐന്തിണകൾ എന്നും. തിണകളുടെ പ്രത്യേകതയനുസരിച്ച് അവിടെ ജീവിച്ചിരുന്ന ജനങ്ങൾ ഏർ പ്പെട്ടിരുന്ന ജോലികളും വ്യത്യസ്തമായിരുന്നു. അതോടൊപ്പം അവർ ആരാധിച്ചിരുന്ന ദേവതകളും. തിണകളെ തരം തിരിച്ചത് ഓരോ പ്രദേശത്തും വളരുന്ന പുഷ്പങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിൽ ആണ്. തമിഴ് മസാഹിത്യത്തിൽ പ്രണയവികാരത്തെ തിണകളുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്ന രീതിയും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ കുറിഞ്ചിപ്പാട്ട്, മുല്ലപ്പാട്ട്, പാലൈപ്പാട്ട്, നെയ്തൽ പാട്ട്, മരുതംപാട്ട് തുടങ്ങിയവ തമിഴ് സംഘസാഹിത്യത്തിൽ ധാരാളം കാണാൻ സാധിക്കുന്നുണ്ട്. മനുഷ്യന്റെ ജൈവികമായ ആവാസവ്യവസ്ഥ വികാരങ്ങളിലും ആത്മീയതയിലും ഉണ്ടാ ക്കുന്ന സ്വാധീനം തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഓരോ തിണയുടെയും ദേവതകളെക്കുറിച്ച് തൊൽക്കാപ്പിയം എന്ന പ്രാചീന സംഘകാലകൃതിയാണ് വെളിച്ചം വീശുന്നത്. തൊൽക്കാപ്പിയത്തിലെ ചില ഭാഗങ്ങൾക്ക് ബി.സി. മൂന്നാം നൂറ്റാണ്ടിലും പുറകിലേക്ക് പഴക്കം കല്പിക്കപ്പെടുന്നുണ്ട്.
ഐന്തിണകൾ
 
മായോൻ മേയ കാടു ഉലകവും
ചേയോൻ മേയ മൈവരെ ഉലകവും
വേന്തൻ മേയ തീംപുനല് ഉലകമും
വരുണൻമേയ പെരുമണല് ഉലകമും
മുല്ലൈ കുറിഞ്ചി മരുതം നെയ്തല് എന
ചൊല്ലിയ മുറൈയാൻ ചെല്ലവും പടുമേ.
 
എന്ന പൊരുളധികാരസൂത്രത്തിൽ സംഘകാല ദേവതകളെയും അവരുടെ അധിവാസസ്ഥാനങ്ങളെയും കുറിച്ച് പറഞ്ഞിരിക്കുന്നു. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം .
 
കുറിഞ്ചി തിണ : കുറിഞ്ഞി പൂക്കൾ പൂക്കുന്ന ഉയർന്ന പ്രദേശം ആണ് കുറിഞ്ചി, വേടർ, മലമ്പണ്ടാരങ്ങൾ, ഉള്ളാടർ, മലയരയർ തുടങ്ങിയ വിഭാഗത്തിൽപെട്ടവരാണ് ഇവിടെ താമസിക്കുന്നത് . ചേയോൻ എന്ന ചുകന്ന ദൈവമാണ് കുറിഞ്ചിയുടെ ദേവത. ഈ ചേയോൻ മറ്റാരുമല്ല മുരുകൻ തന്നെയാണ്.
 
മുല്ലെ തിണ : മുല്ലൈ അഥവാ വനപ്രദേശം കാടുനിറഞ്ഞ പ്രദേശമാണ് മുല്ല എന്ന തി. മുല്ല വളരുന്ന കാടായതുകൊണ്ടാണ് മുല്ലൈ എന്ന പേര് വന്നത്. മായോന എന്ന ഇടയരുടെ ദൈവമാണ് ഈ തിണയുടെ ദേവത. മായ കൾ കാട്ടി നടക്കുന്ന കറുത്തനിറത്തോടുകൂടിയവൻ ആണ് മായോൻ. ഈ മായോൻ തന്നെയാണ് പിന്നീട് ആര്യവത്കരി ക്കപ്പെട്ട് വിഷ്ണുവായി മാറുന്നത്. മായോൻ എന്ന പദം മാ ലക്ഷ്മി)യോടു ചേർന്നവനെന്നും അതുകൊണ്ട് വിഷ്ണു ആണെന്ന് പണ്ഡിതരാഭിപ്രായപ്പെടുന്നു. മാട് മേയ്ക്കുന്നവരുടെ സമൂഹമാണ് മുല്ലേയിൽ താമസിച്ചു വന്നത്, മായോൻ ഇടയൻ ആയ കൃഷ്ണൻ ആണെന്ന് പറയുന്നതിന്റെ യുക്തിയും മറ്റൊന്നല്ല.
 
മരുത തിണ : പുഷ്ടിപ്രദേശമായിട്ടുള്ള വയലുകളെയോ സമതലങ്ങളെയോ താഴ്വാരങ്ങളെയോ ആണ് മരുതം എന്ന പേരിൽ അറിയപ്പെട്ടത്. കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ജനങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. വേന്ദൻ എന്ന മഴദൈവത്തെയാണ് അവർ ആരാധിച്ചിരുന്നത്. കൃഷിക്ക് വെള്ളം പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് മഴ പെയ്യിക്കുന്ന ദൈവം എന്നർത്ഥത്തിലാണ് വേന്ദൻ ആരാധ്യനായത്. ഇതേ വേന്ദനാണ് പിന്നീട് ഇന്ദ്രനായി മാറുന്നത്. എന്നാൽ വേദത്തിലുള്ള ഇന്ദ്രനെത്തന്നെയാണ് വേന്ദ്രൻ എന്നപേരിൽ ദ്രാവിഡർ ആരാധിച്ചിരുന്നത് എന്ന ഒരു മറുവാദവും നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ, വൈദികസമൂഹവും ദ്രാവിഡ സമൂഹവും ചേർന്നു ജീവിച്ചതുകൊണ്ടാകാം ഇങ്ങനെ ഒരു കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ടാവുക എന്നും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായമുണ്ട്.
 
നെയ്തൽ തിണ : തീരപ്രദേശത്തെയാണ് നെയ്തൽ എന്ന് വിളിച്ചത് . മീൻപിടുത്തം മീൻ കച്ചവടം തുടങ്ങിയവ തൊഴിലാക്കിയവരാണ് ഇവിടെ താമസിച്ചത് , തുറ അരയ വിഭാഗത്തിൽ പെട്ടവർ താമസിച്ചിരുന്ന ഇടമാണിത്. ആമ്പൽ പൂവാണ് നെയ്തലിന്റെ പുഷ്പം. കടലോൻ അഥവാ വൈദിക ദേവതയായ വരുണനാണ് ഈ ഭൂവിഭാഗത്തിന്റെ ദേവത.
 
പാലൈ തിണ : കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്ത കള്ളിമുൾച്ചെടി വളർന്നുനിൽക്കുന്ന ഊഷര ഭൂമിയാണ് പാലായി തിണ്ണ . മറവർ അഥവാ കളർ എന്ന ജനവിഭാഗമാണ് ഇവിടെ ജീവിച്ചിരുന്നത്. മറവർ വലിയ പോരാളികളും യുദ്ധോത്സുകരും ആയിരുന്നു, മറുവപ്പടയെ തോൽപ്പിച്ച അയ്യപ്പന്റെ കഥ നമ്മൾക്ക് പരിചയമുള്ളതാണല്ലോ. കൊട്രവൈ എന്ന യുദ്ധ ദേവതയാണ് പാലായി തിണ്ണയുടെ മുഖ്യ ദേവത. കുറുമ്പ എന്ന പേരിൽ നാം ആരാധിച്ചു വരുന്ന ദേവത കൊട്രവൈ തന്നെയാണ്.
 
സംഘകാല ഭൂവിഭാഗത്തെക്കുറിച്ചും അതിലെ വിവിധങ്ങളായിട്ടുള്ള ദേവതാ സങ്കല്പങ്ങളെ കുറിച്ചും നമ്മൾ മനസ്സിലാക്കി . എന്നാൽ സംഘകാലത്തിനും പ്രാക്തനമായ ഒരുകാലത്ത് നിന്ന് നമ്മുടെ ദേവതകളുടെ ചരിത്രം ആരംഭിച്ചിട്ടുണ്ട്. തീർച്ചയായും ലഭ്യമായ പുരാവസ്തു രേഖകളുടെ അടിസ്ഥാനത്തിൽ അത് ചെന്ന് മുട്ടുക സിന്ധുവിന്റെ ഊർവ്വര തടങ്ങളിൽ ആണ് . സിന്ധുവിന്റെ തീരങ്ങളിൽ നിന്ന് ലഭിച്ച പശുപതി ശിവന്റെ രൂപവും അമ്മ ദൈവങ്ങളുടെ രൂപവും ഒപ്പം തന്നെ ലഭിച്ച സപ്ത കന്നികളുടെ രൂപങ്ങളും മഹിതമായ ഒരൂർവ്വര സംസ്കൃതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.
 
ഊർവ്വരതയും ആരാധനയും
 
ആധുനിക ചരിത്ര ബോധം വെച്ച് സിന്ധുവിനെ ഒരു പ്രാരംഭ ബിന്ദുവായി കണക്കാക്കിയാൽ അന്നുമുതൽ ഇന്നുവരെ നാം പിന്തുടരുന്ന ആരാധനാ രീതികൾക്ക് ഒരു സവിശേഷത ഉണ്ട്. അത് മണ്ണിന്റെയും മനുഷ്യന്റെയും ഊർവരതയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ്. മണ്ണിന്റെ ഊർവ്വരത കൃഷിക്ക് അത്യന്താപേക്ഷിതമാണ് അതുകൊണ്ട് മണ്ണിൽ ഊർവ്വരത കൊണ്ടുവരുന്ന കലപ്പ, കലപ്പയെ വഹിക്കുന്ന കാള ആരാധ്യമാണ്. ഊർവ്വരതയുടെ ദേവൻ തീർച്ചയായും കാള മേൽ ഇരിക്കുന്ന പശുപതി ശിവൻ അല്ലാതെ മറ്റൊരാളല്ല. ശരീരത്തിന്റെ ഊർവരതയുമായി ബന്ധപ്പെടുത്തുമ്പോൾ കലപ്പ ലിംഗപ്രതീകമാണ് , കാള പ്രത്യുൽപാദനക്ഷമതയുടെ പ്രതീകമാണ് , പ്രത്യുൽപാദന ക്ഷമത നൽകുന്ന ആ ശക്തി ശിവം തന്നെയാണ്. ഇന്നും ഭാരതമൊട്ടുക്കും കാളയും കലപ്പയും ശിവവും മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ട് കിടക്കുന്നത് ഇത്തരുണത്തിലാണ്.
നമ്മുടെ ഊർവ്വര ദേവതകൾ
 
ഭാരതമാസകലം നിലനിന്നു പോരുന്ന ഈ ഊർവര വിശ്വാസങ്ങളിൽ തന്നെയാണ് കേരളത്തിലെയും ദൈവിക പാരമ്പര്യം ഇരിക്കുന്നത്. കാവിൽ കുടികൊള്ളുന്ന കാളിയും ചാത്തനും ( അയ്യപ്പൻ ) വാസസ്ഥാനമാക്കിയിരിക്കുന്നത് പലപ്പോഴും വലിയ കൃഷിപ്പാടങ്ങൾക്ക് നടുവിലാണ്. ഇന്നാ കൃഷിപ്പാടങ്ങൾ ഒക്കെ നികന്ന് പോയെങ്കിലും, തീർച്ചയായും ഇതിന്റെ അസ്തിത്വം കൃഷിയുമായും മണ്ണുമായും എല്ലാം ബന്ധപ്പെട്ടു തന്നെ ഇരിക്കുന്നതാണ് . കേരളത്തിന്റെ തിരസ്കരിക്കാനാവാത്ത ദൈവിക പാരമ്പര്യത്തിൽ ഉള്ളതാണ് ഉച്ചാൽ വേലയും , കൃഷിഭൂമിക്ക് നടുവിൽ നടത്തപ്പെട്ടിരുന്ന ആതിരയിലെ നൃത്തവും. അസാമിലെ ബിഹു നൃത്തം പോലെ മണ്ണിന് ഫലഭൂയിഷ്ടത ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലാണ് തിരുവാതിര നൃത്തവും മറ്റും നടത്തപ്പെട്ടത്. ഇതുപോലെ പരാമർശിക്കപ്പെടേണ്ടതാണ് പൂരം എന്ന പേരിലെ വടക്കൻ കേരളത്തിലെ ആരാധന . തെക്കൻ കേരളത്തിൽ നിന്ന് വ്യത്യസ്തമായി വടക്കൻ കേരളം പൂരോത്സവത്തിൽ സ്ത്രീ പങ്കാളിത്തം നല്ല രീതിയിൽ ഉറപ്പുവരുത്തുന്നു . ഒരുപക്ഷേ വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ തെയ്യം പോലും ആ നാളുകളിൽ നടത്തപ്പെടാറില്ല . തുയിലുണർത്തുപാട്ട്, പൂവിടൽ, കാമരൂപം ഉണ്ടാക്കൽ പൂരക്കഞ്ഞി, പൂര അട, പൂരക്കളി, മറുത്തുകുളി, പൊറാട്ടുകൾ, ആറാട്ടുകൾ, കുതിരവലി , കാമനെ അയക്കൽ ഇങ്ങനെ ഊർവരതയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ പൂരവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൂരവുമായി ബന്ധപ്പെട്ട കഥ കാമദഹനത്തിന്റേതാണ് , പാർവ്വതിയുടെ പ്രണയത്തിന് സഹായത്തിനായിരുന്ന കാമൻ , കാമാരിയായ ശിവ പെരുമാളിന്റെ തൃക്കണ്ണ് തുറന്നു ഭസ്മമായതും, കാമന തിരിച്ചു ഭൂമിയിലേക്ക് കൊണ്ടുവരേണ്ടത് ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന് സ്ത്രീകൾ മനസ്സിലാക്കിയതായും പതിനെട്ട് കന്യകകളുടെ ( സ്വർഗ്ഗത്തിലെ ഏഴും പേർ രംഭ, ഉർവശി, മേനക, അരുന്ധതി, തിലോത്തമ,ചിത്രലേഖ, രത്നചവി, പാതാളത്തിലെ ആറായ രതി, ഭൂദേവി, ഗംഗാദേവി വാഗ്ദേവി ശ്രീദേവി ഗിരിജാദേവി, ഭൂമിയിലെ അഞ്ചായ അഹല്യ, സീത, താരാ ,മണ്ഡോദരി ,ദ്രൗപതി )ഒരു സംഘം ഇതിനായി ശ്രമിച്ചു വിഷ്ണുവിനെ പ്രീതനാക്കി കാമന ഭൂമിയിൽ പുനരവതരിപ്പിച്ചതിന്റെ കഥയാണ് പൂരത്തിന്റെ അടിസ്ഥാനം. പൗരാണികമായ ഒരു കഥയിലേക്ക് നീണ്ടുപോകുന്നതും അതേസമയം 18 കന്യകമാർ ആടിയ നൃത്തം പൂമാല ഭഗവതിയായി തീർന്നുവെന്നും ആ പൂമാല ഭഗവതി തന്നെ വടക്കൻ കാവിലുറയുന്ന ശക്തിയായി തീർന്നു എന്നും . അതേ പൂമാല ഭഗവതി സംഘകാലത്തിന്റെ പെരുമ ചൊല്ലുന്ന കൊട്രവിയും കാളിയും ദുർഗയും ആയി മാറുന്നതിന്റെയും സമന്വയം നമ്മുടെ പ്രാചീനമായ ഈ വിശ്വാസങ്ങളിൽ കാണുന്നു .
 

കാവിലുറയുന്ന ദേവതകളുടെ അന്യവൽക്കരണം

 

നമ്മുടെ കാവുകളിൽ ഉറയുന്ന പരദേവതകൾ എല്ലാം തന്നെ ഇത്തരത്തിൽ ആകാശത്തുനിന്ന് പ്രത്യക്ഷപ്പെട്ട ഏതോ ദൈവമല്ല. മണ്ണിൽ മുളപൊട്ടി , മണ്ണിനും മനുഷ്യനും ഒപ്പം ജീവിക്കുന്ന ശക്തി വിശേഷങ്ങൾ ആണ്. ഗുളികനും ദണ്ഡനും കുട്ടിച്ചാത്തനും കാളിയും കാമനും അയ്യപ്പനും എല്ലാം തന്നെ നമ്മുടെ ജൈവികമായ വിശ്വാസവുമായി ഇഴ ചേർന്നു നിൽക്കുന്ന വിശ്വാസ പദ്ധതികളാണ്. നവോത്ഥാനം എന്നോ , സംസ്കാരം എന്നോ പല പേരുകളിൽ നാം നിരന്തരമായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ദേവതകളുടെ വിശ്വാസം , രൂപഘടന , ചരിത്രം ഇവ നമ്മെക്കൊണ്ട് ചെന്നെത്തിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അസ്ഥിത്വ പ്രശ്നത്തിലാണ് . വളരെ നാളായി കേരളത്തിൽ നടന്നുവരുന്ന ബൗദ്ധ-ജൈന ചരിത്രങ്ങളുടെ പ്രചരണം ചരിത്രപരമായി യാതൊരു അസ്ഥിത്വവും ഇല്ലാത്തതാണ് എങ്കിലും സാധാരണപെട്ട ഒരു മനുഷ്യന് കേരളത്തിന്റെ ആദ്ധ്യാത്മികത ആരംഭിച്ചത് ബൗദ്ധത്തിൽ നിന്നാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകളിലേക്ക് വീണുപോവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നമ്മുടെ പ്രാചീനമായ വിശ്വാസങ്ങൾ എല്ലാം തന്നെ ബുദ്ധനോ ജിനനോ മുൻപ് തന്നെ മുളപൊട്ടിയതാണ് അതിന്റെ തുടർച്ചയാണ് നാം ഇന്നും തുടർന്നുവരുന്നത്. സനാതനമായ തുടർച്ചയ്ക്കിടയിൽ ബൗദ്ധവും ജൈനവും ഒരുപക്ഷേ ചേർന്നൊഴുകി ഇരിക്കാം അല്ലാതെ അവയൊന്നും നിർണയിച്ചത് അല്ല നമ്മുടെ ആധ്യാത്മിക അസ്ഥിത്വം. പലവിധ സ്വാധീനങ്ങളുടെ ഭാഗമായി നാം തന്നെ നമ്മുടെ ജൈവികമായി ഇത്തരം വിശ്വാസങ്ങളെ വിട്ടു കളഞ്ഞിട്ടുണ്ട് . ഗണപതിഹോമം നടത്തുന്ന അത്ര ശ്രേഷ്ഠത നമുക്ക് മുത്തപ്പന് വെച്ചു കൊടുക്കുന്നതിൽ ഇല്ലാതെ പോകുന്നത് അതുകൊണ്ട് കൂടിയാണ് . മുത്തപ്പൻ ഒരു ജൈവികമായ വിശ്വാസ പദ്ധതിയാണ് , മുത്തപ്പനെ മാറ്റി നിർത്തിയാൽ വടക്ക് ഒരു കാര്യവും സാധ്യമല്ല , ഇതുപോലെ ഓരോ ഇടത്തെയും തദേശീയ ദേവതകൾ ഒരുതരത്തിലും ഒരു ശ്രേണി ക്രമത്തിലുംപ്പെടുത്തി താഴ്ത്തി നിർത്താവുന്നവരല്ല. കൊളോണിയൽ കാലത്ത് ഇത്തരം ജൈവിക വിശ്വാസങ്ങൾക്ക് നേരെ അതിശക്തമായ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട് അവയെ നീചശക്തികൾ എന്ന് വിളിക്കപ്പെട്ടിട്ടുണ്ട് അവയുടെ അനുരണനം ഇന്നും സമൂഹത്തിൽ പലവിധത്തിൽ നിലനിൽക്കുന്നു. നാം തീർച്ചയായും ഈ വിഷയത്തിൽ ബോധമുള്ളവർ ആയിരിക്കേണ്ടതുണ്ട്, വേരുകളിൽ ആണ് ഒരു മഹാ വൃക്ഷത്തിന്റെ അടിസ്ഥാനവും നിലനിൽപ്പും ഭാവിയും ഉള്ളത്. വേരുകൾ നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഒന്നുകൊണ്ടും പിടിച്ചുനിൽക്കാൻ ആവുന്നതല്ല. കഴിയാവുന്നത്ര തദേശീയവും ജൈവീകവുമായ വിശ്വാസങ്ങളെ നാം തിരിച്ചു കൊണ്ടുവരേണ്ടതായിട്ടുണ്ട് അത് ആണ് സംസ്കൃതിയുടെ ഏറ്റവും കരുത്തുള്ള ഈടുവെപ്പ് .
 
സൂചിക
1. ഡോ. കെ. ഉണ്ണിക്കിടാവ്, 2007, സംഘകാലകൃതികളിലെ തമിഴ് സംസ്കാരം, കേരളസാഹിത്യ അക്കാദമി.
2. ശ്രീ പ്രതാപ്, 2015, ബുദ്ധ ജൈന സ്വാധീനം മലയാളസാഹിത്യത്തിൽ, കേരളസാഹിത്യ അക്കാദമി.
3.ഡോ. ജയചന്ദ്രൻ കീഴോത്ത്, 2018, കേരള ഫോക്ലോർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
4. ഡോ ആർ രാമാനന്ദ്, 2019, കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ്, ഡിസി ബുക്സ്
 
 
 
 
 
 
 
 

 
0 Comments