ഒരു ജനതയെന്ന നിലയിൽ നാം ഒരു ജീവിതക്രമം കെട്ടിപ്പടുത്ത നാളുകൾ, ചരിത്രത്തിന്റെ കോണിൽ നിന്നു നോക്കിയാൽ സൈന്ധവ നാഗരികതയുടെ ഊർവരതടങ്ങളിലേയ്ക്കാണ് എത്തിച്ചേരുന്നത്. സിന്ധു ഒഴികിപ്പരന്നയിടങ്ങളിൽ മുളപൊട്ടിയ സംസ്കൃതിയെ നാം സിന്ധു നദീതട സംസ്കാരമെന്നു വിളിച്ചു. നദീതടങ്ങളായ യൂഫ്രട്ടീസ്, ടൈഗ്രിസ്, യാങ്സി തീരങ്ങളും സംസ്കൃതിയെ പോറ്റിയ ഇടങ്ങൾ തന്നെയാണ്. എന്നാൽ ഈ തടങ്ങളിൽ നിന്നു മുളപൊട്ടി വളർന്ന നാമ്പുകൾ ഇന്നീ ഭൂമുഖത്തു കാണുവാൻ ഇല്ലാത്തവണ്ണം വേരറ്റു പോയിരിക്കുന്നു.
ഇവിടെയാണു സിന്ധു പോറ്റിയ സംസ്കാരം ന്യൂനതകളില്ലാതെ തലയുയർത്തി നില്ക്കുന്നത്. അന്നുതൊട്ടിന്നോളം ഈ സംസ്കൃതിയെ പോഷിപ്പിച്ചത് എന്താണ്? കാണപ്പെടുന്നതും (tangible) കാണപ്പെടാത്തതുമായ (intangible) ഒരുപാടു ഘടകങ്ങൾ ഒരു സംസ്കൃതിയെ ഊട്ടുകയും വളർത്തുകയും ചെയ്യുന്നുണ്ട്. അവയിൽ ഹാരപ്പയിലും മോഹൻജോദാരോവിലും മറ്റും ആരംഭിച്ച, ഒരുപക്ഷെ അതിലും പ്രാചീനതയിൽ ആരംഭിച്ച യാഗ-യജ്ഞവിധികൾ അല്പം മാറ്റങ്ങളോടെ നാം ഇന്നും കാണുന്നുണ്ട്. പല സൈന്ധവകേന്ദ്രങ്ങളിൽ നിന്നും ഉത്ഘനനത്തിലൂടെ ലഭിച്ച ശിഷ്ടങ്ങൾ ഇതു ശരി വയ്ക്കുന്നുമുണ്ട്. ഇങ്ങനെ നമുക്കു തൊടാനാവുന്ന തെളിവുകൾ മാറ്റി നിർത്തിയാൽ ഈ സംസ്കൃതിയിൽ തൊടാനാവാത്ത, എന്നാൽ ഈ സംസ്കൃതിയെ മുഴുവൻ പ്രചോദിപ്പിയ്ക്കുന്നതെന്താണ്? അവിടെയാണു നാം 'ശൈവം' എന്ന പേര് ആദ്യം കേൾക്കുന്നത്. 'പശുപതി' മുദ്രയെക്കുറിച്ചുള്ള ജോൺ മാർഷലിന്റെ പ്രശസ്തമായ പഠനം നമ്മെ വിസ്മയിപ്പിയ്ക്കുന്നത്, ശിവൻ എന്ന ഇന്നും ആരാധിയ്ക്കുന്ന ഹിന്ദു ദേവതാ സ്വരൂപത്തിന്റെ പ്രാചീനത അനാവരണം ചെയ്യുന്നതുകൊണ്ടല്ല. മറിച്ചു വളരെ പ്രയാസമേറിയ ഒരു യോഗനില സ്വീകരിച്ചാണു പശുപതിയുടെ ഇരിപ്പ് എന്നതിനാലാണ്. യോഗാസനത്തിലെ ഹഠപദ്ധതിയിൽ മൂലബന്ധാസനം എന്ന നിലയിൽ ഇരിയ്ക്കുന്ന ആ യൗഗിക ഇരിപ്പുനില അതിന്റെ സങ്കീർണതകൊണ്ട്, 'ആസനങ്ങളുടെ രാജാവ്' എന്ന സ്ഥാനം അലങ്കരിക്കുന്നു.
മൂലബന്ധാസനത്തിൽ ഇരിയ്ക്കുന്ന പശുപതി ശിവന്റെ ഇരിപ്പുനില പിന്നീടു നമ്മൾ കാണുന്നതു ജൈന കല്പസൂത്രങ്ങളിലും അകരാംഗ സൂത്രങ്ങളിലുമൊക്കെയാണ്. വളരെ ബുദ്ധിമുട്ടേറിയ ഈ ആസനനില തന്നെ പശുപതി സ്വീകരിച്ചിരിക്കാൻ കാരണമെന്താണ്? യൗഗിക ആസന പദ്ധതിയിലൂടെ രേതസ്സിനെ മുകളിലേയ്ക്ക് ഉയർത്തുന്ന ബിന്ദുധാരണവിദ്യ അല്ലേ അവിടെ സൂചിപ്പിച്ചിരിയ്ക്കുന്നത്..ശിവം വിസ്മയങ്ങളുടെ കലവറയാണ്
0 Comments