Article

സുധിൻ പി. കെ.

Author

താളാത്മകമാണു നമ്മുടെ പ്രപഞ്ചം.  ഊർജ്ജത്തിന്റെ വിവിധങ്ങളായ സ്പന്ദനങ്ങൾ മൂലമാണ് ഓരോ പദാർത്ഥവും രൂപം കൊള്ളുന്നത് എന്നതിനാൽ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെതായ താളമുണ്ട്. എന്നാൽ ആദിമമായി ഉണ്ടായ സ്പന്ദം എന്തായിരിക്കാം ? അതിന്റെ സ്വരൂപം എന്താണ്? അതു സൂക്ഷ്‌മ രൂപത്തിൽ എങ്ങനെ ഓരോ പദാർത്ഥത്തിലും നിലകൊള്ളുന്നു? അതിനെ എങ്ങനെ അനുഭവിച്ചറിയാം? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയുള്ള ഗഹനവും ആശ്ചര്യകരവുമായ ഒരു യാത്രയിലൂടെയാണു ശൈവതന്ത്രപരമ്പരയിലെ ആചാര്യന്മാർ സ്പന്ദശാസ്ത്രം എന്ന മഹത്തായ ശാസ്ത്രം ചിട്ടപ്പെടുത്തിയത്.
 
ആനുഭൂതികവും നിഗൂഢവുമായ കൃതിയാണു വസുഗുപ്താചാര്യനാൽ വിരചിതമായ ശിവസൂത്രം. എന്നാൽ അതേ അനുഭൂതി രസത്തെ ഏതൊരു വ്യക്തിക്കും ഗ്രഹിക്കാവുന്ന രീതിയിൽ യുക്തിസഹമായി ഒരു ശാസ്ത്രം പോലെ ചിട്ടപ്പെടുത്തുകയാണു സ്പന്ദകാരികയിൽ ചെയ്തിരിക്കുന്നത്. String Theory എന്ന് അറിയപ്പെടുന്ന ആധുനിക ശാസ്ത്രസിദ്ധാന്തത്തിന്റെ ആദിമ മാതൃക ആയിരക്കണക്കിനു വർഷങ്ങൾ മുൻപു രചിക്കപ്പെട്ട ഈ കൃതിയിൽ കാണാം എന്നു പറയുമ്പോൾ നമ്മുടെ ആചാര്യന്മാരുടെ ശ്രദ്ധാശക്തി അറിവിന്റെ ഏറ്റവും ഉന്നതമായ തലങ്ങളിൽ ആണു വിഹരിച്ചിരുന്നത് എന്നു വ്യക്തമാണല്ലോ.
 
മൂലസ്പന്ദത്തിന്റെ സ്വരൂപത്തെ വിശദീകരിക്കുന്ന 25 ശ്ലോകങ്ങൾ അടങ്ങിയ ആദ്യ ഭാഗം, ഈ സ്പന്ദത്തിന്റെ സാക്ഷാത്കാരത്തെ കുറിച്ചു വിവരിക്കുന്ന 7 ശ്ലോകങ്ങൾ അടങ്ങിയ രണ്ടാം ഭാഗം, സാക്ഷാത്ക്കാരത്തിലൂടെ കൈവരുന്ന വിവിധ സിദ്ധികളെ വർണിക്കുന്ന 19 ശ്ലോകങ്ങൾ അടങ്ങിയ മൂന്നാം ഭാഗം, 2 ശ്ലോകങ്ങൾ അടങ്ങിയ ഉപസംഹാരം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് സ്പന്ദകാരിക ചിട്ടപ്പെടുത്തിയിരിക്കുന്നത്
                                               
                                                 "ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
 
                                                 ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
 
                                                 നിന്നിടും ദൃക്കുപോലുള്ളം
 
                                                 നിന്നിലസ്‌പന്ദമാകണം." –
 
എന്നു ശ്രീനാരായണഗുരുദേവൻ പാടിയ ആ മഹത്തായ അവസ്ഥയെ തേടി നമുക്ക് ഈ പരമ്പരയിലൂടെ ഒരുമിച്ചു സഞ്ചരിക്കാം.