ലക്ഷ്മൺ ജൂ മഹാരാജ് - തന്ത്രവിഹായസ്സിലെ ശൈവ ജ്യോതിസ്സ്

Back

സുധിൻ പി. കെ.

Author

"ബോധപ്രകാശം ചിലരിൽ അവരുടെ മോക്ഷത്തിനായി ഉദയം കൊള്ളുമ്പോൾ ചിലരിൽ അതു പ്രപഞ്ചത്തിന്റെ തന്നെ മോക്ഷത്തിനു നിദാനമാകുന്നു. മിന്നാമിനുങ്ങും, രത്നവും, താരകവും, ചന്ദ്രനും പ്രകാശം പരത്തുമ്പോഴും സൂര്യൻ ലോകത്തിനു തന്നെ വെളിച്ചമാകുന്നതു പോലെ."
- തന്ത്രാലോകം
 
  ഒരു സാധാരണക്കാരനു സ്വന്തം മനസ്സിന്റെ സഞ്ചാരപഥങ്ങൾ പോലും നിഗൂഢമായിരിക്കെ, ബോധവിഹായസ്സിന്റെ ഉയർന്ന തലങ്ങളിൽ വിഹരിച്ച ഒരു ഋഷിവര്യന്റെ ജീവിതയാത്രകൾ വാക്കുകളിൽ പകർത്തുക എന്നത് ഏറെക്കുറേ അസാധ്യം എന്നുതന്നെ പറയാം. എങ്കിലും ആ മഹത്തായ പരമ്പരയിലെ സിദ്ധഗുരുക്കന്മാരെ പ്രണമിച്ചുകൊണ്ട് ആ മഹാഗുരു ഈ ലോകത്തിനു പകർന്ന നിറവു കുറച്ചെങ്കിലും അനുഭവിച്ചറിയാൻ നമുക്കു ശ്രമിക്കാം. 
 
ബാല്യം
 
   1907 മെയ് മാസം 9 ന് ആണു കാശ്മീരിലെ ശ്രീനഗർ നഗരത്തിൽ ലക്ഷ്മൺ ജൂ മഹാരാജ് ജനിക്കുന്നത്. നാല് ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും ഉള്ള ആ കുടുംബത്തിലെ അഞ്ചാമത്തെ കുട്ടിയായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് നാരായണദാസ് റെയ്ന, മാതാവ് അർന്യമാലി റെയ്ന. 
 
അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യമായി ആദ്ധ്യാത്മിക അനുഭൂതി നിറച്ചത് അദ്ദേഹത്തിന്റെ പിതാവിന്റെ ശിവസ്തോത്രാവലി പാരായണമായിരുന്നു. ശാസ്ത്രവിഷയങ്ങളുടെ പഠനങ്ങളിൽ അതീവ തത്പരനായുരുന്നുവെങ്കിലും തന്റെ ജീവിതത്തിന്റെ പ്രകാശമായത് ആ വരികളിലെ ഭക്തിരസമായിരുന്നു എന്ന് അദ്ദേഹം പിന്നീടു പറയുകയുണ്ടായി. വിരക്തനായി പൂർണഭക്തിയിൽ മുഴുകിയ ഒരുവനിൽ ഉരുവം കൊള്ളുന്ന ശ്രദ്ധാശക്തി ശാങ്കരിയാണെന്നും അങ്ങനെയുള്ള വ്യക്തി ശിവൻ തന്നെയാണെന്നുമുള്ള വിജ്ഞാനഭൈരവതന്ത്രത്തിലെ വരികളുടെ ആവിഷ്കാരമായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള ജീവിതം.
 
ഗുരുസന്നിധിയിൽ
 
   ഗുരുകൃപയുടെ മഹത്വത്തെ കുറിച്ച് ഒരിക്കൽ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി; "ഏതൊരു വ്യക്തിയാണോ സമാവേശം കൈവരിക്കുന്നത്, അവൻ ശിഷ്യൻ എന്ന തലം വെടിഞ്ഞു ലോകത്തിനു തന്നെ ഗുരുവായി മാറുന്നു. എപ്രകാരമാണോ ഒരു മെഴുകുതിരി നാളത്തിന്റെ സ്പർശനത്താൽ മറ്റൊരു മെഴുകുതിരി അത്രതന്നെ പ്രഭയിൽ ജ്വലിക്കുന്നത് അപ്രകാരം ഗുരുവിന്റെ സ്പർശനം പോലും ശിഷ്യനെ ആ ഉയർന്ന തലങ്ങളിൽ എത്തിക്കുന്നു. 
 
  ശൈവതന്ത്രപരമായ ആദ്യ പാഠങ്ങൾ അദ്ദേഹത്തിനു പകർന്നു നല്കിയത് സ്വാമി രാം ജൂ ആയിരുന്നു. അദ്ദേഹത്തിന്റെ സമാധിക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി മെഹതാബ് കാക്കയെ ഏഴാമത്തെ വയസ്സിൽ ലക്ഷ്മൺ ജൂ ഗുരുവായി സ്വീകരിച്ചു. പതിനാറാം വയസ്സിൽ അദ്ദേഹത്തിൽ നിന്നും സാമ്പ്രദായിക ദീക്ഷയും ലഭിച്ചു. പഞ്ചമകാരസാധനകൾ ചെയ്തിരുന്ന ആ താന്ത്രിക യോഗിയിൽ നിന്നാണു ലക്ഷ്മൺ ജൂവിന് ആദ്യമായി ശക്തിപാതം എന്ന താന്ത്രികാനുഭൂതി ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ മഹാസമാധിക്ക് അനവധി വർഷങ്ങൾക്കിപ്പുറവും ആ ദിനത്തിൽ ഗുരുഭക്തിയാൽ ലക്ഷ്മൺ ജൂ മഹാരാജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ടായിരുന്നു. അത്രമേൽ ദൃഢമായിരുന്നു അവർ തമ്മിലുള്ള ഗുരു - ശിഷ്യ ബന്ധം. തുടർന്നു ലക്ഷ്മൺ ജൂ മഹേശ്വർ റസ്ദാൻ എന്ന പണ്ഡിതന്റെ കീഴിൽ സംസ്കൃതവും ശൈവ തത്ത്വചിന്തയും പഠിക്കുകയുണ്ടായി. 
 
  മുപ്പതാം വയസ്സിനോടടുക്കുന്ന വേളയിൽ അദ്ദേഹം ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. മഹാത്മാഗാന്ധിക്കൊപ്പവും പോണ്ടിച്ചേരിയിൽ ശ്രീ അരവിന്ദമഹർഷിക്കൊപ്പവും ചില ദിനങ്ങൾ ചെലവഴിച്ചു. അവിടെ നിന്ന് 1936 ൽ തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹർഷിയെ സന്ദർശിച്ചു. ആ ദർശനവേളയിൽ ഭഗവാൻ തനിക്കു ദൃഷ്ടിദീക്ഷ തന്നതായും താൻ ആഴമേറിയ സമാധി അവസ്ഥയിലായതായും അദ്ദേഹം പിന്നീടു പറയുകയുണ്ടായി. 
 
സ്വാമി ലക്ഷ്മൺ ജൂ രമണമഹർഷിക്കൊപ്പം
 
ശൈവാചാര്യൻ
 
  അഭിനവഗുപ്താചാര്യൻ ഉൾപ്പെടുന്ന ശൈവ യോഗികളുടെ മഹത്തായ പരമ്പരയിലെ അവസാനത്തെ ആചാര്യനായാണു ലക്ഷ്മൺ ജൂ മഹാരാജിനെ കരുതുന്നത്. അദ്ദേഹത്തിനു ശേഷം അതേ ജ്ഞാനവും അനുഭൂതിയും ഉള്ള ഒരാചാര്യൻ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന എന്നതു പല കാരണങ്ങളാൽ നഷ്ടമായി പോകുമായിരുന്ന കാശ്മീര ശൈവ സമ്പ്രദായത്തെ ലോകത്തിനു തിരികെ നല്കി എന്നതു തന്നെയാണ്. അറിവും അനുഭൂതിയും മനോഹരമായി സമ്മേളിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ എല്ലാം. 
  1934- 35 കാലഘട്ടത്തിൽ അദ്ദേഹം ശ്രീനഗറിലെ നിഷാന്ന് നഗരപ്രാന്തത്തിനടുത്തുള്ള ഒരു സ്ഥലത്തേയ്ക്കു കഠിനമായ സാധനകൾക്കായി മാറി നില്ക്കുകയുണ്ടായി. ഈ സമയങ്ങളിൽ അദ്ദേഹത്തിന്റെ ശിഷ്യയായ ശാരികയും സഹോദരി പ്രഭയും മാത്രമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. കഠിനമായ തപസ്സുകൊണ്ടു തന്നിൽ നിന്നും പ്രവഹിക്കുന്ന ഊർജ്ജത്തെ സ്വീകരിക്കാൻ തന്റെ ശിഷ്യർക്കു സാധ്യമല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം ഈ കാലഘട്ടത്തിൽ ശിഷ്യന്മാർ തന്നെ പ്രണമിക്കുന്നതിനോ സ്പർശിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. 1957 ൽ ആണ് അദ്ദേഹം ഇന്നു കാണുന്ന ഈശ്വർ ആശ്രമത്തിലേയ്ക്കു മാറുന്നതും പൊതുജനങ്ങൾക്കു ദർശനം നല്കുന്നതും. ഈ കാലഘട്ടത്തിൽ ഭാരതത്തിലും വിദേശത്തുമുള്ള പല ഗുരുക്കന്മാരും പണ്ഡിതരും അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി. മെഹർ ബാബ, മഹർഷി മഹേഷ് യോഗി, ബാബ മുക്താനന്ദ എന്നീ ഗുരുക്കന്മാരും ലിലിയൻ സിൽബേൺ, ആൻഡ്രേ പാഡോക്സ്, അലക്സിസ് സാൻഡേഴ്സൺ, എന്നീ പാശ്ചാത്യ ഗവേഷകരും അദ്ദേഹത്തെ കാണുകയും നിരന്തരമായി സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അമേരിക്കൻ സാഹിത്യകാരനായ പോൾ റെപ്സ് 1957 ൽ ആശ്രമത്തിൽ വന്നു വിജ്ഞാനഭൈരവതന്ത്രം പഠിക്കുകയും ഇംഗ്ലീഷ് ഭാഷയിലേയ്ക്കു വിവർത്തനം ചെയ്യുകയും ചെയ്തു. 
 
 
 
സ്വാമി ലക്ഷ്മൺ ജൂ മഹർഷി മഹേഷ് യോഗിക്കൊപ്പം
 
 
 
1965 ൽ പ്രശസ്ത സ്വംസ്കൃത-തന്ത്ര പണ്ഡിതൻ ഗോപിനാഥ് കവിരാജിന്റെ അധ്യക്ഷതയിൽ വാരാണസിയിൽ നടന്ന സമ്മേളനത്തിൽ സ്വാമി ലക്ഷ്മൺ ജൂ പങ്കെടുത്ത്, 'കുണ്ഡലിനീ വിജ്ഞാനരഹസ്യം' എന്ന പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ജ്ഞാനവൈഭവത്തിനു മുന്നിൽ അമ്പരന്നുപോയ പണ്ഡിതസമൂഹം ബഹുമാനപുരസ്സരം അദ്ദേഹത്തിനു ഡി-ലിറ്റ് നല്കുകയുണ്ടായി. 
 1991 ൽ സ്വാമി അമേരിക്കയിലേയ്ക്കു പോയി യൂണിവേഴ്സൽ ശൈവ ഫെലോഷിപ് സ്ഥാപിക്കുകയും അവിടെ കാശ്മീര ശൈവ തന്ത്രം പ്രചരിപ്പിക്കാൻ ജോൺ ഹ്യൂസിനും ഭാര്യ ഡെനിസിയെയ്ക്കും നിർദ്ദേശം നല്കുകയും ചെയ്തു. 
 
പ്രധാനകൃതികൾ
 
  തന്റെ ജീവിതകാലയളവിൽ സ്വാമി ലക്ഷ്മൺ ജൂ നിരവധി ശിവതന്ത്ര കൃതികൾ വിവർത്തനം ചെയ്യുകയും പല പഠനങ്ങളും വ്യാഖ്യാനങ്ങളും രചിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യകൃതി ഗീതാർത്ഥസംഗ്രഹം എന്ന അഭിനവഗുപ്താചാര്യന്റെ ഭഗവദ്ഗീതാ വ്യാഖ്യാനമായിരുന്നു. തുടർന്നു ഹിന്ദിയിലേയ്ക്കു ക്രമസ്തോത്രവും അതിന്റെ വ്യാഖ്യാനവും, ശിവസ്തോത്രാവലിയും അതിനു ക്ഷേമരാജൻ എഴുതിയ വ്യാഖ്യാനവും തർജ്ജമ ചെയ്യുകയുണ്ടായി. പാശ്ചാത്യലോകത്തിന് അദ്ദേഹം നല്കിയ ശൈവദീക്ഷയായിരുന്നു 'Kashmir Shaivism - The Secret Supreme' എന്ന കൃതി. 1971 മുതൽ 1972 വരെ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ ഒരു സമാഹാരമായിരുന്നു ഈ കൃതി. അഭിനവഗുപ്താചാര്യന്റെ തന്ത്രാലോകത്തിലെ പ്രധാന ആശയങ്ങൾ വളരെ ലളിതവും ആനുഭൗതികവുമായി സാധാരണക്കാരിലെത്താൻ ഈ കൃതി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലക്ഷ്മൺ ജൂ മഹാരാജിന്റെ മഹാസമാധിക്കു ശേഷം അദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും ഓഡിയോ സംഭാഷണങ്ങളും ജോൺ ഹ്യൂസ് പുസ്തകമായി പ്രസിദ്ധീകരിക്കുകയുണ്ടായി. 
 
സ്വാമി ലക്ഷ്മൺ ജൂ ശിഷ്യന്മാർക്കൊപ്പം
 
മഹാസമാധി
 
 
    1991 സെപ്റ്റംബർ 27 നു തന്റെ 84 ആം വയസ്സിൽ ആ മഹാഗുരു പരമശിവനിൽ വിലയം പ്രാപിച്ചു. അദ്ദേഹത്തിന്റെ മുഖ്യ ശിഷ്യയായ ശാരികാ ദേവിയും അതിനു കുറച്ചു മാസങ്ങൾക്കു മുൻപു സമാധിയായിരുന്നതിനാൽ ആ പരമ്പരയ്ക്കു പിന്തുടർച്ച ഉണ്ടായില്ല. അദ്ദേഹത്തിന്റെ സമാധിക്കു വർഷങ്ങൾക്കിപ്പുറവും തന്റെ കൃതികളിലൂടെ ആ സിദ്ധപുരുഷൻ സാധകർക്കു വഴികാട്ടിയായി നിലകൊള്ളുന്നു.
0 Comments