ഭാരതത്തിന്റെ അതിപ്രാചീനമായ ഒരു ഓർമ്മയുടെ പേരാണ് ശിവം എന്നത്. ഓരോ ഭാരതീയന്റെയും ഹൃദയത്തിന്റെ അടിത്തട്ടിലുള്ളൊരു സ്വപ്നത്തിന്റെയും പേര്.
സൈന്ധവനാഗരികതയുടെ ഉത്ഖനനങ്ങളിൽ ഉയർന്നുവന്ന അതിപ്രാചീനമായൊരു ഇമേജാണ് പശുപതി രൂപം. നിവർന്ന നട്ടെല്ലോടുകൂടി, മൂലബന്ധാസനത്തിൽ ഇരിക്കുന്ന മനുഷ്യരൂപം.
ഉന്നതമായ ഏതൊരു ജീവിതമാനങ്ങളിലായിരിക്കും ആ ചേതന കുടികൊള്ളുന്നത് ! ഏതൊരു അതീത തലമായിരിക്കും അവിടെ ധ്യാനിക്കപ്പെട്ടിട്ടുണ്ടാവുക ! ലോകമെങ്ങുമുള്ള മനുഷ്യർ ഗുഹാനിവാസികളായി കഴിയുമ്പോൾ സിന്ധുവിന്റെ തീരങ്ങളിൽ കഴിഞ്ഞ ഈ സൈന്ധവൻ ചെയ്യുന്ന പ്രവർത്തിയുടെ അർത്ഥതലങ്ങൾ എന്തായിരിക്കും !
സ്വപ്നത്തിൽ അനുഭവപ്പെടുന്ന വിശപ്പിന് രണ്ടു പോംവഴികളുണ്ട്. സ്വപ്നത്തിൽ ആഹാരം തേടുക. അല്ലങ്കിൽ ഉണരുക.
സ്വപ്നത്തിൽ വേദന അനുഭവപ്പെട്ടാൽ രണ്ട് പോംവഴികളുണ്ട്. സ്വപ്നത്തിൽ അതിനൊരു ഔഷധം പുരട്ടുക. അല്ലങ്കിൽ ഉണരുക.
സ്വപ്നത്തിൽ അനുഭവപ്പെടുന്ന ദുഃഖങ്ങൾക്കും രണ്ട് പോംവഴികളുണ്ട്. സ്വപ്നത്തിൽ ആ ദുഃഖത്തിനുള്ള കാരണം കണ്ടെത്തി പരിഹാരം തേടുക. അല്ലങ്കിൽ ഉണരുക.
ജീവിതത്തിൽ എല്ലായെപ്പോഴും ഈ രണ്ട് പരിഹാരങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒന്ന് വസ്തുനിഷ്ഠമായ അന്വേഷണവും രണ്ട് ആത്മനിഷ്ഠമായ ഉണരലും.
ഉണർവ്വ് കൊണ്ട് സ്വപ്നങ്ങളെ ജയിക്കുന്നതിന്റെ രാത്രിയാണ് ശിവരാത്രി. ഉറങ്ങാതിരിക്കുന്നതിന്റെ കലയാണത്. സ്വപ്നദുഃഖങ്ങളുടെ ആത്യന്തിക പരിഹാരം. ഉണർവ്വിലും ഏറിടുന്നൊരു ഉണർവിന്റെ ഓർമ്മപ്പെടുത്തൽ. പൂർണ്ണജനനത്തിന്റെ തിരുരാവ്.
0 Comments