ആത്മസാക്ഷാത്കാരത്തിന്റെ ഭൂമികയാണു ഭാരതം. ലോകം മുഴുവൻ ഭാരതത്തിൽ എത്തിയതും ആത്മവിദ്യ അന്വേഷിച്ചാണ്. അറിവിലൂടെയും പരിശീലനത്തിലൂടെയും ഈശ്വരസാക്ഷാത്കാരം നേടാമെന്നു ലോകത്തെ പഠിപ്പിച്ചതു ഭാരതമാണ്.അതിനായി ആയിരക്കണക്കിന് ഉപാസനാ പദ്ധതികളും സമ്പ്രദായങ്ങളും ഭാരതത്തിൽ ഉരുവാർന്നു വന്നിട്ടുണ്ട്. ഓരോ വ്യക്തിക്കും അവന് അനുചിതമായ മാർഗ്ഗത്തിലൂടെ ഈശ്വരസാക്ഷാത്കാരം നേടാനുള്ള പദ്ധതികൾ അനവധിയുണ്ട് ഈ മണ്ണിൽ. അവ ഓരോ സമ്പ്രദായങ്ങളിലൂടെയും വിവിധ ഗുരുപരമ്പരകളിലൂടെയും ഒഴുകുന്നു.
ആത്മസാക്ഷാത്കാരം നേടിയവർ ലോകം മുഴുവൻ ഉണ്ടായിട്ടുണ്ടെങ്കിലും അതിനായി ചിട്ടയായ ഒരു പരിശീലനപദ്ധതി നിർമിച്ചത് ഭാരതത്തിലായിരുന്നു. തന്ത്രം എന്നും, മന്ത്രം എന്നും, മലവാരം എന്നും, വേദം എന്നും, അഥർവ്വം എന്നും, മന്ത്രവാദം എന്നും പല പേരുകളിൽ അത് അറിയപ്പെട്ടിരുന്നു. ഭക്തി മാർഗ്ഗവും സമയ മാർഗ്ഗവും കൗള മാർഗ്ഗവും വാമ മാർഗ്ഗവും കുണ്ഡലിനി വിദ്യയും സിദ്ധ വിദ്യയും ക്രിയാ യോഗയും, അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മാർഗങ്ങളാൽ സമ്പന്നമാണു ഭാരതത്തിന്റെ ആദ്ധ്യാത്മിക ഭൂമിക.
വളരെ കാലം എടുക്കുന്നവയും, അതീവ ലളിതമായവയും, പെട്ടെന്നു സിദ്ധി ലഭിക്കുന്നവയും, അതിഘോരമായതുമായ പല വഴികൾ. അതി സൂക്ഷ്മതയോടെ വളരെ ശ്രദ്ധിച്ചു കാലുകൾ വച്ചിട്ടില്ലെങ്കിൽ അഗാധ ഗർത്തത്തിലേയ്ക്കു നമ്മെ തള്ളുന്നവയാണു പല സാധനാ സമ്പ്രദായങ്ങളും. ഒരു സാധകൻ തന്റെ സാധനാജീവിതം ആരംഭിക്കുന്നതു മുതൽ അയാൾ കടന്നുപോകുന്ന വഴികളെക്കുറിച്ച്, നേരിടേണ്ട വെല്ലുവിളികളെക്കുറിച്ച്, അതിഗഹനമായി ചർച്ചചെയ്യുകയാണു ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോക്ടർ ശ്രീനാഥ് കാരയാട്ട്.
കുണ്ഡലിനീ ഉപാസന ചെയ്യുന്നവർക്കു ഭ്രാന്ത് വരുമോ ? ഒരു ദേവനെ ഉപാസിച്ചാൽ ആ ദേവൻ നമുക്ക് ഏതെങ്കിലും തരത്തിലുള്ള കഷ്ടങ്ങൾ ഉണ്ടാക്കുമോ? എന്താണു സിദ്ധി? സിദ്ധികൾക്കു മുൻപുള്ള പരീക്ഷണങ്ങൾ എന്തൊക്കെയാണ്? സാധകനു വഴിമുടക്കിയായി നിൽക്കുന്ന വസ്തുക്കൾ എന്തെല്ലാം? ഇപ്രകാരം സാധനാ വഴിയിൽ ഒരു സാധകൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്യുകയാണ് ഈ പംക്തിയിലൂടെ.