Article

ഡോ ആർ. രാമാനന്ദ്

Author

മൂന്നുലോകങ്ങളിലും തർക്കരഹിതമായ ഒരു തത്ത്വമുണ്ടെങ്കിൽ അതു ഗുരുവാണ്.

ഭാരതീയ ആദ്ധ്യാത്മികധാരകൾ ഇത്രയേറെ പ്രാധാന്യം കൊടുത്ത ഒരു വാക്കോ സങ്കല്പമോ വേറെയില്ല. ആ സങ്കല്പത്തെ കുറിക്കുന്ന ഗുരു എന്ന പദം പോലും അനന്യമാണ്. ഗുരു എന്ന ശബ്ദത്തിന് ഒരു പര്യായമില്ല. ആ വാക്കിന്റെ ഘനത്തെ താങ്ങുവാനോ അതിന്റെ അർത്ഥവ്യാപ്തിയെ ഉൾക്കൊള്ളുവാനോ പോന്ന ഒരു പദവും മറ്റൊരു ഭാഷയിലും ഇല്ല. ടീച്ചർ എന്നും മാസ്റ്റർ എന്നും മറ്റും അതിനെ തർജ്ജമ ചെയ്തവർക്കു കാലാന്തരത്തിൽ നിരുപാധികം പരാജയം സമ്മതിക്കേണ്ടിവന്നിട്ടുണ്ട്.
 

എങ്ങനെയാണ് ഈ തത്ത്വം നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നത്? അതറിയണമെങ്കിൽ നമ്മുടെ യാത്രയെ കുറിച്ചറിയണം. നമ്മുടെ ഓരോ ചുവടുവയ്പും, ഓരോ ചലനവും ആനന്ദത്തെ അന്വേഷിച്ചുകൊണ്ടാണ്. പക്ഷെ നമുക്കു ലഭിക്കുന്നതാകട്ടെ, സന്തോഷം അഥവാ ദുഃഖം! ആത്മസാക്ഷാത്കാരത്താൽ മാത്രമേ നിസ്സീമമായ ആനന്ദം അനുഭവിക്കാൻ സാധിക്കൂ എന്നു മുൻപേ നടന്നവർ പറഞ്ഞുവച്ചു. അതിൽ വിപ്ലവകരമായ ഒരു സത്യം തുറന്നുപറഞ്ഞതു രമണമഹർഷിയാണ്. ഒരുവന്റെ ആത്മാവു തന്നെയാണത്രേ ഗുരു. അപ്പോൾ സാക്ഷാത്കരിക്കേണ്ടത് അരെയാണ്? ഗുരുവിനെ തന്നെ. പക്ഷെ വാക്കും മനസ്സും ചെന്നെത്താത്ത ആ ഇടത്തെ സാക്ഷാത്കരിക്കുന്നതെങ്ങനെ? അതിനായി ചിലർ ആത്മാന്വേഷിയുടെ പാതയിലെ വഴിവിളക്കുകളായും പിടിവള്ളികളായും നിലകൊണ്ടു. സാധകനെ ആത്മാന്വേഷണത്തിന്റെ പാതയിൽ കൈപിടിച്ചുനടത്തുന്ന ദിവ്യദേഹികളുടെ കനിവിനു നാം കൊടുത്ത പേരാണു ഗുരുപരമ്പര. ആത്മപ്രകാശത്തിന്റെ മൂർത്തരൂപമായ ശിവനിൽ തുടങ്ങി നമ്മളിൽ വരെ എത്തിനില്ക്കുന്ന ചങ്ങലയാണത്. പരമബോധത്തിൽ നിന്നും ഒഴുകിപ്പരന്ന നിരവധി സമ്പ്രദായങ്ങളിലായി ഏകമായ പൊരുളിലേയ്ക്കു വിരൽ ചൂണ്ടുന്ന അസംഖ്യം ഗുരുപരമ്പരകൾ ഇവിടെയുണ്ട്. ഗുരുപരമ്പര എന്ന ഈ പംക്തിയിലൂടെ നമുക്കു മുൻപേ നടന്നവരെക്കുറിച്ചു പഠിക്കാം. എത്ര മഹത്തരമായാണ് ഈ ചങ്ങലയിലെ കണ്ണികൾ കോർത്തിണക്കപ്പെട്ടിരിക്കുന്നത് എന്നറിയാം. അച്ഛനാര്, അമ്മയാര് എന്നല്ല, അറിയേണ്ടതു നമ്മളാര് എന്നതാണ് . അതിനു ഗുരു ആര് എന്നറിഞ്ഞേ മതിയാകൂ.