Article

ഡോ ആർ. രാമാനന്ദ്

Author

കാശ്മീര ശൈവ പരമ്പരയിലെ പ്രഗത്ഭരായ ആചാര്യന്മാരെല്ലാവരും അതീവ പ്രാധാന്യത്തോടെ സമീപിച്ച ഒരു ഗ്രന്ഥമാണു ശിവസൂത്രം. കാശ്മീരിലെ മാഹേന്ദ്രപർവതത്തിൽ സ്ഥിതിചെയ്യുന്ന ശങ്കരോപാലം എന്ന പാറയിൽ കൊത്തിവച്ച രീതിയിൽ ശൈവ യോഗിയായ വസുഗുപ്തനു വെളിപ്പെട്ടതാണ് 77 സൂത്രങ്ങളടങ്ങിയ ശിവസൂത്രങ്ങൾ. അതിബൃഹത്തായ ഒരു വൃക്ഷത്തെ ഉള്ളിലടക്കിയ വിത്തിനു സമമാണ് ഓരോ സൂത്രങ്ങളും. അവ ഓരോന്നും പരിധിയില്ലാത്ത വ്യാഖ്യാനത്തിന് ഉതകുന്നതാണ്.

പുരുഷൻ എന്ന പരിമിതമായ അവസ്ഥയിൽ നിന്നും ശിവാനുഭവത്തിലേയ്ക്കുള്ള യാത്രയിൽ ഒരു സാധകൻ കടന്നുപോകുന്ന വഴികളെയാണു ശിവസൂത്രം പറയുന്നത്. സൂക്ഷിക്കേണ്ടതായ ഇടങ്ങൾ, ശ്രദ്ധ നിലനിർത്തേണ്ടതായ തലങ്ങൾ, വിസ്മയാവഹമായ അനുഭവങ്ങൾ എന്നിങ്ങനെ ഒരു സാധകന്റെ സഞ്ചാരപാതയെ ശിവസൂത്രം വ്യക്തമായി വരച്ചുകാട്ടുന്നു. തന്ത്രത്തിലെ വ്യത്യസ്ത ചിന്താപദ്ധതികളായ ഭേദം, ഭേദാഭേദം, അഭേദം എന്നീ മൂന്നു ധാരയിലും ശിവസൂത്രം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് എന്നതിലൂടെ ആ ഗ്രന്ഥത്തിന്റെ സാർവത്രികതയെ നമുക്കു മനസ്സിലാക്കാം.

ഏതു മാർഗത്തിലൂടെയും ഒരു വ്യക്തിയ്ക്കു ശിവാനുഭവം ഉണ്ടാകാം. വർഷങ്ങളോ നിരവധി ജന്മങ്ങളോ നീണ്ട സാധനയുടെ ഫലമായോ, ക്ഷണമാത്രയിൽ സംഭവിക്കുന്ന ശക്തിപാതത്തിലൂടെയോ ഒക്കെ അതു സംഭവിക്കാം. ശിവസൂത്രം ഈ വ്യത്യസ്ത അനുഭവങ്ങളെ എല്ലാം തന്നെ സ്പർശിച്ചു കടന്നുപോകുന്നുണ്ട്. അതിനാൽ അതു കേവലം ഒരു വ്യക്തിയുടെ ഗവേഷണ-നിരീക്ഷണങ്ങളിൽ നിന്നും ഉണ്ടായ ഒരു സൃഷ്ടിയല്ല, മറിച്ചു ശുദ്ധബോധത്തിന്റെ ഔന്നത്യത്തിൽ നിന്നും ഒഴുകിയ അറിവുതന്നെയാണ് എന്നു നിസ്സംശയം പറയാം. ശൈവപദ്ധതിയുടെ പ്രകാശസ്രോതസ്സായ ശിവസൂത്രത്തെ ഈ പംക്തിയിലൂടെ വിശദമായി നമുക്കു മനസ്സിലാക്കാം.