Article

അമൃതാനന്ദ നാഥ

Author

തന്ത്രശാസ്ത്രത്തിലെ അതി നിഗൂഢമായ തത്ത്വങ്ങളെ ഭാവനാചാതുരിയുടെ മേലാടയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന അത്യുജ്വലമായ സ്തോത്രകൃതിയാണു സൗന്ദര്യലഹരി. ശക്തിസാധകർ, പ്രത്യേകിച്ചു ശ്രീവിദ്യാ സമ്പ്രദായത്തെ അവലംബിക്കുന്നവർ അത്യധികം പ്രാധാന്യം ഈ കൃതിക്കു നൽകിക്കാണുന്നു.

 

സൗന്ദര്യലഹരിയുടെ സ്രഷ്ടാവിനെ കുറിച്ച് ഇന്നും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അതു ശങ്കരാചാര്യർ ആണ് എന്നതാണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആരുതന്നെയായാലും ദേവിയുടെ രൂപലാവണ്യത്തെ നേരിൽ കണ്ടറിഞ്ഞ പരമാനന്ദത്തിന്റെ ഔന്നത്യത്തിൽ നിന്നുമാണു സൗന്ദര്യലഹരിയുടെ ജനനം എന്നതിൽ സംശയമില്ല. അത്ഭുതപ്പെടുത്തുന്ന ഉപമകളാലും, മനോഹരമായ പദപ്രയോഗങ്ങളാലും രഹസ്യമായ സാധനാ-പ്രയോഗപദ്ധതികൾകൊണ്ടും, ബീജാക്ഷരങ്ങൾകൊണ്ടും സമ്പന്നമാണു സൗന്ദര്യലഹരി. ഇത്രയും വിഷയങ്ങളെ സാമരസ്യപ്പെടുത്തി ഇങ്ങനെ ഒരു കൃതി രചിക്കുക എന്നതു മനുഷ്യസാധ്യമാണോ എന്നുപോലും സംശയം വരും വിധം അനുപമമാണ് ഈ കൃതി. കണ്ടിയൂർ മഹാദേവശാസ്ത്രികളെ പോലെയുള്ള ആദ്ധ്യാത്മിക മേഖലയിൽ ഉള്ളവരെ മാത്രമല്ല, ഉള്ളൂരിനേയും കുമാരനാശാനേയും പോലെയുള്ള കവിഹൃദയങ്ങളേയും ഈ കൃതി ആകർഷിച്ചതായി കാണാം.

 

സൗന്ദര്യലഹരിയുടെ വർണനയോടൊപ്പം തന്നെ അതിന്റെ യന്ത്രവിധികളും, പ്രയോഗരീതികളും വിശദമാക്കുന്ന വിധമാണു ശിവം മാസികയിൽ ഈ പംക്തി ഒരുക്കിയിരിക്കുന്നത്.