മനുഷ്യകുലത്തിൽ ജനിച്ച എല്ലാവരും അപ്രീതിയോടെ മാത്രം കാണുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിലുണ്ട്. ദു:ഖം, കഷ്ടം, പ്രയാസം, ബാധ, പ്രശ്നം എന്നൊക്കെയാണു നമ്മളതിനെ വിളിക്കുക.
നമ്മളോട് അനുവാദം വാങ്ങിയിട്ടോ നമ്മൾ ആഗ്രഹിച്ചിട്ടോ അല്ല അവ വന്നെത്തുന്നത്. കഴിയാവുന്നത്ര അവയെ ഒഴിവാക്കാനാണു നാം ശ്രമിക്കുന്നത്, എങ്കിലും നമ്മൾ ആഗ്രഹിക്കുന്നതായ സുഖമയമായ ലോകത്തു കല്ലുകടിയായി അവ ഇടക്കിടക്കു വന്നു ചേർന്നു പത്തിവിരിച്ച് ആടാറുണ്ട്.
അടിസ്ഥാനപരമായി ദുഃഖത്തോടുള്ള അപ്രീതിയും സുഖത്തോടുള്ള പ്രീതിയും മനുഷ്യന്റെയെന്നു മാത്രമല്ല സമസ്ത പ്രാണിവർഗ്ഗത്തിന്റെയും സ്വഭാവമാണ്. നാം രാവിലെ മുതൽ വൈകിട്ടു വരെ അഥവാ പ്രവർത്തിക്കുന്ന അത്രയും കാലം, ലഭ്യമായ അത്രയും സുഖവൃദ്ധിയാഗ്രഹിക്കുന്നു. ഒപ്പം തന്നെ ദു:ഖത്തിന്റെ ലേശത്തോടു പോലും പ്രീതി പുലർത്തുന്നില്ല. മനുഷ്യന്റെ ഈ സ്വഭാവത്തെ ഉൾക്കൊണ്ടു കൊണ്ടാണ്, അവന്റെ സർവ്വതോമുഖമായ ആനന്ദലബ്ധിക്കായി ശാസ്ത്രങ്ങൾ രചിക്കപ്പെട്ടത്.
താനില്ലാതാവുക, അതല്ലെങ്കിൽ തനിക്കുള്ളത് ഇല്ലാതാവുക, ഇതും രണ്ടും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭയാവഹമാണ് (ഭയത്തെ ആവഹനം ചെയ്യുന്നത്). മനുഷ്യന്റെ ഈ ഭയത്തെ പടിപടിയായി ഇല്ലാതാക്കാനാണു ശാസ്ത്രം ആദ്യാവസാനം യത്നിക്കുന്നത്.
അതിനായി ജ്ഞാതമായ വസ്തുതകളെ വച്ചുകൊണ്ട് ജ്ഞേമായ വസ്തുതകളിലേക്കു വെളിച്ചം പകരാനുള്ള പദ്ധതിയാണു ദർശനങ്ങൾ. ഇവ ഒന്നാം ഘട്ടത്തിൽ ദുഖത്തെ നിരൂപണം ചെയ്ത് അതിന്റെ കാരണത്തെ കണ്ടെത്തുന്നു. രണ്ടാം ഘട്ടത്തിൽ സുഖത്തെയും സുഖ പ്രാപ്തിയുടെ ഉപായത്തെയും മുന്നോട്ടു വയ്ക്കുന്നു. ഒന്നാമത്തെ ഘട്ടത്തിൽ പരിഭ്രമിച്ചു നില്ക്കുന്ന മനുഷ്യ ചിത്തത്തെ ഉദ്ബോധനം ചെയ്തു രണ്ടാമത്തെ തലത്തിലേക്ക് ഉയർത്തുന്നു. ഈ ഉയർച്ചയുടെ പേരാണു സ്വർഗാരോഹണം. ദുഃഖമയമായ അടിത്തട്ടിൽ നിന്നു സുഖവിശിഷ്ടമായ മേല്ത്തട്ടിലേയ്ക്കുള്ള ചുവടുമാറ്റം. അതിനെ അനുഭവവേദ്യമാക്കി തരാനുളള തന്ത്രങ്ങളാണു ദർശനശാസ്ത്രം. അവയെ പരിചയപ്പെടുത്തുന്ന ഈ പംക്തിയിലൂടെ ഭാരതീയ ദർശനപദ്ധതികളുടെ മകുടമണിയായ സാംഖ്യത്തെ നമുക്കു പഠിക്കാം.