Article

ഡോ ആർ. രാമാനന്ദ്

Author

വിസ്മയകരങ്ങളായ തന്ത്ര ശാസ്ത്രത്തിലെ നിരവധി ഗ്രന്ഥങ്ങൾ ഒരു മനുഷ്യനെ കൊണ്ട് ആയുസ്സിൽ വായിച്ചുതീർക്കാൻ സാധ്യമല്ല. വായിച്ചുതീർക്കാൻ തന്നെ അസാധ്യം എന്നിരിക്കെ, അതെല്ലാം വായിച്ചു മനസ്സിലാക്കുകയും അതിൽ ഉയർന്ന വിധത്തിൽ പരിശീലിനം നടത്തുകയും സിദ്ധി നേടുകയും ഒടുവിൽ അവ സംഗ്രഹിച്ച് ഒരു ഗ്രന്ഥം രചിക്കുകയും എന്നാൽ എത്ര ശ്രമകരമാണത്?

അതു മനുഷ്യനെ കൊണ്ടു സാധ്യമാണോ?

ആണ് എന്നാണ് ഉത്തരമെങ്കിൽ ആ മനുഷ്യന്റെ  പേര് അഭിനവഗുപ്തൻ എന്നാകണം!

മനുഷ്യന്റെ പ്രതിഭ സ്വീകരിച്ച ഏറ്റവും ഉയർന്ന രൂപം അഭിനവഗുപ്തന്റേതാണ്. ആ മഹാപ്രഭുവിന്റെ ഒരു ചെറിയ എഴുത്തെങ്കിലും വായിക്കാൻ നമുക്കു ഭാഗ്യം ഉണ്ടെങ്കിൽ തീർച്ച, അത്  ഈ ജന്മത്തിലോ മുൻ ജന്മത്തിലോ മാത്രം നേടിയെടുത്തതല്ല. ജന്മജന്മാന്തരങ്ങളായി നാം നടത്തിയ അന്വേഷണത്തിനു പരാശക്തി കനിഞ്ഞരുളിയതാണാ ഭാഗ്യം. അങ്ങനെയെങ്കിൽ തന്ത്രാലോകം എന്ന അഭിനവ മഹാപ്രഭുവിന്റെ എക്കാലത്തെയും ഇതിഹാസ സമാനമായ മഹത് കൃതി വായിക്കാൻ കഴിഞ്ഞാൽ അതിനെത്ര ഭാഗ്യം നമ്മൾ ചെയ്തിരിക്കണം?

തന്ത്ര വാങ്മയങ്ങളുടെ സാരമാണു തന്ത്രാലോകം. പേരു സൂചിപ്പിക്കുന്നതുപോലെ നിഗൂഢങ്ങളായ തന്ത്ര ശാസ്ത്രത്തിന്റെ ആരും കടന്നു ചെല്ലാത്ത മേഖലകളിലേയ്ക്കു വെളിച്ചം വീശുന്ന പ്രകാശസ്തംഭമാണു തന്ത്രാലോകം. തന്ത്രാലോകത്തെ പരിചയിക്കുക വഴി തന്ത്രമെന്ന വിശാല പദ്ധതിയുടെ ഊടും പാവും അറിയുക എന്ന വലിയ ഭാഗ്യമാണു നമുക്കു ലഭിക്കുന്നത്. വിസ്മയം എന്നതിൽ കുറഞ്ഞ ഒരു വാക്ക്  തന്ത്രാലോകത്തെ കുറിച്ചു പറയാനില്ല. അഭിനവഗുപ്ത ആചാര്യന്റെ  ഉന്നതമായ ധീ വിലാസത്തിന്റെ പ്രകടമായ ആവിഷ്കാരമാണു തന്ത്രാലോകം. ഒരുപക്ഷേ ഏറ്റവും ദുർലഭമായ തന്ത്രാലോകത്തിന്റെ  മലയാള വ്യാഖ്യാനം ആണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.

ഇത്  തന്ത്രാലോകത്തിന്റെ ആദ്യ മലയാള വ്യാഖ്യാനം ആണ്.