"തെന്നാട്ടുടയ ശിവനേ പോറ്റ്റി
എന്നാട്ടവർക്കും ഇറൈവാ പോറ്റ്റി "
"ദക്ഷിണ ഭാരതീയരുടെ അഭിമാനമായ സിദ്ധാന്തത്തെ അരുളിയ സദാശിവൻ രക്ഷിക്കട്ടെ, എല്ലാ ദേശത്തുള്ളവരുടേയും നാഥനായ ഈശ്വരൻ രക്ഷിക്കട്ടെ"
തമിഴ്നാട്ടിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ഈ പ്രാർത്ഥന മുഴങ്ങി കേൾക്കാം. ദ്രാവിഡ മക്കൾക്ക് അത്രമേൽ അഭിമാനത്തിനു വക നല്കുന്ന ഒന്നാണു ശൈവ സിദ്ധാന്തം. ഭാരതീയ അദ്ധ്യാത്മിക ചരിത്രത്തിൽ അദ്വൈത ചിന്തയെ പ്രചരിപ്പിച്ചതിൽ വേദാന്തം വളർച്ച പ്രാപിക്കുന്നതിനും മുമ്പേ ആഗമ ശാസ്ത്രങ്ങളിലൂടെ അദ്വൈതത്തെ പ്രചരിപ്പിച്ചതിൽ ശൈവ മതം പ്രഥമ സ്മരണീയമായ ചിന്താ പദ്ധതിയാണ്.
ആഗമം ആദിഗുരുവായി കാണുന്ന സദാശിവന്റെ 5 മുഖങ്ങളിൽ നിന്നും പാർവ്വതിക്ക് ഉപദേശിക്കപ്പെട്ട 28 ശൈവ ആഗമങ്ങളിൽ നിന്നുമാണു ശൈവ സിദ്ധാന്തം ഉത്ഭവിക്കുന്നത്. സദാശിവൻ പാർവ്വതിക്കും, പിന്നീടു നന്ദികേശ്വരനും ഈ വിദ്യ ഉപദേശിച്ചു. നന്ദി എന്ന ശ്രീകണ്ഠ രുദ്രനിലൂടെ സിദ്ധനായ തിരുമൂലർ വഴിയാണ് ആഗമ സിദ്ധാന്ത ശാസ്ത്രങ്ങൾ ഭൂമിയിൽ അവതരിപ്പിക്കപ്പെട്ടത്.
പ്രസ്ഥാനത്രയങ്ങളിൽ നിന്നു രൂപംകൊണ്ട വൈദീക - വേദാന്ത മത പ്രചാര കാലത്തു ശൈവം ഒരു മതമായി രൂപാന്തരപ്പെട്ടു. അദ്വൈത വേദാന്തത്തെ ഖണ്ഡിച്ച്, വിശിഷ്ടാദ്വൈതവും, ദ്വൈതവും, ദ്വൈതാദ്വൈതവുമെല്ലാം പ്രചരിച്ച കാലത്തു വേദാന്ത ശാഖയോടു തത്തുല്ല്യം കിടപിടിക്കുന്ന തരത്തിൽ ശക്തമായി തീർന്നു ശൈവ സിദ്ധാന്ത ശാഖയും. പ്രസ്ഥാനത്രയങ്ങളെ ആധാരമാക്കിയാണു വിശിഷ്ടാദ്വൈതം തുടങ്ങിയ മതങ്ങൾ ഉണ്ടായതെങ്കിൽ, ആഗമ തന്ത്രശാസ്ത്രങ്ങളിൽ നിന്നാണു ശൈവ സിദ്ധാന്തം വളർച്ച പ്രാപിക്കുന്നത്.
വൈദീക കാലഘട്ടത്തിൽ മറ്റു മത ശാഖകൾ പ്രചരിക്കുന്ന കാലഘട്ടത്തിനനുസരിച്ചു ശൈവസിദ്ധാന്തം ദ്വൈതവും, ദ്വൈതാദ്വൈതവും ആയ പിരിവുകൾക്കു വിധേയമായിട്ടുണ്ട്. പിന്നീട് 64 നായന്മാരുടേതായ തമിഴ് ശൈവ ഭക്തി പ്രസ്ഥാനം തനതായ ഒരു സ്ഥാനം നേടിയെടുത്തപ്പോൾ ശൈവ സിദ്ധാന്തം ഉയരങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു. ചിദംബരത്തെ തില്ലൈ വാഴ് അന്തണർ എന്ന തില്ലൈ മൂവ്വായിരവർ, വൈദീക സമ്മിശ്രമായ സിദ്ധാന്തത്തെ, ശൈവമതത്തെ സംരക്ഷിച്ചു. ഇതു ശൈവം ഒരു പുരോഹിത മതമാകാനും, ശൈവദീക്ഷകൾ ബ്രാഹ്മണരിൽ മാത്രമായി ഒതുങ്ങാനും കാരണമായി. ബ്രാഹ്മണക്ഷേമത്തിനായി നിരവധി ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടു.
പിൽകാലഘട്ടത്തിൽ ശേക്കിഴാറിന്റെ പെരിയപുരാണത്തെയും നായന്മാരുടെ പാടലുകളേയും കൂട്ടിച്ചേർത്ത് ഉണ്ടായ മാറ്റത്തെയാണ് ഇന്നു നാം കാണുന്ന തമിഴ് ശൈവ സിദ്ധാന്തം എന്നു വിളിക്കുന്നത്. ഇപ്രകാരം ശൈവസിദ്ധാന്തത്തെ ചർച്ച ചെയ്യാതെ ശിവം എന്ന ഈ മാസിക സാർത്ഥകമാകുന്നില്ല.