മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത അത്ര ഉയരത്തിലാണു ശൈവ ദർശനത്തിലെ പ്രായോഗികഗ്രന്ഥങ്ങളിലൊന്നായ വിജ്ഞാനഭൈരവത്തിന്റെ സ്ഥാനം.
രുദ്രയാമളം എന്ന അതിബൃഹത്തായ ഗ്രന്ഥത്തിന്റെ ഒരു ഭാഗമാണത്. ഒരു വ്യക്തിക്കു ധ്യാനം സംഭവിക്കാൻ അനുയോജ്യമായ സാഹചര്യങ്ങളെ ഭൈരവ-ഭൈരവി സംവാദരീതിയിൽ അവതരിപ്പിക്കുകയാണു വിജ്ഞാനഭൈരവതന്ത്രം ചെയ്യുന്നത്. ധ്യാനം ഒരാൾക്കു മറ്റൊരാളെ പഠിപ്പിക്കാവുന്നതല്ല. അതു സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. നമ്മൾ ശ്രദ്ധയോടെ ചെയ്യുന്ന ഒരു പ്രവൃത്തി, അഥവാ ധാരണയ്ക്കു നമ്മെ ധ്യാനത്തിലേയ്ക്കു നയിക്കാൻ സാധിക്കും എന്നു ശൈവം പറയുന്നു.
അത്തരത്തിലുള്ള കേവലം ഒന്നോ രണ്ടോ അല്ല, നൂറ്റിപന്ത്രണ്ടു ധാരണകളാണു വിജ്ഞാനഭൈരവത്തിൽ പറയപ്പെട്ടിട്ടുള്ളത്. ഈ ധാരണാ മാർഗ്ഗങ്ങളെ പിൻപറ്റാത്തതോ അനുകരിക്കാത്തതോ ആയ ഒരു ആദ്ധ്യാത്മിക ധാരയോ ധ്യാനമുറയോ നിലവിലില്ല എന്നതു വിജ്ഞാനഭൈരവതന്ത്രത്തിന്റെ പ്രാധാന്യം വെളിവാക്കുന്നു.
"അതിസങ്കീർണം എന്ന് ആധുനിക മനഃശാസ്ത്രം വിളിക്കുന്ന മനുഷ്യ മനസ്സിന്റെ ചലനങ്ങളെ സ്തംഭിപ്പിക്കാൻ വിജ്ഞാനഭൈരവത്തിന് ഒരു നിമിഷാർധം മതി. കേവലം ഒരു ചിന്തയുടെ ചരടുകൊണ്ട് അതു നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ വരെ നിയന്ത്രിക്കാൻ പര്യാപ്തമാണ്. അത്രമേൽ പ്രായോഗികമായ ശാസ്ത്രമാണത്."
നിന്റെ സ്വരൂപമെന്ത് എന്നു ചോദിക്കുന്ന ഭൈരവിയോട് അതിനുള്ള ഉത്തരം പറയാൻ സാക്ഷാൽ ഭൈരവനു പോലും ആകുന്നില്ല. നീ ഇപ്രകാരം ചെയ്തു സ്വയം അനുഭവിച്ചറിയുക എന്നു പറഞ്ഞുകൊണ്ട് ഭൈരവൻ നൂറ്റിപന്ത്രണ്ടു ധാരണകൾ ഉപദേശിക്കുകയാണ്. ഭൈരവാവസ്ഥ ഇന്ദ്രിയജ്ഞാനം കൊണ്ട് അറിയാവുന്നതല്ല എന്നും അതു താനില്ലാതാവുന്ന അനുഭവമാണെന്നും വിജ്ഞാനഭൈരവം നമ്മെ ബോധ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഈ വിസ്മയങ്ങളുടെ ഗ്രന്ഥത്തെ വിജ്ഞാനഭൈരവതന്ത്രം എന്ന പംക്തിയിലൂടെ നമുക്കു പഠിക്കാം.