Article

ജയകുമാർ ഹരിഹരൻ

Author

ശ്രീവിദ്യോപാസനയുടെ പ്രാമാണികഗ്രന്ഥം

കേവലം 336 സൂത്രങ്ങളിൽ ശ്രീവിദ്യ എന്ന മഹാവിദ്യയെ സമഗ്രമായി അവതരിപ്പിക്കുന്ന പ്രാമാണിക ഗ്രന്ഥമാണു പരശുരാമ കല്പസുത്രം.

പതിനെണ്ണായിരം ശ്ലോകങ്ങളിലായി പരന്നുകിടക്കുന്ന ഗുരു ദത്താത്രേയന്റെ ദത്താത്രേയ സംഹിതയെ ശിഷ്യനായ പരശുരാമൻ അൻപതു ഖണ്ഡങ്ങളിൽ ആറായിരം സൂത്രങ്ങളിലേയ്ക്കു ചുരുക്കി. പരശുരാമന്റെ ശിഷ്യനായ സുമേധവ് അതിനെ വീണ്ടും പത്തു ഖണ്ഡങ്ങളിൽ 336 സൂത്രങ്ങളാക്കി. അങ്ങനെ മഹാഗുരുക്കന്മാരുടെ മൂന്നു തലമുറകൾ ശ്രീവിദ്യയുടെ ജ്ഞാനസാഗരത്തെ കടഞ്ഞെടുത്ത അമൃതാംശമാണ് ഈ 336 ശ്ലോകങ്ങൾ.

 

ദീക്ഷാവിധി, ഗണനായക പദ്ധതി, ശ്രീ ക്രമം, ലളിതാക്രമം, ലളിതാ നവാവരണപൂജാ ക്രമം, ശ്യാമാ ക്രമം, വാരാഹി ക്രമം, പരാ ക്രമം,  ഹോമവിധി, ഏതു ദേവതയേയും യജിക്കാൻ ഉതകുന്ന സർവസാധാരണ ക്രമം എന്നിവയാണു പരശുരാമകല്പസൂത്രത്തിന്റെ ഉള്ളടക്കം.

 

ഒരു ശ്രീവിദ്യാ ദീക്ഷിതൻ അറിഞ്ഞിരിക്കേണ്ട സർവതും, ദർശനം, നിത്യക്രമം, നൈമിത്തിക ക്രമങ്ങൾ, ജീവിത നിബന്ധനകൾ തുടങ്ങിയവ എല്ലാം കല്പസൂത്രത്തിലുണ്ട്. പൂജക്കു ശ്രീചക്രം ലഭിച്ചില്ലെങ്കിൽ പകരം ഈ ഗ്രന്ഥത്തെ തന്നെ ഉപാധിയായി സ്വീകരിക്കാമെങ്കിൽ ഇതിലെ ഉള്ളടക്കത്തിന്റെ തികവ് ഊഹിക്കാവുന്നതേയുള്ളൂ. പരശുരാമകല്പസൂത്രത്തിലെ ഓരോ സൂത്രവും വിശദമായി പഠിക്കാനും ദീക്ഷിതർക്കു കൃത്യമായി ആചരിക്കാനും ഈ പംക്തി സഹായകരമാകുന്നു.