Article

ബി. എൻ. സുബ്രഹ്മണ്യൻ

Author

ആദിയിൽ ഉണ്ടായ കേവലമായ ജ്ഞാനത്തെ ശ്രുതി എന്നു വിളിച്ചു , പിന്നീടു ശ്രുതി, വേദം - ആഗമം എന്നിങ്ങനെ രണ്ടു രീതിയിൽ വേർതിരിയുകയും, ശേഷം ആഗമം തന്നെ ശൈവാഗമം എന്നും ശാക്ത തന്ത്രങ്ങൾ എന്നു വിഭജിക്കപ്പെടുകയും ചെയ്തു.

ആഗമം എന്നാൽ ഉയർന്ന പ്രദേശത്തു നിന്നും താഴേക്കിറങ്ങി വന്നത് എന്നു സാമാന്യമായി പറയാം. ശിവന്റെ 5 മുഖങ്ങളിൽ നിന്നു ശക്തിയിലൂടെ നമുക്കു  ലഭിച്ച എല്ലാ ജ്ഞാനശാഖകളും ആഗമങ്ങളാണ്.
 
 മനുഷ്യ രാശിയുടെ ഉത്ഭവം മുതൽ വളർന്നു വികാസം പ്രാപിച്ച് ഇന്നു നാം എത്തി നിൽക്കുന്ന സാഹചര്യം വരെയും ആഗമ -തന്ത്ര ശാസ്ത്രങ്ങളും ശാഖോപശാഖകളായി പടർന്നു പന്തലിച്ചു നിൽക്കുന്നു. മനുഷ്യ ശരീരത്തിലെ പ്രാണ ഊർജ്ജമായ കുണ്ഡലിനി ശക്തിയെ കുറിച്ചുള്ള ജ്ഞാനത്തെ കുല ജ്ഞാനം എന്നും അനാമകനായ ശിവതത്വത്തെ അകുലം എന്നും, ഈ കുലാകുലങ്ങളുടെ ഐക്യത്താൽ ആത്മ സാക്ഷാത്കാരം നേടുന്ന സാധനയെ കൗള മാർഗ്ഗം എന്നും വിളിച്ചു ,
 
ഏല്ലാ ശാസ്ത്രങ്ങളെക്കാളും മഹത്താണു വേദവും, വൈദീകാചാരവും. വൈദീകാചാരത്തേക്കാൾ ശ്രേഷ്ഠം ശൈവവും , ശൈവത്തെക്കാൾ സിദ്ധാന്തവും, സിദ്ധാന്തത്തേക്കാൾ ശ്രേഷ്ഠം കൗളവുമാകുന്നു. കൗളത്തേക്കാൾ ശ്രേഷ്ഠമായ ജ്ഞാനം മറ്റൊന്നില്ല!

വേദാചാരികളേയും, വൈദീക മിശ്രമായ ആചാരം പിന്തുടരുന്നവരായ ദക്ഷിണാചാരികളേയും പശ്വാചാരികൾ എന്നും, പ്രകൃത്യാരാധകരായ വാമാചാരികളേയും , സിദ്ധാന്ത ആചാരികളായ കാപാലികർ , അഘോരികൾ തുടങ്ങിയവരേയും വീരാചാരികൾ എന്നും, കൗള മാർഗ്ഗത്തിലെ പൂർവ്വ- ഉത്തര മാർഗ്ഗം പിന്തുടരുന്നവരെ ദിവ്യാ ചാരികൾ എന്നും  തന്ത്രശാസ്ത്രം വേർതിരിച്ചിരിക്കുന്നു.

കലിയുഗാരംഭത്തിൽ ആദി ഗുരുവായ ശിവൻ സമുദ്രമധ്യത്തിലുള്ള വിജനമായ ഒരു ദ്വീപിൽവച്ചു തന്റെ ശക്തിക്ക് അതി രഹസ്യമായ കൗളജ്ഞാനം ഉപദേശം നല്കുമ്പോൾ ദേവി ഉറങ്ങി പോകുകയും ഒരു മത്സ്യം ജലത്തിൽ പൊങ്ങി കിടന്ന് ഉപദേശം ശ്രവിക്കാനിട വരുകയും ചെയ്തു. ഭഗവാൻ ആദിനാഥൻ വാത്സല്യത്തോടെ ആ മത്സ്യത്തെ മത്സേന്ദ്രിയനാഥൻ എന്ന മനുഷ്യ ബാലകനാക്കി തീർത്ത്, കാമരൂപ പീഠത്തിൽ ചെന്നു കൗളജ്ഞാനം ശിഷ്യരിലൂടെ പ്രചരിപ്പിക്കുവാൻ കല്പിച്ചു എന്നും തന്ത്ര ശാസ്ത്ര പ്രസിദ്ധമാണ്.

കാമാഖ്യാ യോനി പീഠത്തിൽ വീടുകൾ തോറും ഈ മഹാ ജ്ഞാനം പ്രചരിച്ചു വന്നിരുന്നതായി തന്ത്ര ഗ്രന്ഥങ്ങളിൽ കാണപ്പെടുന്നു.

മത്സേന്ദ്രിയനാഥനാൽ ആചരിക്കപ്പെട്ട കൗളം മത്സ്യോദര കൗളമായി. അതു നാഥ പരമ്പരയ്ക്കു വിത്തായി തീർന്നു. അതിൽ നിന്നും വേറിട്ട ശാഖയായി യോഗിനീ കൗളവും സ്ത്രീ സാധകരാൽ പിന്തുടരപ്പെട്ടു വന്നിരുന്നു. ഇപ്രകാരം ഓരോ യുഗങ്ങളിലും കൗളജ്ഞാനം പ്രചരിച്ചു.
 
കൗളസമ്പ്രദായത്തേയും അതിന്റെ വിവിധ പിരിവുകളേയും പ്രതിപാദിക്കുന്ന കൗളജ്ഞാന നിർണ്ണയം എന്ന യോഗ ശാസ്ത്ര ഗ്രന്ഥത്തെ ഈ പംക്തിയിലൂടെ നമുക്കു പഠിക്കാം.