ദേശീയ സ്വാതന്ത്ര്യസമരം: സ്വത്വബോധനിർമിതിയിൽ കലകൾ വഹിച്ച പങ്ക്

Back

ജെ നന്ദകുമാർ - പ്രജ്ഞാ പ്രവാഹ്‌ ദേശീയ സംയോജകൻ

Author

 

ഭാരതത്തിന്റെ  പോരാട്ടം അത് സ്വത്വത്തിനു വേണ്ടിയിട്ടുള്ള പോരാട്ടമായിരുന്നു. സ്വത്വബോധത്തിനു വേണ്ടിയിട്ടുള്ള പോരാട്ടമായിരുന്നു. ആ പോരാട്ടത്തിൽ പെർഫോമിംഗ് ആർട്സിന്റെ  പങ്ക് എന്തായിരുന്നു എന്നതിനെക്കുറിച്ചാണ് നമ്മളിന്ന് അന്വേഷിക്കേണ്ടത്. ഇത് സ്വാതന്ത്ര്യത്തിന്റെ  75-ാം വർഷാഘോഷത്തിന്റെ  ഭാഗമായി നടത്തുന്ന ഒരു പരിപാടി കൂടി ആണ് എന്ന് തുടക്കത്തിലേ പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ  സ്വാതന്ത്ര്യ സമരം അത്, ലോകത്തൊട്ടനവധി രാഷ്ട്രങ്ങൾ ഉപനിവേശവാദികൾക്കെതിരായിട്ട്  കൊളോണിയലിസ്റ്റിനെതിരായിട്ടുള്ള പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ആ പോരാട്ടങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ വളരെ സവിശേഷതയുള്ള ഒരു പോരാട്ടമാണ് ഭാരതത്തിൽ നടന്നത്. അങ്ങനെ നമ്മൾ സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടോ നമ്മുടെ പോരാളികളായ പൂർവികരോടുള്ള ആദരവ് കൊണ്ടോ മാത്രം പറയുന്നതാണോ അത്. ചരിത്രത്തെ നേരാംവണ്ണം വിലയിരുത്തിയാൽ മനസിലാക്കാവുന്ന വസ്തുതയാണ്. പല അർത്ഥത്തിലും വ്യത്യസ്തമായിരുന്നു. ഏറ്റവും പ്രധാനം ഭാരതത്തിൻന്റെ  സ്വാതന്ത്ര്യ സമരത്തോളം ദൈർഘ്യമുള്ള, ദീർഘമായ ഒരു പോരാട്ടം ലോകത്ത് വേറെ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഇത് പറയുമ്പോൾത്തന്നെ നമ്മുടെ ഈ ഔദ്യോഗിക മുഖ്യധാരാ ചരിത്രം പഠിച്ച് വളർന്നിട്ടുള്ള നമ്മളിൽ പലർക്കും സംശയം തോന്നാം ഭാരതത്തിന്റെ  സ്വാതന്ത്ര്യ സമര ചരിത്രത്തിനത്രയേറേ ദൈർഘ്യമുണ്ടോ ? അത്1885 ൽ അല്ലേ തുടങ്ങിയത് എന്ന് ചിലർക്ക് തോന്നാം. അങ്ങനെയാണ് നമ്മുടെ ഈ അന്തിചർച്ചയിലൊക്കെ ചിലരൊക്കെ വന്നിരുന്നു പറയുന്നത് ഞങ്ങളാണ് ഇതു മുഴുവൻ നേടി നിങ്ങൾക്ക് തന്നത്, അന്ന് നിങ്ങൾ എവിടെയായിരുന്നു എന്നൊക്കെ ചോദിക്കുന്ന ചില ആൾക്കാരുണ്ട്. ഞാൻ അതിലേയ്ക്കൊന്നും കടക്കുന്നില്ല. ഇന്നത്തെ ചർച്ച ആ വിഷയം അല്ലാത്തതുകൊണ്ട്. 1885 ൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം ബ്രിട്ടീഷുകാരൻ തുടങ്ങിയ സമയത്താണോ ഭാരതത്തിന്റെ  സ്വാതന്ത്ര്യസമരം തുടങ്ങിയത്?

 

അങ്ങനെയാണെങ്കിൽ സന്യാസി റെബെല്ലിയനെ / സന്യാസി വിപ്ലവത്തെ നമ്മൾ ഏതു കോളത്തിലാണ് പെടുത്തുക. സ്വാതന്ത്ര്യസമരം ആയിട്ടാണോ വേറെ വല്ലതുമായിട്ടാണോ? നമ്മൾ ഏതു കോളത്തിലാണ് ഇന്നലെ ജന്മദിനം ആഘോഷിച്ച വാസുദേവ് ബലവന്ത് റായ് ഫട്കേയെ  നമ്മൾ ഏതു കോളത്തിലാണ് പെടുത്തുക. അവരു പോരാളികൾ ആയിരുന്നില്ലേ? പോരാട്ടം നടത്തിയില്ലേ? സ്വാതന്ത്ര്യം നേടുവോളം വിശ്രമമില്ല എനിക്ക് എന്നു പറഞ്ഞുകൊണ്ട് നടത്തിയ ആ പോരാട്ടത്തെ നമുക്ക് ഏത് Heading ന്റെ കീഴിലാണ് പെടുത്താൻ കഴിയുക. അപ്പോൾ ചില ആൾക്കാർ പറയും 1857 അല്ലേ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരം. അങ്ങനെയാണോ? അങ്ങനെയാണോ എന്ന് എന്നെപ്പോലെ ഒരാൾ സംശയത്തോടു കൂടി ചോദിച്ചാൽ ഉടനെ നിങ്ങൾ പറയും നിങ്ങളുടെ നേതാവ് സവർക്കർ പറഞ്ഞിട്ടില്ലേ എന്ന് ചോദിക്കും. അപ്പോൾ ചിലർ ചോദിക്കും 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നൊക്കെ സവർക്കർ പറഞ്ഞിട്ടില്ലേ? സവർക്കർ എവിടെയാ പറഞ്ഞിട്ടുള്ളത് അങ്ങനെ? സവർക്കർ പുസ്തകം എഴുതിയിട്ടില്ലേ എന്ന് ചോദിക്കുന്ന ആൾക്കാർ ഉണ്ട്. നിങ്ങൾക്ക് അവിടെത്തന്നെ ഇരുന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കൂ സവർക്കറുടെ 1857ലെ സ്വാതന്ത്ര്യ സമരം എന്ന പുസ്തകത്തിന്റെ മുഖപേജ് നിങ്ങൾക്ക് കിട്ടും ഒരിടത്തും വീരസവർക്കർ പറഞ്ഞിട്ടില്ല First war of independence എന്ന്. അദ്ദേഹം പറഞ്ഞത് 1857 Indian War of independence എന്നാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരങ്ങളിൽ ഒന്ന് എന്നു മാത്രമേ അദ്ദേഹവും പറഞ്ഞിട്ടുള്ളൂ. പിന്നെ ആരോ അതിന്റെ ജൂബിലി ആഘോഷിക്കുന്ന സമയത്ത് ഈയൊരു വിശദീകരണമോ ഒരു വിശേഷണമോ നൽകുക മാത്രാ ചെയ്തത്. ആ, പല അർത്ഥത്തിലും അത് ഒന്നാമതായിരുന്നു. ആധുനിക കാലത്തെ മുഴുവൻ ഭാരതത്തിലും ഒരുപോലെ നടന്ന ഒരു നേതൃത്വത്തിൻ കീഴിൽ നടന്ന ഒരു ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഒരു പാൻ ഇന്ത്യൻ പോരാട്ടം എന്ന നിലയ്ക്ക് 1857 ലേത് ഒന്നാമത്തേതായിരുന്നു എന്നു പറയാം. പക്ഷേ അതിനും മുമ്പല്ലേ വീര പഴശ്ശി ധീരോദാത്തമായ പോരാട്ടം നടത്തിയത്, ബ്രിട്ടീഷുകാർക്കെതിരെ. അതിനും മുമ്പല്ലേ നമ്മുടെ നാട്ടുകാരനായ വൈക്കം പത്മനാഭ പിള്ള ഇവിടെ ഈ ബോൾഗാട്ടിയിൽ വരെ വന്നിട്ട് പോരാടിയത്, ബ്രിട്ടീഷുകാരനെതിരെ. അതേസമയത്ത് തന്നെ ടിപ്പുസുൽത്താനെതിരെ പോരാടിയത് അതേതു കോളത്തിൽ നമ്മൾ പെടുത്തും വൈക്കം പത്മനാഭപിള്ളയെ. എവിടെയാണ് വേലുത്തമ്പിയെ നമ്മൾ പെടുത്താൻ പോകുന്നത്? ഇപ്പോ പറഞ്ഞുവരുന്നത്, ഞാൻ മുഴുവൻ ചരിത്രവും സൂചിപ്പിക്കുകയല്ല, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം എപ്പോഴാണോ ഈ പാശ്ചാത്യ കൊളോണിയലിസ്റ്റുകൾ അക്രമണകാരികൾ ഭാരതത്തിൽ കാലു വെച്ചത് അപ്പോൾ തുടങ്ങി നമ്മുടെ പോരാട്ടം. പോർച്ചുഗീസുകാർ വാസ്കോഡഗാമയുടെ നേതൃത്വത്തിൽ 1497 ൽ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വലതുകാൽ ആണോ ഇടതുകാൽ വച്ചിട്ടാണോ എങ്ങനെയാണിനി ചാടിയാണോ അയാൾ ഇറങ്ങിയത് എന്ന് എനിക്കറിയില്ല. ഏതായാലും ഇറങ്ങിയ മാത്രയിൽ പൊരുതാനും ഉറച്ചു കഴിഞ്ഞു ഭാരതീയർ. എപ്പോൾ? ഈ വന്നവന്റെ ഉദ്ദേശം ഇവിടെ വെറുതെ കച്ചവടം നടത്തുക മാത്രമല്ല, അങ്ങനെയാണ് നമ്മൾ പ്രസംഗങ്ങളിൽ വളരെ ലഘൂകരിച്ചാണ് ഈ സ്വാതന്ത്ര്യ സമരത്തെ പറയുക. അപ്പോൾ പറയും, കടമ്മനിട്ടയുടെ ഒരു പഴയ കവിത ചൊല്ലിയിട്ടൊക്കെ പറയും,

"കടന്നുവന്നവർ കടന്നുവന്നവർ ഉടമകളായ് നാം അടിമകളായി" അവര് അവിടുന്നിങ്ങോട്ട് കച്ചവടത്തിനു വേണ്ടീട്ട് വന്നതാണ്. കച്ചവടം എന്നു പറഞ്ഞാൽ രണ്ടുകൂട്ടർക്കും ഒരുപോലെ സുഖമുള്ള ഒരു ഏർപ്പാടാണ്. ലാഭം, കൊള്ളക്കുടുക്ക..

അതാണല്ലോ കച്ചവടം. നമുക്കും ലാഭം അവർക്കും ലാഭം. കൊള്ളാം മോനെ നിന്നിഷ്ടം. അങ്ങനെ വന്ന ആൾക്കാർ പിന്നീട് നമ്മുടെ ഭരണം ഏറ്റെടുത്തു എന്നു പറയാനാണ് നമുക്ക് കൂടുതൽ ഇഷ്ടം. സത്യത്തിൽ പോർച്ചുഗീസുകാരൻ, ഡച്ചുകാരൻ, ഫ്രഞ്ചുകാരൻ, ഇംഗ്ലീഷുകാരൻ ഭാരതത്തിലേക്ക് വന്നത് കച്ചവടത്തിന് വേണ്ടി മാത്രമാണോ? അങ്ങനെ വിശ്വസിക്കത്തക്ക, ഇപ്പോ സോഷ്യൽ മീഡിയയിലൊക്കെ നമ്മളുടെ കുഞ്ഞുങ്ങൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് അങ്ങനെ വിശ്വസിക്കത്തക്ക നിഷ്കളങ്കതയുള്ളവരാണോ കൂട്ടരേ നിങ്ങൾ? അത്ര നിഷ്കളങ്കതയൊന്നുമുള്ളവരല്ല. ചരിത്രം നോക്കിയാൽ അവർ വന്നതിൻ്റെ ഉദ്ദേശം വളരെ സ്പഷ്ടമാണ്. അതു നമ്മളുടെ തനിമയെ നശിപ്പിക്കാൻ വേണ്ടീട്ട് വന്നതാണ്.നമ്മളുടെ ധർമ്മത്തെ തകർക്കാൻ വേണ്ടീട്ട് വന്നതാണ്. ഒരു തർക്കവുമില്ല ആ കാര്യത്തിൽ. ഇല്ലെങ്കിൽപ്പിന്നെ വാസ്കോഡഗാമയുടെ കപ്പലിൽ കച്ചവട സാമഗ്രികൾ മാത്രം മതിയായിരുന്നല്ലോ, അദ്ദേഹം വേറെയും ചില സാമഗ്രികൾ കൊണ്ടു വന്നിരുന്നു. എന്തിനാണ് മിഷണറിമാരെ കൊണ്ടുവന്നത്? എന്റെയൊരു സംശയമാണ്. കച്ചവടത്തിന് നമ്മളാരെങ്കിലും രാവിലെ ചീര മേടിക്കാൻ പോകുമ്പോൾ തൊട്ടടുത്ത അമ്പലത്തിലെ പൂജാരിയെ വിളിച്ചോണ്ടു പോവ്വോ? പിന്നെ നിങ്ങളുടെ ഗുരുനാഥന്മാരെ ആരെയെങ്കിലും വിളിച്ചോണ്ട് പോവ്വോ ഏതു ചീരയാണ് മേടിക്കണ്ടത് എന്നറിയാൻ. കച്ചവടത്തിനാണ് വന്നത് എങ്കിൽ മിഷണറിമാരെ കൊണ്ടുവന്നത് എന്തിനാണ്? എന്തിനാണ് മത ചിഹ്നങ്ങൾ കൊണ്ടുവന്നത്? അപ്പോൾ ഉദ്ദേശം മറ്റു ചിലതു കൂടിയായിരുന്നു. നമ്മുടെ തനിമയെ തകർത്ത് നമ്മുടെ സ്വത്വത്തെ തകർക്കാൻ വേണ്ടി. ആ സ്വത്വത്തെ തകർക്കാൻ വേണ്ടിയിട്ടുള്ള ആ കടന്നു വരവിനെ എപ്പോഴാണോ ഭാരതീയൻ തിരിച്ചറിഞ്ഞത് എപ്പോഴാണോ കോഴിക്കോടുകാരൻ തിരിച്ചറിഞ്ഞത് എപ്പോഴാണോ ഉള്ളാളുകാരൻ തിരിച്ചറിഞ്ഞത് എപ്പോഴാണോ കൊളച്ചൽകാരൻ തിരിച്ചറിഞ്ഞത് അപ്പോൾ പോരാടിയിട്ടുണ്ട് നമ്മൾ. സ്വത്വ സംരക്ഷണത്തിനു വേണ്ടിയിട്ടുള്ളതായിരുന്നു ആ പോരാട്ടം. ഇവിടെ പറഞ്ഞതു പോലെ അതു വെറും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയിട്ടുള്ളതായിരുന്നില്ല. ഭാരതത്തിൻ്റെ സ്വാതന്ത്ര്യസമര സേനാനികളിൽ ദാർശനികനായ പോരാളി എന്നു പറയാവുന്ന ഒരു മഹത് വ്യക്തിത്വമുണ്ട്, മഹർഷി അരവിന്ദൻ.

 

അദ്ദേഹത്തിന്റെ  പ്രസിദ്ധമായൊരു പ്രഭാഷണം ഉണ്ട്. അതൊരു ലഘു പുസ്തകമായി അച്ചടിച്ചു പുറത്തിറങ്ങിയിട്ടുമുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഭാരതത്തിന്റെ  സ്വാതന്ത്ര്യ സമരത്തെ ഇത്രകണ്ട് ആഴത്തിൽ കൃത്യമായി വിലയിരുത്തിയ മറ്റൊരു പ്രഭാഷണമില്ല.

അതിൽ അരവിന്ദൻ പറയുന്നതെന്താ.. Our task is not mechanical or artificial, our task is spiritual and moral. ആദ്ധ്യാത്മികവും നൈതികവുമായ പോരാട്ടമാണ് നമ്മൾ നടത്തിയതെന്നാണ് മഹർഷി അരവിന്ദൻ പറഞ്ഞത്. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്ര വിപ്ലവകാരിയായിരുന്നു അദ്ദേഹം. ആയുധമെടുത്തുള്ള പോരാട്ടം നടത്താൻ പ്രയത്നിച്ച വ്യക്തിത്വമാണ്. രാഷ്ട്രീയരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഒരു ഫിലോസഫർ എന്ന നിലയിൽ ഭാരതത്തിന്റെ  ഒരു ദാർശനികൻ എന്ന നിലയിൽ സ്വാതന്ത്ര്യ സമരത്തെ വിലയിരുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു it is to establish our selfhood നമ്മുടെ very content നമ്മുടെ ആന്തരിക സത്തയെ ഭാരതത്തിന്റെ  എല്ലാ മേഖലയിലും ആവിഷ്കരിക്കാനാണ് അവർ പോരാടിയത്. അതെന്തൊക്കെ? Yes politics was also there but politics was only a path. ഇത് പറയുന്നത് അരവിന്ദനാണ്. അരവിന്ദൻ പറയുന്നതെന്താ അത് വെറുമൊരു ഭാഗം മാത്രമായിരുന്നു. പിന്നെ എന്തിനുവേണ്ടിയിട്ടായിരുന്നു പോരാടിയിരുന്നത്?

 

it is to establish it is to manifest our selfhood our very content, art, Iiterature, Industry, Agriculture everywhere ofcourse politics also.

 

അപ്പോൾ കലയുടെയും വ്യവസായത്തിന്റെയും കൃഷിയുടെയും തീയേറ്ററിന്റെയും ഒപ്പം രാഷ്ട്രീയത്തിന്റെയും മേഖലയിൽ ഭാരതത്തിന്റെ തനിമയെ ആവിഷ്കരിക്കാൻ ആയിരുന്നു ആ പോരാട്ടം. ഇങ്ങനെ ചിന്തിക്കുമ്പോൾ മാത്രമാണ് സ്വാതന്ത്ര്യസമരത്തിന്റെ കൃത്യമായ ഒരു വ്യാപ്തി, ആഴം, ഗഹനത നമുക്ക് പിടികിട്ടുകയുള്ളൂ. ഇതു മനസ്സിലാകാത്തതുകൊണ്ടാണ് പലപ്പോഴും സ്വാതന്ത്ര്യ സമരത്തിന്റെ നേതാക്കളുടെ പേര് പറഞ്ഞാൽ, നമ്മുടെ  കുട്ടികളോട് ഒക്കെ ഒന്ന് ചോദിച്ചു നോക്കൂ വിരലിലെണ്ണി അവർ പറഞ്ഞു തരും ഒരു നാലഞ്ചു പേര്. മിക്കവാറും ഒരു കുടുംബത്തിലെ ആൾക്കാർ ആയിരിക്കും അവരിൽ മിക്ക ആൾക്കാരും. അവർ മാത്രമാണ് പൊരുതിയത് എന്നാ പറയുന്നത്. അതിൽ നന്ദലാൽ ബോസിനെ നിങ്ങൾക്ക് കാണാൻ കഴിയില്ല. നന്ദലാൽ ബോസ് കലാകാരൻ ആയിരുന്നില്ലേ? ചിത്രകാരനായിരുന്നില്ലേ? അദ്ദേഹത്തിന് സ്വാതന്ത്ര്യസമരവുമായിട്ട് എന്താ ബന്ധം എന്ന് ആൾക്കാർ ചോദിക്കും. ബന്ധമുണ്ട്. ചിത്രകലയുടെ മേഖലയിലെ പാശ്ചാത്യ ചിത്രകലാ സമ്പ്രദായം കടന്നാക്രമണം നടത്തിയപ്പോൾ ഭാരതത്തിന്റെ  കലയുടെ മഹത്വം

ഭാരതത്തിന്റെ  കലാദർശനം, എല്ലാവരും വിശദീകരിച്ചു കഴിഞ്ഞു. നമ്മുടെ ഈ കലയുടെ ലക്ഷ്യം വെറും ആനന്ദം മാത്രമല്ല, ഭരതമുനിയെക്കുറിച്ച് സൂചിപ്പിച്ചു. നാട്യശാസ്ത്രത്തിൽ അദ്ദേഹം പറയുന്നതെന്താ? അദ്ദേഹം പറയുന്നത് വെറും മോദത്തിനു വേണ്ടിയിട്ടല്ല ബോധത്തിനു വേണ്ടിയിട്ടു കൂടിയാണ്. മോദവും ബോധവും ഒരു പോലെ നൽകാൻ കഴിയുമ്പോഴാണ് കല കലയാകുന്നത്. ആ കലയുടെ ആത്യന്തിക ലക്ഷ്യമെന്താ ''സാ കലാ യാ വിമുക്തയേ" ആത്യന്തിക മുക്തിക്കാണ് കല. ഭാരതത്തിന്റെ  ചിത്രകല വികസിച്ചതും അങ്ങനെയാണ്. ആ ചിത്രകലയെ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയിട്ട് സ്വജീവിതത്തെ സമർപ്പിച്ച നന്ദലാൽ ബോസ്. അതിനു വേണ്ടി സമർപ്പിച്ച രവീന്ദ്രനാഥ ടാഗോർ ഇവരെല്ലാവരും ചേർന്ന് കലയുടെ മേലെയുള്ള ഈ പ്രവർത്തനം നടത്തി. പറഞ്ഞു വന്നത്, ഒന്ന്

വളരെ ദൈർഘ്യമേറിയതായിരുന്നു നമ്മുടെ പോരാട്ടം അതേപോലെ തന്നെ നമ്മുടെ സ്വാതന്ത്ര്യസമരം സമഗ്രമായിരുന്നു. അത് എല്ലാ മേഖലയെയും സ്പർശിക്കുന്നതായിരുന്നു. ചർച്ച ചെയ്തു പോയിക്കഴിഞ്ഞാൽ വളരെയേറെ സമയമെടുക്കും എന്നുള്ളതുകൊണ്ട്, നമ്മളിൽ ഏറെപേരും കാത്തിരിക്കുന്നത് ഇനി നടക്കാൻ പോകുന്ന ആ മനോഹരമായ

 

സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആ രാവിലൂടെ കടന്നുപോകാനാണ്. പ്രസംഗം കേൾക്കാനല്ല നമ്മളെല്ലാവരും എത്തിയിരിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അപ്പോൾ വിഷയത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾമാത്രം പറയാം. ആർട്സിന്റെ  മേഖലയിൽ, പ്രത്യേകിച്ച് പെർഫോമിംഗ് ആർട്സിന്റെ  മേഖലയിൽ, ഭാരതത്തിന്റെ  സ്വത്വത്തെ വീണ്ടെടുക്കാൻ, സെൽഫ്ഹുഡിനെ വീണ്ടെടുക്കാൻ വേണ്ടി നടന്ന പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം നടത്തിയ മേഖല, അത് തിയേറ്ററിന്റെ , നാടകത്തിന്റെ , കലാരൂപങ്ങളുടെ മേഖലയിലായിരുന്നു. അതിനെ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരൻ നേരിട്ടു തന്നെയാണ്  നമ്മുടെ നാട്ടിലെ കലയെ നിരോധിച്ചത്. എന്തിനാണ് തിയേറ്റർ പെർഫോമൻസ് ആക്ട് ബ്രിട്ടീഷുകാരൻ കൊണ്ടുവന്നത്? ഒരു ആക്ട് തന്നെ കൊണ്ടുവന്നു നിയമം തന്നെ കൊണ്ടുവന്നു. ആ നിയമത്തിന്റെ  പരിധിയിൽ പെടുത്തിയിട്ടാണ് മോഹിനിയാട്ടത്തെ നിരോധിച്ചത്. ഭരതനാട്യത്തെ നിരോധിച്ചത്. മണിപ്പൂരി ഡാൻസിനെ നിരോധിച്ചത്. നാടകങ്ങളെ നിരോധിച്ചത്. മോഹിനിയാട്ടത്തെക്കുറിച്ച് എന്താ പറഞ്ഞത്.. ബ്രിട്ടീഷുകാരൻന്റെ  ഒരു വിക്ടോറിയൽ മൊറാലിറ്റി ഉണ്ട്. അവന്റെയൊരു പ്രത്യേകതരം മൊറാലിറ്റി. പുറത്തൊക്കെ മോറൽ ആയിരിക്കും അകത്തെന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം പാശ്ചാത്യന്റെ  മൊറാലിറ്റി സങ്കൽപം. അവർക്ക് നമ്മുടെ നൃത്ത സങ്കേതങ്ങളെക്കുറിച്ച് അറിയില്ല. ആ നൃത്തത്തിന്റെ  ഉദ്ദേശത്തെക്കുറിച്ചറിയില്ല. അവരതിനെ എന്തുകൊണ്ട് നിരോധിക്കാൻ തയ്യാറായി, വെറും അറിയില്ലായ്മകൊണ്ടു മാത്രല്ലാ.. ഈ കലാ പ്രകടനങ്ങളിലൂടെ ഭാരതം അതിന്റെ  സ്വത്വത്തെ തീവ്രമാക്കി നിലനിർത്തുന്നു, ഇതവർക്ക് മനസ്സിലായി. അതുകൊണ്ടാണ് നിരോധിച്ചത്. ആ തനിമയെ ബോധ്യപ്പെട്ട അതെപ്പോഴും ജാജ്ജ്വല്യമാനമാക്കി നിർത്തുന്നതീ കലാരൂപങ്ങളിലൂടെയാണ്. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായാലും ക്ഷേത്ര സങ്കേതങ്ങളോട് ബന്ധപ്പെട്ടിട്ടൊക്കെ ആയാലും ഈ നൃത്തങ്ങൾ അല്ലെങ്കിൽ നാടകങ്ങൾ കലാരൂപങ്ങൾ, സാധാരണ ഗ്രാമ പ്രദേശത്ത് നടക്കുന്ന ലോക കലകൾ, നമ്മൾ അതിനെ ഫോക്ക് ആർട്സ് എന്നൊക്കെ പറയും. സത്യത്തിൽ എനിക്ക് അതിനോട് കടുത്ത വിയോജിപ്പാണ്.

ലോക കലയോട് തദ്ദേശീയ സാധാരണകല എന്നതിനെ ഫോക്ക് ആർട് എന്ന് തർജ്ജമ ചെയ്യുന്നത്. ഫോക്ക് എന്നു പറയുന്നതൊരു ഗ്രാംഷ്യൻ ടെം ആണ്. ഭാരതത്തെ വിഭജിക്കാൻ വേണ്ടി ഗ്രാംഷി കൊണ്ടുവന്നൊരു ടെം ആണ് ഫോക്ക് എന്നു പറയുന്നത്. It is to divide us vertically. ക്ലാസിക്കൽ എന്നുപറയുന്ന കലാരൂപം പോലെ തന്നെ തനി നാടൻ കലാരൂപങ്ങളും ഭാരതീയരെ ഒരുമിപ്പിച്ചു കൊണ്ടിരുന്നു ഇത് ബോധ്യപ്പെട്ടുകൊണ്ടാണ് ഈ വിക്ടോറിയൽ മോറാലിറ്റിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ നമ്മുടെ കലാരൂപങ്ങളെ നിരോധിച്ചത്. ആ നിരോധനത്തിനെതിരായി നടന്ന പോരാട്ടം. ഇപ്പോൾ മോഹിനിയാട്ടത്തെ, മണിപ്പൂരി ഡാൻസിനെ വീണ്ടും, 1930 ലാണ് ബ്രിട്ടീഷുകാരൻ ഈ പെർഫോമൻസ് ആക്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരി ഡാൻസിനെ നിരോധിച്ചത്. ആ നിരോധനത്തിനെതിരായിട്ടുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്തത് സാക്ഷാൽ ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ആണ്. രവീന്ദ്രനാഥ ടാഗോർ മണിപ്പൂരി ഡാൻസിനെ തന്റെ വിശ്വഭാരതി സർവകലാശാലയിൽ ഒരു ഫാക്കൽറ്റി ആക്കി മാറ്റി. പിന്നെന്തു ചെയ്യും. അങ്ങനെ മണിപ്പൂരി ഡാൻസിന് എതിരായിട്ടുള്ള മണിപ്പൂരി ഡാൻസിനെ വീണ്ടും രംഗത്ത് കൊണ്ടുവരാൻ വേണ്ടിയിട്ടുള്ള ശ്രമം. ഇതേപോലെയാണ് ഞാൻ പലപ്പോഴും, അങ്ങനെ വളരെ കൂടുതൽ പ്രകടനം നയിച്ചിട്ടുണ്ടായിരുന്നു എന്നൊന്നും ചോദിച്ചാൽ പ്രകടനം നയിച്ചിട്ടുണ്ടാവില്ല. പക്ഷേ വള്ളത്തോൾ നാരായണമേനോൻ മോഹിനിയാട്ടത്തിനു വേണ്ടി മോഹിനിയാട്ടത്തെ വീണ്ടും നമ്മുടെ കലാരൂപം എന്ന നിലയിൽ പുനഃപ്രതിഷ്ഠിക്കാൻ വേണ്ടി നടത്തിയ പരിശ്രമത്തെയും സ്വാതന്ത്ര്യ സമരത്തി ഭാഗമായിട്ട്, സ്വത്ത്വാവിഷ്കാരത്തിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിന്റെ ഭാഗമായിത്തന്നെ കാണണം. ഇതേപോലെ ഒന്നും രണ്ടുമല്ല എല്ലാ സംസ്ഥാനങ്ങളിലെയും കലാരൂപം, പ്രത്യേകിച്ച് ക്ഷേത്രത്തോട് ബന്ധപ്പെട്ട് നടക്കുന്ന കലാരൂപങ്ങളെയൊക്കെയും ബ്രിട്ടീഷുകാരൻ നിരോധിച്ചു. ഞാൻ ആദ്യം പറഞ്ഞ ആ കാര്യം അതായത് നമ്മുടെ തനിമയ്ക്കെതിരായിട്ടുള്ള നമ്മുടെ സ്വത്ത്വബോധത്തിനെതിരായിട്ടുള്ള ആക്രമണമാണ് അവരു നടത്തിയത്. സമർത്ഥമായി ചെറുത്തുനിന്നു നമ്മൾ. ഇതേപോലെ തന്നെയാണ് ഭാരതത്തിന്റെ നാടക പാരമ്പര്യം തീയേറ്റർ പാരമ്പര്യത്തിന് എത്ര ആയിരം വർഷങ്ങളുടെ പഴക്കമാണുള്ളത്. ദേവലോകത്തു നിന്ന് തുടങ്ങുന്നതാണ് ആ നാടകത്തിന്റെ ചരിത്രം. ഇവിടെ നേരത്തെ അതിന്റെ തുടക്കത്തെക്കുറിച്ചൊക്കെ സൂചിപ്പിച്ചു കഴിഞ്ഞതുകൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല.

തിയേറ്ററും സ്റ്റേജിനെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ സങ്കല്പം, ഭരതമുനി നാട്യശാസ്ത്രത്തിൽ ഇത് വർണ്ണിക്കുന്നത് പോലും എന്റെ പൂർവികന്മാർ ഇതിനെ കുറിച്ച് പറഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങൾ ഇങ്ങനെയാ, എന്നു പറഞ്ഞാൽ ഭരതമുനിക്ക് മുൻപേ ഇവിടെ നാടകങ്ങൾ ഉണ്ടായിരുന്നു, നാട്യം ഉണ്ടായിരുന്നു, നൃത്തങ്ങൾ ഉണ്ടായിരുന്നു. ആ കാലഘട്ടം തന്നെ നാട്യശാസ്ത്രത്തിന്റെ, ഭരതമുനിയുടെ കാലഘട്ടത്തെക്കുറിച്ച് തന്നെ പറയുന്നതൊരു 2500 വർഷം 2750 വർഷം മുൻപാണ്. എന്നു പറഞ്ഞാൽ ഗ്രീക്ക് നാടക വേദിയൊക്കെ തുടങ്ങുന്നതിന് എത്രയോ വർഷങ്ങൾക്കു മുൻപ് ഭാരതത്തിൽ നാടക പാരമ്പര്യം ഉണ്ടായിരുന്നു. ആ നാടകത്തിന്റെ, കലയുടെ ഉദ്ദേശം ഞാൻ നേരത്തെ സൂചിപ്പിച്ചു, അത് ആനന്ദത്തിൽ നമ്മളെ ആറാടിക്കുക. ആ ആനന്ദത്തിലൂടെ ബ്രഹ്മസാക്ഷാത്കാരത്തിലേക്ക് നമ്മളെ എത്തിക്കുക. ശരിയായ വിധത്തിലുള്ള ബോധത്തിന്റെ ഉണർവിന് വേണ്ടി നമ്മളെ തയ്യാറാക്കുക എന്നതായിരുന്നു അതിന്റെ എല്ലാ ഉദ്ദേശവും. അത് പിൽക്കാലത്ത് ഈ വിദേശത്തുനിന്ന് അക്രമണകാരികൾ കടന്നു വന്ന് നൃത്തത്തെയും കലയെയും ഒന്നും അംഗീകരിക്കാൻ തയ്യാറില്ലാത്ത ആളുകൾ, അവരിതിനെ നശിപ്പിക്കാനൊക്കെ ശ്രമിച്ചപ്പോൾ അതു ലോപിച്ചു തുടങ്ങി. ശരിയാണ് അത് പലതരത്തിലുള്ള നന്മകളും ലോപിച്ചു തുടങ്ങിയതുപോലെ ഈ കലാപാരമ്പര്യവും ലോപിച്ചു വന്നു. ആ സന്ദർഭത്തിലാണ് പ്രധാനമായും കൽക്കട്ടയും അതേപോലെതന്നെ മഹാരാഷ്ട്രത്തിലും ഈ നാടക പാരമ്പര്യത്തിലൂടെ നമ്മുടെ സ്വത്വത്തെ വീണ്ടെടുക്കാനുള്ള അതിശക്തമായ പരിശ്രമം നടന്നത്. ചരിത്ര സംഭവങ്ങളെയും പുരാണ സംഭവങ്ങളെയുമൊക്കെ സമർത്ഥമായി  നാടകത്തിലൂടെ, വേദിയിലൂടെ അവതരിപ്പിച്ച, ഭാരതത്തിലെ ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിന് പ്രേരിപ്പിക്കാൻ അവർ തയ്യാറായി. അപ്പോ പേർഷ്വായുടെ പേരിൽ പേർഷ്വായുടെ ചരിത്രം ഓർമ്മിപ്പിക്കാൻ വേണ്ടിയിട്ട് ബി ജെ കീർത്തനെ എന്ന് പറയുന്ന വളരെ പ്രസിദ്ധനായ മറാഠി നാടകക്കാരൻ തോർലേ മാധവ റാവൂ പേർഷ്വാ എന്നുപറഞ്ഞിട്ടുള്ള നാടകം അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ രഹസ്യ ഉദ്യോഗസ്ഥന്മാർ അതിൻ്റെ ആന്തര അർത്ഥത്തെ ഗ്രഹിച്ചറിഞ്ഞ് ഇതിനെ ഏത് വിധേനയും നിരോധിക്കണം എന്ന് ആവശ്യം ഉന്നയിച്ചു തുടങ്ങി. ഇത് 1861 ലാണ് ഈ നാടകം രംഗത്തെത്തുന്നത്. അത് കഴിഞ്ഞാണ് കൽക്കട്ടയിൽ 1861ൽ ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ദീനബന്ധുമിത്ര എന്നു പറയുന്ന നാടകക്കാരൻ, അദ്ദേഹം നീല ദർപ്പൺ, ഇത് ഈ ഇരിക്കുന്നതിൽ മിക്ക ആൾക്കാരും കേട്ടിരിക്കാൻ ഇടയുള്ള ഒരു നാടകത്തിന്റെ പേരാണ് നീല ദർപ്പൺ. നീല ദർപ്പൺ എന്ന നാടകത്തിൻ്റെ കഥ നീലം കൃഷിക്കാരുടെ മേലെയുള്ള ചൂഷണം ബ്രിട്ടീഷുകാരൻ നടത്തിയ ചൂഷണം നീലം കൃഷിയിലൂടെ, ഇൻഡിഗോ കൃഷിയിലൂടെ വമ്പിച്ച ലാഭം ബ്രിട്ടീഷുകാരൻ ഉണ്ടാക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് സാധാരണ ധാന്യങ്ങൾ കൃഷി ചെയ്ത പാടങ്ങൾ പോലും ഈ നീലം, ഇൻഡിഗോ കൃഷി ചെയ്യാൻ വേണ്ടിയിട്ട് ബ്രിട്ടീഷുകാരൻ അവന്റെ ആയുധശക്തിയും ഭരണശേഷിയും ഒക്കെ ഉപയോഗിച്ചുകൊണ്ട് കൽപ്പിച്ചു. അങ്ങനെ വലിയ തോതിലുള്ള ചൂഷണം നടന്നു. ആ ചൂഷണത്തിലൂടെ ഭാരതത്തിൽ ക്ഷാമവും മരണവും ഇതൊക്കെ സംഭവിച്ചതിനെ കേന്ദ്രബിന്ദു ആക്കിക്കൊണ്ട് ദീനബന്ധു മിത്ര എഴുതിയ നാടകമാണ് നീല ദർപ്പൺ. ഈ നീല ദർപ്പണെതിരായിട്ടുള്ള ആക്രമണങ്ങളും നടന്നു. ഭാരതമാസകലം ഈ നാടകം അവതരിപ്പിക്കാൻ വേണ്ടി നാഷണൽ തിയേറ്റർ എന്നു പറയുന്ന ഒരു തിയേറ്റർ രൂപം കൊണ്ടു. നാഷണൽ തിയേറ്റർ നബ് ഗോപാൽ മിത്ര, നബ് ഗോപാൽ മിത്രയുടെ പേര് ഒരു പക്ഷേ സ്വാതന്ത്ര്യ സമര ചരിത്രം, ഞാൻ വീണ്ടും പറയുകയാണ് മുഖ്യധാരാ ചരിത്രം ക്ലാസിൽ പഠിക്കുന്നത് മാത്രം പഠിച്ചിട്ടുള്ളവർ ഒരുപക്ഷേ നാഷണൽ നബ്ഗോപാൽ മിത്രയെ കുറിച്ച് കേട്ടിരിക്കാൻ ഇടയുണ്ടാകില്ല.

മഹർഷി രാജ് നാരായണൻ ബൊസുവിനെക്കുറിച്ച് കേട്ടിരിക്കാൻ ഇടയുണ്ടാവില്ല. കാരണം അവരെയൊന്നും ചരിത്രത്തിൽ പഠിപ്പിക്കുന്നില്ല. അവർ സ്ഥാപിച്ച ഒരു നാടക വേദിയാണ് നാഷണലിസ്റ്റ് തിയേറ്റർ. ദേശീയവാദികളുടെ തിയേറ്റർ. അതിനിത് ഭാരതമാസകലം അവതരിപ്പിക്കാൻ തുടങ്ങി. അങ്ങനെ ലക്നൗവിൽ അവതരിപ്പിക്കുന്ന സമയത്ത് ഈ നാടകത്തിൽ ഒരു ചെറിയ കഥാസന്ദർഭം ഉണ്ട് ഒരു ദൃശ്യമുണ്ട്. ചെറുതല്ല അത് വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രറാണി എന്നു പറയുന്ന ഒരു കഥാപാത്രമുണ്ട് ആ നാടകത്തിൽ. നാടകം മലയാള പരിഭാഷ വായിച്ചിട്ടുള്ളവർക്കറിയാം. ആ ക്ഷേത്ര റാണി എന്നു പറയുന്ന മഹിളയെ, യുവതിയെ റോഗ്, പേരൊക്കെ വളരെ സമർത്ഥമായിട്ടാണ് ദീനബന്ധു മിത്ര ഇട്ടിരിക്കുന്നത്. റോഗ് എന്നു പറയുന്ന ഒരു ഇംഗ്ലീഷ് അക്രമി അവളെ ആക്രമിക്കാൻ ശ്രമിക്കുന്നു. ആ ആക്രമിക്കാൻ ശ്രമിക്കുന്ന സമയത്ത് തൊറാക് എന്ന് പറയുന്നതായ ഈ നാടകത്തിലെ ഒരു പ്രധാന നായക കഥാപാത്രങ്ങളിൽ ഒരാൾ ഈ റോഗിനെ കീഴ്പ്പെടുത്തി ചവിട്ടി വീഴ്ത്തുന്നു. അങ്ങനെ ഒരു ദൃശ്യമുണ്ട്. ഈ ദൃശ്യം കണ്ട മാത്രയിൽ അവിടെ നേരത്തെതന്നെ വന്നിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ, സായിപ്പന്മാരായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ നേരിട്ട് വേദിയിൽ കയറി ഈ നായികയെയും നായകനെയും നടന്മാരെയും സംവിധായകനെയും ഒക്കെ അറസ്റ്റ് ചെയ്യുകയും മർദിക്കുകയൊക്കെ ചെയ്തു. ഇങ്ങനെയൊരു നേരിട്ടുള്ള ആക്രമണമായിട്ട് മാറി. 

നേരിട്ടുള്ള കടന്നാക്രമണം ഈ നാടകത്തിന്റെ ഈ പെർഫോമിംഗ് ആർട്സിനെതിരായിട്ട് ബ്രിട്ടീഷുകാരൻ നടത്തി. ഇതിനെ തുടർന്നിട്ടാണ് അവർ ഇന്ത്യൻ പീനൽ കോഡിൽ ഈ ദൃശ്യ കലാരൂപങ്ങളിലൂടെ ഭരണാധികാരിക്കെതിരായിട്ടുള്ള ആരോപണങ്ങൾ കൊണ്ടുവരുന്നത്. അത്തരം ദൃശ്യങ്ങൾ നടത്തുന്നത് ശിക്ഷാർഹമാണ് എന്നുള്ള നിയമം എഴുതിച്ചത്. അതിനു ശേഷം കുറച്ചുകൂടി കഴിഞ്ഞ് 1871 ആകുമ്പോഴേക്കും ഞാൻ നേരത്തെ സൂചിപ്പിച്ച തീയേറ്റർ പെർഫോമൻസ് ആക്ട് അവർ നിലവിൽ വരുത്തുകയും ഇത്തരം നാടക രൂപങ്ങളെ, അത് കൽക്കട്ടയിൽ ആയാലും ബോംബെയിൽ ആയാലും പൂനയിൽ ആയാലും കേരളത്തിലായാലും എവിടെയും അവർ നിരോധിക്കാൻ വേണ്ടിയിട്ട് ഇറങ്ങിപ്പുറപ്പെട്ടു. പക്ഷേ ഭാരതീയർ പ്രത്യേകിച്ചും ഈ മേഖലയിൽ നിഷ്ണാദരായിട്ടുള്ള കലാകാരന്മാർ നാടകത്തിന്റെയും നൃത്തത്തിന്റെയും ഈ ശക്തിയെ തിരിച്ചറിഞ്ഞു കൊണ്ട് അതിനെ കൂടുതൽ കൂടുതൽ കരുത്താർന്ന വിധം അവതരിപ്പിക്കാൻ വേണ്ടിയിട്ട് ആരംഭിച്ചു. അവരും പ്രത്യാക്രമണം നടത്താൻ സന്നദ്ധരായിരുന്നു. എന്തുതന്നെ ശിക്ഷ നേരിടേണ്ടി വന്നാലും. ആ സമയത്താണ് ഒരു പ്രത്യേക, നാടകത്തിന്റെ പേര് തന്നെ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. കലയുമായി ബന്ധപ്പെട്ട ഈ കൂട്ടത്തിൽ ഉള്ളവർ, കലയും ചരിത്രവുമായി ബന്ധപ്പെട്ട ആൾക്കാർ തീർച്ചയായും ഓർക്കുന്നുണ്ടാകും The Police of Pig and sheep എന്ന് പറയുന്ന ഒരു നാടകം അക്കാലത്ത് ഉണ്ടാക്കി. The Police of Pig and sheep, അത് രണ്ടുപേരെയാണ് സത്യത്തിൽ ഉദ്ദേശിച്ചത്. Pig എന്ന് പറയുന്നത് വളരെ ക്രൂരനായ ഹോഗ് എന്നു പറയുന്നതായ ഒരു കമ്മീഷണർ ഉണ്ടായിരുന്നു, പോലീസ് കമ്മീഷണർ ഉണ്ടായിരുന്നു, ബ്രിട്ടീഷുകാരൻ. അയാളെയാണ് അതിനകത്ത് Pig ആയിട്ട് അവതരിപ്പിച്ചത്. ഈ Pig ആയിട്ടുള്ള  അവതരണം 1984 എന്ന് പറയുന്ന നോവലിൽ അല്ല ആദ്യമായിട്ട്

 

കൊണ്ടുവന്നത്. അത് ഭാരതീയരായ നാടകക്കാരന്മാരാണ് ആദ്യമായി കൊണ്ടുവന്നത്. The Police of Pig and sheep, Sheep എന്നുള്ള പേര് പറയാൻ കാരണം ഈ കമ്മീഷണറുടെ അസിസ്റ്റൻ്റായിട്ടുള്ള ഒരു സൂപ്രണ്ട് ഉണ്ട് അയാളുടെ പേര് Lamp എന്നാണ്. ഇങ്ങനെയുള്ള നാടകങ്ങൾ. ഇതേപോലെ തന്നെയാണ് വളരെ പ്രധാനപ്പെട്ട ഒരു നാടകം കീചകവധം. ഈ കീചകവധത്തിലെ കഥാപാത്രങ്ങൾ ആരൊക്കെയായിരുന്നു. അതും നമ്മൾ മനസ്സിലാക്കേണ്ടത് എങ്ങനെയാണ് നമ്മൾ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടുള്ള ബോധം ഉണർത്തുവാൻ വേണ്ടി നാടകത്തെയും പെർഫോമിങ്ങ് ആർട്സിനെയും ഉപയോഗിച്ചതെന്ന് മനസ്സിലാക്കാൻ ഉപകരിക്കും. കീചകവധം കഥ നമുക്ക് എല്ലാം, മഹാഭാരതത്തിലെ കഥ നമുക്ക് എല്ലാവർക്കും അറിയാം. അതിൽ വിരാട രാജാവ് പ്രതിനിധീകരിക്കുന്നത് ബ്രിട്ടീഷ് ഭരണാധികാരിയെയാണ്. കീചകനാരാ  ലോക്കേഴ്സൺ, കങ്കൻ ആരാണ് അല്ലെങ്കിൽ യുധിഷ്ഠിരൻ ആരാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യസമര മേഖലയിലെ മിതവാദികൾ. മിതവാദികളെയാണ് യുധിഷ്ഠിരൻ. പാഞ്ചാലി ആരാ ഭാരതം. ഭീമസേനൻ ആരാ വിപ്ലവകാരികൾ. ഭാരതത്തിൻ്റെ വിപ്ലവകാരികൾ. ഇങ്ങനെയാണ് കീചകവധം എന്ന ആ നാടകം അവതരിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയുള്ള നിരവധി നാടകങ്ങളിലൂടെ നൃത്തരൂപങ്ങളിലൂടെ ഭാരതത്തിന്റെ സ്വത്ത്വ ബോധത്തെ ഉണർത്താനും അഭിമാനബോധത്തെ ഉണർത്താനും വിപ്ലവ ചിന്ത വളർത്താനും ഭാരതത്തിൽ ശ്രമം നടന്നു. ഈ കൂട്ടത്തിൽ തീർച്ചയായിട്ടും പരാമർശിക്കപ്പെടേണ്ടുന്ന ഒന്നാണ് ഭാരതത്തിന്റെ സിനിമ. അതും പെർഫോമിംഗ് ആർട്സിലാണല്ലോ പെടുത്തേണ്ടത്. സിനിമ എങ്ങനെയാ ഉണ്ടായത് ഭാരതത്തിൽ. നമ്മൾ എല്ലാവരും ഫാദർ ഓഫ് ഇന്ത്യൻ ഫിലിം ആയിട്ട് ദാദാസാഹിബ് ഫാൽകെയെ വാഴ്ത്തുന്നു. ശരിയാണ് അദ്ദേഹമാണ് ഭാരതീയ സിനിമയുടെ പിതാവ്. ഭാരതീയ സിനിമയും നമ്മുടെ നാടിന്റെ സ്വത്വബോധത്തെ ഉണർത്തി ജനങ്ങളുടെ മനസ്സിൽ

 

ഭാരതത്തോടുള്ള അഭിമാനബോധത്തെ വളർത്താൻ വേണ്ടി ഉണ്ടായതാണ് എന്ന് സൂക്ഷ്മമായ പഠനം നടത്തിയവർക്ക് മനസ്സിലാക്കാൻ സാധിക്കും. ദാദാസാഹിബ് ഫാൽകേയുടെ ജീവചരിത്രം വായിച്ചാൽ 1911  ഏപ്രിൽ മാസം പതിനാലാം തീയതി ഫാൽകേ തന്റെ മകനായ ബാലചന്ദ്ര ഫാൽകേയും കൂട്ടിക്കൊണ്ട് ബോംബെയിലെ പ്രസിദ്ധമായ ഒരു തിയേറ്റർ ഉണ്ട്, അമേരിക്കൻ തീയേറ്റർ പാലസ് എന്ന് പറയുന്ന തീയേറ്ററിൽ സിനിമ കാണാൻ, ആദ്യമായിട്ടാണ് മകൻ സിനിമ കാണുന്നത്. അന്നത്തെ സിനിമ അമേസിങ് അനിമൽസ് എന്ന് പറയുന്ന സിനിമയായിരുന്നു. മൃഗങ്ങളാണ് അതിലെ കഥാപാത്രം. പക്ഷേ അതുമൊരു അത്ഭുതമായിരുന്നു ആ കുട്ടിക്ക്.  ദാദാസാഹിബ് ഫാൽകേ വിദേശത്ത് പോയി ഫിലിം ഒക്കെ കണ്ടിട്ടുണ്ട്. ഇത് വളരെ പ്രത്യേകതയുള്ളതായിട്ട് കണ്ട അത്ഭുതം കൂറിക്കൊണ്ട് ഈ കുട്ടി വീട്ടിലെത്തി ഇതിനെ പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് അമ്മ സരസ്വതി ഫാൽകേയോടും സഹോദരന്മാരോടുമൊക്കെ വിശദീകരിക്കാൻ തുടങ്ങി. അവർക്കൊക്കെ ആനന്ദമായി ഒപ്പം ഇത് സാധ്യമല്ല ഇങ്ങനെ ഒന്നും നടക്കില്ല സ്ക്രീനിൽ വന്ന് ഇത്തരം ത്രീ ഡയമെൻഷനോടുകൂടീട്ട് എങ്ങനെ കാണാൻ കഴിയുംന്നൊക്കെ ആൾക്കാർ തർക്കിച്ചു. അങ്ങനെയാണെങ്കിൽ നമുക്ക് നാളെ പോകാം എന്നായി. പിറ്റേദിവസം ഭാര്യയായ സരസ്വതി ഫാൽകേ മക്കളെയൊക്കെ കൂട്ടിക്കൊണ്ട് ദാദാസാഹിബ് ഫാൽകേ സിനിമ കാണാൻ പോയി. അമേസിങ് അനിമൽസ് തന്നെയായിരിക്കും എന്നാണ് വിചാരിച്ചത്. ഭാഗ്യവശാലോ ദൗർഭാഗ്യവശാലോ അന്നേദിവസം ഈസ്റ്റർ ആയിരുന്നു. അതുകൊണ്ട് അന്ന് ഫിലിം ഒരു ഫ്രഞ്ച് സംവിധായകയുടെ ലൈഫ് ഓഫ് ജീസസ് ക്രൈസ്റ്റ് ആണ് ഈസ്റ്റർ ആയതുകൊണ്ട് അന്ന് തിയേറ്ററിൽ പ്രദർശിപ്പിച്ചത്. അപ്പോ ആ തീയേറ്ററിൽ ഇത്, എന്ത് കണ്ടാലും അത്ഭുതപ്പെടാൻ വേണ്ടി വന്നിരിക്കുകയാണ് അവർ. അത്ഭുതപ്പെട്ടുപോകും ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണ് അങ്ങനെയൊന്ന്. നമുക്കൊക്കെ അത്ഭുതം തോന്നുന്നില്ലെങ്കിലും. പക്ഷേ എല്ലാവരും അത്ഭുതം കൂറി ആനന്ദത്തോടു കൂടി ക്രൈസ്റ്റിന്റെ പീഡനങ്ങൾ കാണുമ്പോൾ കരയുകയും, മറ്റു ചില രംഗങ്ങൾ കാണുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്ത് അവർ ആനന്ദിക്കുമ്പോൾ ദാദാസാഹിബ് ഫാൽകേയുടെ മനസ്സാകുന്ന തിരശ്ശീലയിലൂടെ കടന്നുപോയത് യേശുക്രിസ്തുവും സെന്റെ അഗസ്റ്റിനും സെൻ്റ് പോളും സെന്റ് തോമസും ഒന്നുമല്ല. അദ്ദേഹത്തിന്റെ മനസ്സാകുന്ന തിരശ്ശീലയിൽ വന്നത് ജീസസ് ക്രൈസ്റ്റ് വരുമ്പോൾ അദ്ദേഹം ചിന്തിച്ചത് ആ ഭാഗത്ത് ശ്രീകൃഷ്ണൻ വന്നാൽ എങ്ങനെ ഉണ്ടാകും, ഹരിശ്ചന്ദ്രൻ വന്നാൽ എങ്ങനെ ഉണ്ടാകും, അഗസ്ത്യർ വന്നാൽ എങ്ങനെ ഉണ്ടാകും, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ വന്നാൽ എങ്ങനെ ഉണ്ടാകും, പൂതനാമോക്ഷം നടത്തുന്ന ശ്രീകൃഷ്ണൻ വന്നാൽ എങ്ങനെ ഉണ്ടാകും. ഭാരതീയ ബിംബങ്ങൾ ചലച്ചിത്രത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അതിൽപ്പരം ഒരു സേവനം വേറെ എന്ത്, അതെന്റെ കഴിവിന്റെ മേഖലയാണ്, ആ മേഖലയിലൂടെ ഭാരതീയരുടെ മനസ്സിനെ ഉണർത്താൻ എനിക്ക് സാധിക്കും എന്ന് ചിന്തിച്ച് ആ തിയേറ്ററിൽ ഇരുന്നെടുത്ത തീരുമാനമാണ് ഹരിശ്ചന്ദ്രയായിട്ട് രണ്ടുവർഷം കഴിഞ്ഞപ്പോൾ പുറത്തുവന്നത്. 1913 ൽ രണ്ടുവർഷത്തിനുള്ളിൽ പുറത്തുവന്നത്. അത് മനസ്സിലാക്കിക്കൊണ്ടാണ്, ഇത് പറയുമ്പോൾ ചിലപ്പോൾ ചിലർക്ക് തോന്നും അങ്ങനെ ഒരു സിനിമയുണ്ടാക്കിയതിനെ കുറിച്ച് ഇങ്ങനെ വ്യാഖ്യാനിക്കാനുണ്ടോ എന്ന് തോന്നാം. പക്ഷേ ഞാനല്ല ഇത് വ്യാഖ്യാനിച്ചത്. വ്യാഖ്യാനിച്ചത് സാക്ഷാൽ ലോകമാന്യതിലകനാണ്. അടുത്തവർഷം നടന്ന നാസിക്കിലെ കോൺഗ്രസ് സമ്മേളനം സ്വാതന്ത്ര്യസമര സമ്മേളനത്തിൽ ദാദാസാഹിബ് ഫാൽകേയെ വിശേഷ പ്രതിനിധി ആയിട്ട് തിലകൻ വിളിച്ചു. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും. ബ്രിട്ടീഷുകാരാ അത് നിന്റെ ഔദാര്യമല്ല നീ തന്നില്ലെങ്കിൽ നിന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങും' എന്ന് ഗർജിച്ച ആ ദേശഭക്തൻ ഒരു സിനിമാക്കാരനെ കോൺഗ്രസ് സമ്മേളനത്തിൽ എന്തിനാ വിളിച്ചോണ്ട് വന്നത്. വിളിച്ചോണ്ട് വന്ന് എല്ലാവരുടെ മുൻപാകെയും അദ്ദേഹം പറഞ്ഞു, ഇദ്ദേഹത്തിന്റെ കയ്യിലുള്ള കലാരൂപം ഭാരതീയരുടെ മനസ്സിൽ നമ്മുടെ തനിമയെ കുറിച്ച് നമ്മുടെ നാടിനെ കുറിച്ച് നമ്മുടെ ചരിത്രത്തെക്കുറിച്ച് പാരമ്പര്യത്തെ കുറിച്ചുള്ള അഭിമാന ബോധം ഉണർത്താൻ ഉപകരിക്കും. അതുകൊണ്ട് നമ്മൾ എല്ലാവരും ചേർന്ന് ഇതിനെ സഹായിക്കണം.

ഒരുപക്ഷേ crowd sourcing ആദ്യമായി നടത്തിയത് ലോകമാന്യതിലകനാണ് എന്ന് വേണമെങ്കിൽ പറയാം. അവിടെ നാസിക് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളോട് തിലകൻ ആവശ്യപ്പെട്ടു നമ്മളെല്ലാവരും ഇതിനുവേണ്ടി പണം കൊടുത്ത് പുതിയ സിനിമകൾ ഉണ്ടാക്കാൻ, അതിലൂടെ ഈ പുതിയ മാധ്യമത്തെ ഫലപ്രദമായി ഉപയോഗിച്ച് ഭാരതത്തിന്റെ ദേശഭക്തി ഉണർത്താൻ നമുക്ക് സാധിക്കും. ഇതായിരുന്നു തിലകന്റെ ആഹ്വാനം.

ഇത് കുറച്ചു വർഷങ്ങൾ കഴിഞ്ഞ് 1938 ൽ നേതാജി സുഭാഷ് ചന്ദ്രബോസും, അന്ന് ഫാൽക്കെയെക്കുറിച്ചല്ല ബാക്കി സിനിമാ കലാകാരന്മാരിലൂടെ സംവിധായകന്മാരിലൂടെ ദേശഭക്തിയെ വളർത്താനും അതിനെ ഒരു പോർമുഖമാക്കി മാറ്റാനും ഒരു സഹായക വസ്തുവായിട്ടല്ല ഒരു പോർമുഖം തന്നെയാണ്, അതൊരു വ്യത്യസ്ത പോര്‍മുഖമായി കണ്ടുകൊണ്ട് നമ്മൾ അതിനെ ഉപയോഗിക്കണം എന്നും പറയുകയുണ്ടായി. ഞാനീ കുറച്ചുദാഹരണങ്ങൾ നിങ്ങളുടെ മുമ്പിൽ വെച്ചത്, അത് മോഹിനിയാട്ടത്തിലൂടെ ഭാരതത്തിന്റെ തനിമയെ കുറിച്ച്, ഭരതനാട്യത്തിലൂടെ ഒരു വലിയ പാരമ്പര്യത്തെ കുറിച്ചുള്ള ഓർമ്മയാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത്. ബ്രിട്ടീഷുകാരൻ ഇവിടെ എന്താ ചെയ്തുകൊണ്ടിരുന്നത്? ഭാരത ബോധം പോലും നിങ്ങളുടെ മനസ്സിലേക്ക് തന്നത് ഞങ്ങൾ ആണെന്നാണ്, അങ്ങനെയാണല്ലോ നമ്മളിൽ പലരും അറിഞ്ഞോ അറിയാതെയോ വിശ്വസിച്ചു പോരുന്നത്. രാഷ്ട്രം എന്ന സങ്കല്പം പോലും നമുക്ക് തന്നത് ബ്രിട്ടീഷുകാരനാണ് എന്ന് നമ്മൾ ചിന്തിക്കുന്നത്. സത്യത്തിൽ അവർ കച്ചവടത്തിന് 

 

വേണ്ടി വന്ന്, ഇവിടെ വന്ന് കച്ചവടം നടത്തുന്നതിൻ്റെയിടയിൽ നമ്മുടെ കഷ്ടത കണ്ടു മനസ്സലിഞ്ഞിട്ടാണ് അവര് നമ്മളെ വിദ്യാഭ്യാസം തന്ന്, സംസ്കാരമുള്ളവരാക്കാൻ  ശ്രമിച്ചത്. നമുക്ക് കലയില്ല, കവിതയില്ല, ശിൽപ്പ കലയില്ല, ഒന്നുമില്ല എന്നാ അവർ പഠിപ്പിച്ചത്. എന്തിനേറെ ഭാരതം എന്ന ബോധം പോലും ഇല്ല എന്നാണ്. കുറച്ച് വർഷങ്ങൾക്കു മുൻപ്, കുറച്ച് നാളുകൾക്ക് മുൻപ് ആസാദി കാ അമൃത് മഹോത്സവ് തുടങ്ങുന്ന സമയത്തൊക്കെ ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പത്രപ്രവർത്തക, വിഷയം ഇതായതുകൊണ്ട് മാത്രം പറയുകയാണ്. ആ പത്രപ്രവർത്തക ഇടയ്ക്കിടയ്ക്ക് ട്വീറ്റ് ഒക്കെ ചെയ്യും, ഫേസ്ബുക്കിൽ ഒക്കെ വരും, പുസ്തകങ്ങളൊക്കെ എഴുതും അങ്ങനെയൊക്കെയുള്ള ഒരാളാണ്. അവർ ട്വീറ്റ് ചെയ്തു. കാരണം ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി പറഞ്ഞു എല്ലാവരും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറാവണം, നമ്മുടെ ചരിത്രം പഠിക്കണം, ഭാരതത്തിന്റെ ധീരോദാത്തമായ പോരാട്ടത്തിന്റെ ചരിത്രം നമ്മൾ ഉൾക്കൊള്ളണം, പോരാടണം എന്നൊക്കെ പറഞ്ഞു. വരുന്ന 25 വർഷത്തെ അമൃതകാലമായി കണ്ട് ഭാരതത്തെ ലോക ഗുരുസ്ഥാനത്തേക്ക് ഉയർത്തണം എന്നൊക്കെ ആ പാവം പറയുന്നുണ്ടല്ലോ. തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നു. എത്ര പേര് കേൾക്കുന്നുണ്ടെന്ന് അറിയില്ല പക്ഷേ അദ്ദേഹം പറയുന്നുണ്ട്. ഇത് പറഞ്ഞത് കേട്ട് സഹിക്കുന്നില്ല ഈ പത്രപ്രവർത്തകയ്ക്ക്. അങ്ങനെയൊക്കെ ഉണ്ടല്ലോ ചിലർ, അവർക്ക് ഏറ്റവും ആരാധ്യനായ വ്യക്തി ഈ സോറോസിനെ പോലത്തെ  ആൾക്കാരാണ്, അവരാണ് ഭാരതത്തിന്റെ ജനാധിപത്യത്തെ ശരിയാക്കാൻ വേണ്ടി ശ്രമിക്കുന്നത് എന്നാണ് അവർ വിശ്വസിക്കുന്നത്. അപ്പോ അവർ ഒരു ട്വീറ്റ് ചെയ്തു. ട്വീറ്റ് വളരെ വിശേഷപ്പെട്ടതാണ്. Where was your India Mr. PM? ഹേ പ്രധാനമന്ത്രി എവിടെയായിരുന്നു നിങ്ങളുടെ ഭാരതം ബ്രിട്ടീഷുകാരൻ വരുന്നതിനു മുൻപ്, It was just a land mass in between Burma and Afghanistan, ബർമയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ഒരു വെറും മൺകഷ്ണം എന്നല്ലേ അത് പറയുന്നത്. ഒരു ലാൻഡ് മാസ് മാത്രമായിരുന്നു ഭാരതം. അതിനെ ഇന്ത്യ ആക്കിയത് ബ്രിട്ടീഷുകാരനാണ്. ഇതാണ് നമ്മുടെ മനസ്സിലിരിക്കുന്ന ബോധം. എൻ്റെ ഒരു ഒറ്റ സുഹൃത്ത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ഒരു ദേശീയവാദി ഇതിനെ തമാശ കലർത്തി ഒരു മറുപടി എഴുതി. അവരുടെ പേരെഴുതിക്കൊണ്ടാണ് ട്ടോ, ഞാൻ പേര് ഇവിടെ പറയുന്നില്ല. അതുകൊണ്ടായിരിക്കും മാഡം ഈ ബ്രിട്ടീഷുകാരൻ ഇവിടെ കച്ചവടത്തിന് വേണ്ടി വരുമ്പോൾ അവർ ഒരു കമ്പനി ഉണ്ടാക്കി, ആ കമ്പനിയുടെ പേര് ബ്രിട്ടീഷ് ഈസ്റ്റ് ലാൻഡ് മാസ് ഇൻ ബർമ ആൻഡ് അഫ്ഗാനിസ്ഥാൻ കമ്പനി എന്ന് പേരിട്ടു. അവരിവിടെ വരുമ്പോൾ, ഇത് ബ്രിട്ടീഷുകാരൻ മാത്രമല്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെന്ന്. ഇന്ത്യയില്ലല്ലോ അതുകൊണ്ടാ അവർ അങ്ങനെ പറഞ്ഞത്. ബ്രിട്ടീഷുകാരൻ മാത്രമല്ല ഡച്ചുകാരനും ഇട്ട പേരെന്താ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെന്നാണ്. ഭാരതത്തിന്റെ പേരും ഭാരതത്തിന്റെ മഹത്വവും അന്നേ ലോകപ്രസിദ്ധമാണ്‌. പക്ഷെ ചിലർ അംഗീകരിക്കാൻ തയ്യാറല്ല. അങ്ങനെയുള്ള ആളുകൾക്കും ബോധം കിട്ടാൻ സൃഷ്ടിക്കപ്പെട്ട, മോഹിനിയാട്ടത്തെക്കുറിച്ചൊക്കെയുള്ള ബോധം കിട്ടാൻ, ഇതെന്റെ ഭാരതത്തിന്റെതാണ്. ഭരതനാട്യം ആ പേര് ഭരതൻ.

ആരായിരുന്നു ആ ഭരതൻ, ഇതൊക്കെ ചിന്തിക്കുമ്പോൾ റോക്ക് ആൻ്റ് റോളൊന്നുമല്ല യഥാർത്ഥ കല എന്ന് അവർക്ക് മനസ്സിലാകും. കല ശരീരത്തിൻ്റെ മുകളിലത്തെ ഭാഗം ഇളകുന്നതാണ് യഥാർത്ഥ കല എന്നൊരു കലാ വിമർശകൻ പറഞ്ഞിട്ടുണ്ട്. തല ഇങ്ങനെ ആടി വരണം, ഒരു ആനന്ദം ഉള്ളിൽ അനുഭവിക്കണം. ഞാൻ പാശ്ചാത്യ കലയെയൊന്നും അപമാനിക്കുകയല്ല. നമ്മൾ ഇന്ന് സ്മരിക്കുന്ന മഹാനായ മുത്തുസ്വാമി ദീക്ഷിതർ, നമുക്കെല്ലാം അറിയാവുന്നതുപോലെ നൊട്ടു സ്വരമൊക്കെ ഉണ്ടാക്കിയിട്ടുള്ളത് പാശ്ചാത്യന്റെ സംഗീതത്തെയും അദ്ദേഹം എടുത്തിട്ടുണ്ട്. പക്ഷേ അദ്ദേഹം കാണിച്ചുതന്നത് പാശ്ചാത്യന്റെ സംഗീതവും വഴങ്ങും ഞങ്ങൾക്ക് എന്ന് കാണിച്ചു തരാനാണ് അദ്ദേഹം ശ്രമിച്ചത്.

അങ്ങനെയാണ് അദ്ദേഹം ചെയ്തത്. ഇരിക്കട്ടെ, നമുക്ക് അതൊന്നും അന്യമല്ല. പക്ഷേ അതൊക്കെ മനുഷ്യനെ മനസ്സിലാക്കുന്നതിൽ ചില പരിമിതികൾ ഉണ്ട്. പക്ഷേ ഭാരതീയ കല മനുഷ്യനെ എങ്ങനെ മനസ്സിലാക്കുന്നു എന്നാണ്  നേരത്തെ പറഞ്ഞ, ആ കലയിലൂടെ ഈ സമ്പൂർണ്ണ പ്രപഞ്ചം ആണ് എന്റെ ഈ ശരീരം എന്ന ബോധ്യത്തിലേക്ക് എത്തിക്കാൻ കഴിയുന്നത് നമ്മുടെ കലയ്ക്ക്. ഈ അറിവൊക്കെ കിട്ടും, ഭരതനാട്യം വീണ്ടും തുടങ്ങുമ്പോൾ അല്ലെങ്കിൽ മോഹിനിയാട്ടം വീണ്ടും നമ്മൾ ആഘോഷത്തോടുകൂടി കൊണ്ടാടുമ്പോൾ ആ അഭിമാന ബോധത്തിൽ നിന്ന് ഭാരതത്തിന്റെ മോചനത്തിനുവേണ്ടി പൊരുതാനുള്ള പ്രേരണ നമുക്കുണ്ടാകും. അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം. അതാണ് Saga of performing Arts in India. ഭാരതത്തിൻ്റെ ആ കലാരൂപങ്ങളുടെ, കലകളുടെ ആ മഹത്വം, സ്വാതന്ത്ര്യ സമരത്തിൻ്റെ, അവരുടെ പോരാട്ടത്തിൽ അവർക്കുള്ള പങ്ക്. ഇതിനെയെല്ലാം തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ ഈ ചരിത്രത്തെ വേണ്ടുംവണ്ണം മനസ്സിലാക്കിക്കൊണ്ട്, ഈ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വർഷത്തെ ആഘോഷിക്കാൻ നമുക്ക് കഴിയണം. വെറും ഇവൻസ് നടത്തിയിട്ടില്ല, ഇപ്പൊ ഇന്നു തന്നെ നോക്കൂ ഈ പരിപാടി തന്നെ ഇന്നത്തെ ഈ പരിപാടി എത്ര മനോഹരമായി എത്രയേറെ ആഴത്തിൽ ചിന്തിച്ചിട്ടാണ് ഇതിൻ്റെ നടത്തിപ്പുകാരായ ബഹുമാനപ്പെട്ട ഡോക്ടർ ആർ രാമാനന്ദും ശ്രീനാഥ് ജിയും അവരുടെ കൂടെയുള്ള പ്രവർത്തകന്മാരും ഇങ്ങനെയൊരു വിഭാവനം ചെയ്തത്. മുത്തുസ്വാമി ദീക്ഷിതർ അഥവാ ചിദാനന്ദനാഥൻ, എന്താ ചിദാനന്ദ നാഥൻ എന്ന് ഞാൻ പറഞ്ഞത്?

ഗുരുഗുഹനെക്കുറിച്ച് എഴുതിയ ആദ്യത്തെ കീർത്തനത്തിൽ തന്നെ ചിദാനന്ദ നാദോഹം ഇതി, അഹം ഇതി എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം തന്ത്രശാസ്ത്രത്തിൽ ആഴത്തിലുള്ള സാധന അനുഷ്ഠിച്ച് സാധനാ നാമം ദീക്ഷനാമം അതായിരുന്നു. അങ്ങനൊരാളെ കുറിച്ച് അനുസ്മരിക്കുകയാണ് ഇവിടെ. ശരിയായ അർത്ഥത്തിൽ നോക്കിയാൽ ഇപ്പോൾ ത്രിമൂർത്തികൾ സംഗീതത്തിന്റെ, കർണാടക സംഗീതത്തിന്റെ ത്രിമൂർത്തികളിൽ മുത്തുസ്വാമി ദീക്ഷിതരുടെ ഏറ്റവും വലിയ പ്രാധാന്യമെന്താെയിരുന്നു? ശ്യാമശാസ്ത്രികളും അല്ലെങ്കിൽ സ്വാതി തിരുനാളും ഒക്കെ അവരെല്ലാം മഹത്തായ സംഭാവനകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഭാരതത്തിൻ്റെ ആത്മാവിന്റെ ഭാഷയിൽ കൃതികൾ എഴുതിയത് ആരാണ്? സംസ്കൃത ഭാഷയിൽ ഉള്ള കൃതികളിലൂടെ നമ്മുടെ ഉള്ളിലേക്ക് കടന്നുവരാൻ വേണ്ടി ശ്രമിച്ച, അതിനുവേണ്ടി ശ്രമിച്ച, അതേപോലെ ഭാരതീയ ജ്ഞാന പരമ്പരയെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹത്തിന്റെ ആ സംഗീത കൃതികൾ, കീർത്തനങ്ങൾ. ആ കീർത്തനങ്ങൾ അദ്വൈത ദർശനത്തെ കുറിച്ചാണ്, അതു മായയെക്കുറിച്ചാണ്, അത് ബ്രഹ്മജ്ഞാനത്തെക്കുറിച്ചാണ്, അത് വിഭക്തികളെ കുറിച്ചാണ്. അദ്ദേഹം ഗ്രാമർ വരെ പഠിപ്പിച്ചിരുന്നു. ഈ സംഗീതത്തിലൂടെ ഗ്രാമറും പഠിപ്പിച്ചിരുന്നു. എട്ടു വിഭക്തികളെ കുറിച്ചുള്ള വിഭക്തി കീർത്തനങ്ങൾ, എത്ര മനോഹരമാണ്. എത്ര ആഴത്തിലുള്ള ഒരു അറിവ് ഭാരതീയ ദർശനത്തെ കുറിച്ച് ഭാരതീയ തനിമയെക്കുറിച്ച് ഉണ്ടായിരുന്നു. അതുകൊണ്ട് തീർച്ചയായിട്ടും നാഷണൽ സെൽഫ്ഹുഡ് എന്ന് ആഘോഷിക്കപ്പെടുന്ന ഈ ദിവസം അനുസ്മരിക്കാൻ പറ്റുന്ന കലാകാരന്മാരിൽ പ്രഥമഗണനീയനാണ് ശ്രീ മുത്തു സ്വാമി ദീക്ഷിതർ. അദ്ദേഹത്തെ അനുസ്മരിക്കാൻ അദ്ദേഹത്തിൻ്റെ ആ പ്രസിദ്ധമായ പഞ്ചഭൂതങ്ങളെ കുറിച്ചുള്ള കൽപ്പന. ഇത് പറയുമ്പോൾ, ഈ പഞ്ചഭൂതത്തെക്കുറിച്ചൊക്കെ ഭാരതം   മുന്നോട്ടുവെച്ച ഈ കാഴ്ചപ്പാട് നമ്മുടെ ശാസ്ത്ര വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടോ ഇപ്പഴും? ശാസ്ത്ര വിദ്യാർത്ഥികൾ, കുറച്ചുനാളുകൾക്കു മുൻപ് ഞാൻ ഐസറിന്റെ, ഐസർ വളരെ പ്രസിദ്ധമായ പ്രഗൽഭമായ ഒരു ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമാണ് ഭാരതത്തിലെ. ഒരു പൂനെ ഐസറിന്റെ ഗൈഡ് ബുക്ക് കാണാനിടയായി. ആ ഗൈഡ് ബുക്കിൽ ശാസ്ത്രത്തിന്റെ ചരിത്രം പഠിപ്പിക്കണം എന്നൊരു അധ്യായമുണ്ട്. കണ്ടപ്പോൾ വളരെ ആനന്ദം ഉണ്ടായി. ഭാരതത്തിൻന്റെ ശാസ്ത്രത്തിന്റെ ചരിത്രം, നമ്മുടെ ആയുർവേദത്തിന്റെ ചരിത്രമൊക്കെ ആയിരിക്കും എന്ന് വിചാരിച്ചു കൊണ്ട് ഞാൻ അത് വായിച്ചു നോക്കുമ്പോൾ അതിൽ കാണായി ഇത് പഠിപ്പിക്കുന്നതിനു മുൻപ് ഗൈഡ്സും ലെക്ചേർസും തീർച്ചയായിട്ടും ഗ്രീക്കുകാരുടെ ഫോർ എലമെന്റ് തിയറി പഠിക്കുകയും പഠിപ്പിക്കാനും തയ്യാറാവണം. ഫോർ എലമെന്റ് തിയറി. ഗ്രീക്കുകാരുടെ എലമെന്റ് തിയറി നാലിൽ ഒതുങ്ങുന്നതാണ്. അതായത് പൃഥ്വി, അപ്, അഗ്നി, വായു. ആകാശതത്വം അവർ എത്തിയിട്ടില്ല. പ്ലേറ്റോയുടെ കാലത്ത് ഒരു വേഗായിട്ടുള്ള ഒരു പരാമർശം ഈഥറിനെക്കുറിച്ച് നടത്തുന്നതൊഴിച്ചാൽ പൂർണ്ണമായും പഞ്ചഭൂതങ്ങളെ കുറിച്ചുള്ള കൽപ്പന അവർക്കില്ല. ഏറ്റവും ശാസ്ത്രീയമായി പ്രപഞ്ചം മുഴുവൻ ഉണ്ടായിട്ടുള്ളത് 5 അടിസ്ഥാന ഘടകങ്ങളുടെ, തന്മാത്രകളുടെ പെർമ്യുട്ടേഷനും കോമ്പിനേഷനിലൂടെയാണ് എന്ന് ശാസ്ത്രബുദ്ധിയാൽ തെളിയിച്ചെടുത്ത നമ്മുടെ ശാസ്ത്രജ്ഞന്മാർ. നമ്മൾ കാണാൻ പോവ്വാണിപ്പോൾ. ഈ പ്രപഞ്ചം മുഴുവൻ എങ്ങനെ ഉരുവായി. എങ്ങനെയാ പഞ്ചഭൂതങ്ങളിലൂടെ ഉരുവായി പിന്നീടെങ്ങനെ വിലയം പ്രാപിക്കുന്നു? അതിവിടെ നമ്മൾ  ദർശിക്കാൻ പോവുകയാണ്. ഇതു വലിയ ശാസ്ത്രജ്ഞന്മാർ മാത്രമല്ല മനസ്സിലാക്കിയത് പഞ്ചഭൂതം. മുത്തുസ്വാമി ദീക്ഷിതരെപ്പോലുള്ള ആൾക്കാർ അവരുടെ കീർത്തനങ്ങളിലൂടെ, സംഗീതത്തിലൂടെ പ്രചരിപ്പിച്ച, ഈ നാട്ടിലെ കീർത്തനകാരന്മാർ സാധാരണ ജനങ്ങളുടെയുള്ളിൽ പ്രചരിപ്പിച്ച ആ തത്വം സർവസാധാരണ നിരക്ഷരകുക്ഷികളായ ആൾക്കാരുടെ മനസിൽ വരെ ഉണ്ടായിരുന്നു ഒരു കാലത്ത്. അതുകൊണ്ടാണ് അവർ പുലർച്ചയ്ക്കെഴുന്നേറ്റ്

പൃഥ്വീ സ ഗന്ധഃ സരസാർത്ഥ താപഃ

സ്പർശീ ച വായുർജ്വലനം ച തേജഃ

നഭസ്സശബ്ദം മഹതാ സഹൈവ        

കുർവന്തു സർവം മമ സുപ്രഭാതം

 

എത്ര സുന്ദരമായി ഒരു മഹാ ശാസ്ത്രതത്വത്തെ നമ്മൾ ഓർത്തിരുന്നു. ഇതെവിടെയാണ് ഇപ്പോൾ അനുസ്മരിക്കുന്നത്? ഏത് ശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ അടിസ്ഥാന പഞ്ച തന്മാത്രകളെക്കുറിച്ചോ പഞ്ചഭൂതങ്ങളെക്കുറിച്ചോ മഹാ തന്മാത്രകളെക്കുറിച്ച് അതിൻ്റെ ചേരുവകളെ കുറിച്ച് ആയുർവേദത്തിന്റെയും ഫിസിക്സിന്റെയുമൊക്കെ ഈ ആധാരം പഠിപ്പിക്കുന്നത്? പകരം പഠിപ്പിക്കുന്നതെന്താ? നിങ്ങൾ ഗ്രീക്കുകാരന്റെ നാല് ഭൂത സിദ്ധാന്തം പഠിപ്പിക്കണം എന്നാണ് പറയുന്നത്. ഇതിന് മാറ്റം വരാൻ ഇത്തരം ചില സംരംഭങ്ങളിലൂടെ, ഇതൊക്കെയും അതിന് സഹായകരമാവും. നമ്മുടെ പാഠ്യപുസ്തകങ്ങളിലൊക്കെ മാറ്റം വരികയാണ്. നമ്മുടെ ചരിത്രം നേർച്ചാലിലേക്ക് എത്താൻ തുടങ്ങുകയാണ്. വീണ്ടും നമ്മുടെ ചരിത്രവിദ്യാർത്ഥികൾ, ഭാരതം ഭരിച്ച ഭരണാധികാരികൾ ആ ഭരണാധികാരികളുടെ കൂട്ടത്തിൽ ചോളന്മാരും പാണ്ഡ്യന്മാരും അഹോംകാരും, സിന്ധ്യന്മാരുമൊക്കെ  ഉണ്ടായിരുന്നു. ആകെ ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുകൾ രാജാധികാരം മാത്രമല്ല ഭാരതത്തെ ഭരിച്ചിട്ടുള്ളത്.  ഇവരെല്ലാവരും ഉണ്ടായിരുന്നു എന്ന് പഠിച്ചു തുടങ്ങാൻ പോവുകയാണ്. എല്ലാം പഠിക്കണം. കൂട്ടത്തിൽ മുകളന്മാരെക്കുറിച്ചും പഠിക്കണം. പഠിക്കണ്ട എന്നല്ല. പക്ഷേ മുഴുവൻ പഠിക്കണം. അതിനൊക്കെ പ്രേരണ നൽകാൻ ഈ ആസാദി കാ അമൃത് മഹോത്സവിന്റെ സന്ദർഭത്തിൽ വലിയ ക്ലിറ്ററിംഗ് ഇവൻസു മാത്രമല്ല ആഴത്തിൽ ഈ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാൻ ഉപകരിക്കുന്ന ഇത്തരം സെമിനാറുകളുമൊക്കെയായി അതങ്ങനെ പുരോഗമിക്കുകയാണ്. തീർച്ചയായിട്ടും അമൃത കാലത്തിനു വേണ്ടീട്ടുള്ള തയ്യാറെടുപ്പ് നമ്മുടെ ഉള്ളിനെ കരുത്തുറ്റതാക്കി തീർക്കുന്ന നമ്മൾ അഭിമാനമുള്ള ഭാരതീയർ ആക്കി മാറ്റുന്ന ഒരു വലിയ പരിവർത്തനം ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അത് തീർച്ചയായിട്ടും ശുഭ പര്യവസായിയായി നല്ല മംഗളം, നല്ല ശിവം, ശിവാനന്ദത്തിലേക്ക് ശിവാനുഭവം എന്ന് പറഞ്ഞാൽ ശിവാനന്ദം തന്നെയാണ്. ബ്ലിസ് ഓഫ് ശിവ എന്ന് പറയുമ്പോൾ ആനന്ദമാണത്. ആനന്ദമാണല്ലോ ബ്രഹ്മം. ആ ആനന്ദമാകുന്ന ബ്രഹ്മത്തെ  അനുഭവിക്കാൻ നമുക്ക് ഇടവരും. യഥാർത്ഥ സ്വരാജ്യത്തിലേക്ക് നമ്മൾ എത്തും. സ്വരാജ്യം എന്നത് കേവലം പൊളിറ്റിക്സ് അല്ല. തുടക്കത്തിൽ പറഞ്ഞതിലേക്ക് ഞാൻ തിരിച്ചെത്തുകയാണ്. വേദകാലം മുതലേ തന്നെ ആ സ്വരാജിനെ കുറിച്ച് നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. സ്വരാജ് അത് നമ്മുടെ ആത്മാവിൻ്റെ ഉണർവ്, ആ ബോധാനന്ദത്തിലേക്കുള്ള നമ്മുടെ ഉയർച്ച, അതിനുവേണ്ടീട്ടുള്ളതാണ്. അതിനാണീ കൂടിച്ചേരലുകൾ. ഇതൊരു തീർത്ഥമാണ്. ഇതൊരു തീർത്ഥാടനമാണ്. ഈ തീർത്ഥ സങ്കേതത്തിൽ നമ്മളെത്തി നടത്തുന്ന ഈ ചർച്ച

 

തീർത്ഥേ തീർത്ഥേ നിർമ്മലം യോഗിവൃന്ദം

വൃന്ദേ വൃന്ദേ ബ്രഹ്മ തത്വാനുവാദം

വാദേ വാദേ ജായതേ തത്വബോധ

ബോധേ ബോധേ ഭാസതേ ചന്ദ്രചൂട

 

തിളങ്ങട്ടെ ആ ശിവൻ, പരമശിവൻ, യഥാർത്ഥ ശിവം. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ആ ആനന്ദത്തിൽ നമുക്ക് മുഴുകുക. അതിനുവേണ്ടി പ്രേരണയും പ്രചോദനവും ഇത്തരം പരിപാടികൾ നമ്മൾക്ക് തീർച്ചയായിട്ടും നൽകും എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകൾ ഇവിടെ ഉപസംഹരിക്കുകയാണ്...

 

വന്ദേമാതരം..

 

 

 

0 Comments